റിയാദ്: വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിച്ച് ഹിന്ദുത്വ വോട്ടുകള്‍ നേടി അധികാരം കൈയ്യടക്കുന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണം കേരളത്തില്‍ വിലപ്പോകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ജെ.തോമസ്.
ശബരിമലയെ കൂട്ടുപിടിച്ച് ആചാരങ്ങളുടെ പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ നടത്താനിരുന്ന കലാപം ഇതില്‍ അവസാനത്തേത് മാത്രമാണെന്നും, കേരളജനത ഇത് മനസ്സിലാക്കി തള്ളിക്കളഞ്ഞതില്‍ നിന്നും ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും കെ.ജെ തോമസ് അഭിപ്രായപ്പെട്ടു.. റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദിയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷതവഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരി ആമുഖ പ്രസംഗം നടത്തി.സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ സതീഷ്‌കുമാര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവന്‍, കേളി ജോ.സെക്രട്ടറി മെഹറൂഫ് പൊന്യം, വൈസ് പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ജോ.ട്രഷറര്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍, വിവിധ ഏരിയകളിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണയോഗത്തില്‍ പങ്കാളികളായി.
Content Highlights: riyadh keli meeting in riyadh