ഫോട്ടോ | മാതൃഭൂമി ന്യൂസ്
റിയാദ്: പ്രവാസികളുടെ ക്ഷേമത്തിനും, പുനരധിവാസത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെ കേളി കലാസാംസ്‌കാരിക വേദി അഭിനന്ദിച്ചു. നവകേരള സൃഷ്ടിക്കുള്ള മറ്റൊരു ഉറച്ച ചുവടുവെപ്പായി, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒരു ജനകീയ ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കുകയും, അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തുന്ന അനേകം പ്രവാസികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രവാസികളുടെ സമാശ്വാസത്തിനായി 30 കോടിയും അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമനിധിയിലേക്ക് 9 കോടി അനുവദിച്ചതിന് പുറമേയാണിത്.
പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു കിട്ടുക എന്ന പ്രവാസികളുടെ മറ്റൊരാവശ്യവും ധനമന്ത്രി ഈ ബജറ്റില്‍ കാര്യമായി തന്നെ പരിഗണിച്ചു. വിദേശത്തുള്ളവരുടേത് 3500 രൂപയായും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടേത് 3000 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. വിദേശത്തുള്ളവര്‍ അടക്കേണ്ട അംശദായം 350 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ സാമ്പത്തിക ആഘാതത്തില്‍ സംസ്ഥാനം ഉഴലുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണവും, കാര്യമായ സാമ്പത്തിക സഹായവും ഇല്ലാതിരുന്നിട്ടും, സാമൂഹിക പെന്‍ഷന്‍ 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് പോലുള്ള ജനക്ഷേമകരമായ നടപടികള്‍ ബജറ്റില്‍ കൈക്കൊണ്ട സര്‍ക്കാരിനെ തന്നെ കേരളത്തിലെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.