പ്രതീകാത്മ ചിത്രം | Photo: Mathrubhumi
റിയാദ്: കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന ജനതയെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമെന്ന കേരളസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി.
എന്നത്തേയും പോലെ, കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനങ്ങള്‍ക്ക് വാക്‌സിനും ഓക്‌സിജനും എത്തിക്കുന്നതിന് പകരം വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട അര്‍ഹമായ വാക്‌സിന്‍ പോലും സൗജന്യമായി ലഭ്യമാക്കാതെ, വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ ദാക്ഷിണ്യത്തിനായി ജനങ്ങളുടെ ജീവന്‍ എറിഞ്ഞുകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും അപലപനീയമെന്നും കേളി സെക്രട്ടറിയേറ്റിന്റെ പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്ത സൗജന്യ വാക്‌സിന്‍ എന്ന ഉറപ്പില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനത്തിന് ഈ തീരുമാനം കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പുറകോട്ട് പോകുന്ന ശീലം ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും, പ്രതിസന്ധി കാലത്ത് ജനങ്ങളെ ചേര്‍ത്തു പിടിക്കുന്ന ശീലം ഉപേക്ഷിക്കില്ലെന്നുമുള്ള പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്.
കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ആദ്യഘട്ടമായി റിയാദ് കേളി 1000 ഡോസ് വാക്‌സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ കേളി തീരുമാനിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തില്‍ നിന്ന് 'കോവിഡ് ചലഞ്ച്' ക്യാമ്പയിന്‍ വഴിയാണ് ഈ തുക കണ്ടെത്തുക. കോവിഡ് മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സഹകരിക്കാന്‍ പ്രവാസി സമൂഹത്തോട് കേളി അഭ്യര്‍ത്ഥിച്ചു.