കർഷക പ്രതിഷേധത്തിൽനിന്ന്| Photo:PTI
റിയാദ്: പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെമ്പാടും കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് പരിപൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി. നാല്‍പത് ദിവസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്.
കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തുടങ്ങിവെച്ച ആഗോള-ഉദാരവല്‍ക്കരണ നയങ്ങള്‍ അനേകം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനല്ല മറിച്ച് ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ഏജന്റുമാരായി കേന്ദ്ര സര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണെന്നും കേളി ആരോപിച്ചു.
കര്‍ഷകദ്രോഹ നിയമത്തിനെതിരെ സമരം ചെയ്യുന്ന മുഴുവന്‍ ജനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും, അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്നും കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.