ഐ.എസ്. ബന്ധം: ഖത്തറിലുണ്ടായിരുന്ന മലയാളിയെ എൻ.ഐ.എ. വിളിച്ചുവരുത്തുന്നു


1 min read
Read later
Print
Share

കൊച്ചി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി(ഐ.എസ്.) ബന്ധമുണ്ടെന്ന സംശയത്തിൽ ഖത്തറിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) വിളിച്ചുവരുത്തുന്നു. കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് വിളിച്ചുവരുത്തുന്നത്.

ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസിൽ ഇയാളെ പതിനെട്ടാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. ഫൈസലിനോട് നാട്ടിലെത്തി കീഴടങ്ങാൻ ബന്ധുക്കൾ മുഖേന ആവശ്യപ്പെട്ടു. ഫൈസൽ എത്തിയാലുടൻ ചോദ്യംചെയ്യാനാണ് എൻ.ഐ.എ.യുടെ ശ്രമം.

കേരളത്തിൽ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയ സംഘത്തിൽ ഫൈസലും അംഗമായിരുന്നെന്നാണ് എൻ.ഐ.എ. പറയുന്നത്. ഐ.എസ്. ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറായിരുന്നു സംഘത്തിന്റെ നേതാവ്. റിയാസും ഫൈസലും പലതവണ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ചങ്ങൻകുളങ്ങരയിൽ ഫൈസലിന്റെ കുടുംബം താമസിക്കുന്ന വീട്ടിലെത്തി കഴിഞ്ഞദിവസം പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. ഇയാളുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയിരുന്ന ചിലരും നിരീക്ഷണത്തിലാണ്. ഇതിൽ ഒരു യുവതിയുമുണ്ടെന്നാണ് സൂചന.

കേരളത്തിൽ ഏതുവിധേനയും സ്ഫോടനങ്ങൾ നടത്താനുള്ള ആസൂത്രിതശ്രമങ്ങളുമായി ഭീകരർ സുസജ്ജരാകുന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് എൻ.ഐ.എ. അന്വേഷണം ശക്തമാക്കിയത്.

കാസർകോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഐ.എസിൽ ചേർക്കാൻ ശ്രമങ്ങൾ തുടരുന്നതായാണ് കണ്ടെത്തൽ. ഫൈസലിനെ ചോദ്യംചെയ്താൽ ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസിൽ നിർണായകമായ പല വിവരങ്ങളും ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram