കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവ്, മുഹമ്മദ് ആദിലിന് നൽകിയപ്പോൾ
റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019- 20) കൊല്ലം പട്ടാഴിയില്‍ നടന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി റൗദ ഏരിയ അംഗമായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആദിലിനാണ് പുരസ്‌കാരം കൈമാറിയത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
ആദിലിന്റെ പട്ടാഴി വടക്കേക്കര വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവാണ് പുരസ്‌കാരം കൈമാറിയത്. കേളി മുന്‍ അംഗവും, കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള പ്രവാസി സംഘം മേഖലാ സെക്രട്ടറി നൈസാം അധ്യക്ഷത വഹിച്ചു. സിപിഐ എം ബ്രാഞ്ച് അംഗങ്ങളായ രാമചന്ദ്രന്‍ പട്ടാഴി, കിഷോര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മുഹമ്മദ് ആദില്‍ നന്ദി പറഞ്ഞു.