ടാക്‌സി നിരക്ക് വര്‍ധിച്ചത് ഇന്ധന, പ്രവര്‍ത്തന ചെലവുകള്‍ കൂടിയതിനാല്‍ -മൂവസലാത്ത്‌


2 min read
Read later
Print
Share

ദോഹ: ഇന്ധനവില വര്‍ധനയും ഉയര്‍ന്ന പ്രവര്‍ത്തന ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നിരക്ക് വര്‍ധനയുമാണ് കര്‍വ ടാക്‌സിയുടെ നാമമാത്രമായ നിരക്ക് വര്‍ധനയ്ക്ക് കാരണമായതെന്ന് പൊതുഗതാഗത കമ്പനിയായ മൂവസലാത്ത്.

ഫെബ്രുവരി ഒന്നുമുതലാണ് കര്‍വ ടാക്‌സിനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നത്. യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനാണ് ടാക്‌സി നിരക്ക് പരിഷ്‌കരിച്ചത്.

സാങ്കേതിക സര്‍വീസ് നിരക്ക് ഒരു റിയാല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മിനിമം നിരക്ക് 11 റിയാലാക്കിയാണ് ഉയര്‍ത്തിയത്. നേരത്തേ മിനിമം നിരക്ക് 10 റിയാലായിരുന്നു.

ദോഹ നഗരത്തിനുള്ളില്‍ ഒരു കിലോമീറ്ററിന് 1.20 റിയാല്‍ എന്നത് 1.60 റിയാലാക്കിയും വര്‍ധിപ്പിച്ചു. നഗരത്തിനകത്തും പുറത്തും രാത്രിയാത്രയ്ക്ക് കിലോമീറ്ററിന് 1.80 എന്നത് 1.90 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫ്‌ളാഗ് ഫാള്‍ നിരക്ക് നാല് റിയാലാണ്.

അതേസമയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിക്കപ്പ് നിരക്ക് 25 റിയാലായി തുടരും. ദോഹ നഗരത്തിനുള്ളിലെ യാത്രയ്ക്ക് കര്‍വ ബുക്ക് ചെയ്യാനുള്ള നിരക്ക് അഞ്ച് റിയാലാണ്. ദോഹ നഗരത്തില്‍നിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിങ് നിരക്ക് ഒരു യാത്രയ്ക്ക് എട്ട് റിയാലാണ്.

15 മിനിറ്റ് വെയിറ്റിങ് ചാര്‍ജ് എട്ട് റിയാലാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം യാത്രയില്‍ മീറ്റര്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ സൗജന്യമായി യാത്രചെയ്യാം. പുതിയ നിരക്കിന്റെ വിശദാംശങ്ങള്‍ എല്ലാ കര്‍വ ടാക്‌സികളുടെയും വശങ്ങളിലെ ജനലുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

മൂവസലാത്തിന്റെ നേരിട്ടുള്ളതും നാല് ഏജന്‍സികളുടെയും കര്‍വ ടാക്‌സികളാണ് സര്‍വീസ് നടത്തുന്നത്. കര്‍വ ടാക്‌സി മൊബൈല്‍ ആപ്ലിക്കേഷനും മൊബൈലില്‍ ലഭിക്കും.

ലിമോസിന്‍ കാറുകളും ഈ ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യാം. ആപ്ലിക്കേഷന്‍ വഴി ടാക്‌സി സേവനം ബുക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഡ്രൈവറുടെ നമ്പര്‍ എസ്.എം.എസ്. വഴി ലഭിക്കും.

ആപ്ലിക്കേഷന്‍ വഴി വാഹനത്തിന്റെ ലൊക്കേഷന്‍ കണ്ടെത്താനും യാത്രക്കാരന് കഴിയും. ഹമദ് വിമാനത്താവളം അറൈവല്‍ ഭാഗത്തും 24 മണിക്കൂറും കര്‍വ ടാക്‌സി ലഭിക്കും.

ജനസംഖ്യാവര്‍ധന കണക്കിലെടുത്ത് ടാക്‌സികളുടെ എണ്ണം വര്‍ധിപ്പിക്കാനായി അഞ്ചാമത് ടാക്‌സി ഏജന്‍സിക്കുള്ള ടെന്‍ഡറും അടുത്തിടെ വിളിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram