ജെ.എന്‍.യു ഇടതു വിദ്യാര്‍ഥി വിജയം സംഘപരിവാറിനുള്ള താക്കീത്: റിയാദ് കേളി


1 min read
Read later
Print
Share

റിയാദ്: ധൈഷണിക അക്കാദമിക് ഇന്ത്യയുടെ പരിച്ഛേദമായ ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യത്തിന് കേളി കലാ സാംസ്‌കാരിക വേദി അഭിവാദ്യമര്‍പ്പിക്കുന്നതായി കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള വലതുപക്ഷ കടന്നാക്രമണം ചെറുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ് എഫ് ഐ ഡി എസ് എഫ് ഐസ എ ഐ എസ് എഫ് എന്നീ സംഘടനകളുടെ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കടുത്ത വര്‍ഗ്ഗീയതയും തീവ്ര ദേശീയതയും ഉണര്‍ത്തി കേന്ദ്രത്തില്‍ രണ്ടാമതും ഭരണത്തില്‍ എത്തിയതിനു ശേഷം രാജ്യത്തെ ഭരണഘടനയും, ജനാധിപത്യവും, മതനിരപേക്ഷതയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കുള്ള ശക്തമായ താക്കീതാണ് ജെ എന്‍ യു വിദ്യാര്‍ഥികളുടെ വിധിയെഴുത്ത്.

ജെഎന്‍യു വിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ കോഴ്‌സുകള്‍ തുടങ്ങുക, അവയില്‍ എബിവിപിക്കാരെ തിരുകിക്കയറ്റുക, ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരെ കായികമായി നേരിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങി സംഘപരിവാറിന്റെ ഒത്താശയോടെ വിദ്യാര്‍ഥി യൂണിയന്‍ പിടിച്ചടക്കാനുള്ള എബിവിപിയുടെ എല്ലാ കുതന്ത്രങ്ങളെയും മറികടന്നാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ മിന്നുന്ന വിജയം നേടിയതെന്ന് കേളി സെക്രട്ടറിയറ്റ് വിലയിരുത്തി.

ഉന്നത വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രതിഷേധിച്ച 48 അധ്യാപകര്‍ക്ക് സര്‍വ്വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും, റോമീല ഥാപ്പര്‍, ടി കെ ഉമ്മര്‍ അടക്കം ജെഎന്‍യുവിലെ 12 എമേറിറ്റ്‌സ് പ്രൊഫസ്സര്‍മാരെ ബയോ ഡാറ്റ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അപമാനിച്ചതും, ജമ്മു കാശ്മീരിലെ ഭരണഘടനാ വിരുദ്ധമായ നടപടിയും, അസ്സമിലെ 19 ലക്ഷം പേര്‍ക്ക് പൌരത്വം നിഷേധിച്ചതുമായ നിരവധി ആനുകാലിക വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയതാണ് ഇത്ര മികച്ച വിജയം നേടാന്‍ ഇടത് സഖ്യത്തെ സഹായിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram