ഖത്തറിനെ മികച്ച നിക്ഷേപകേന്ദ്രമാക്കാന്‍ ലോജിസ്റ്റിക് പദ്ധതി


2 min read
Read later
Print
Share

ഖത്തര്‍ ദേശീയദര്‍ശന രേഖ -2030 അനുസരിച്ചുള്ള വികസനപദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഫലപ്രദമാക്കുകയും ചെയ്യും.

ദോഹ: ഖത്തറിനെ മികച്ച നിക്ഷേപ-ലോജിസ്റ്റിക് കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ തെക്കന്‍പ്രദേശങ്ങളില്‍ വന്‍കിടവികസന- ലോജിസ്റ്റിക് പദ്ധതികള്‍ പുരോഗതിയില്‍.

തെക്കന്‍മേഖലയിലെ പുതിയ ലോജിസ്റ്റിക് കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനും സ്വകാര്യ മേഖലയിലെ മത്സരം പിന്തുണയ്ക്കാനും വാണിജ്യഇടപാടുകള്‍ വര്‍ധിപ്പിക്കാനുമെല്ലാം വഴിയൊരുക്കും. ഹൈഡ്രോകാര്‍ബണ്‍ ഇതരനിക്ഷേപങ്ങളുടെ വൈവിധ്യവത്കരണവും ഇതിലൂടെ സാധ്യമാകും.

ലോജിസ്റ്റിക് മേഖലയിലെ വികസനപദ്ധതികള്‍ ഏകദേശം മൂവ്വായിരംകോടി റിയാലിന്റെ നേരിട്ടുള്ള നിക്ഷേപത്തെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. ഭരണാധികാരികളുടെ മാര്‍ഗനിര്‍ദേശത്തിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ നിക്ഷേപത്തിനും ലോജിസ്റ്റിക് സേവനങ്ങള്‍ക്കുമുള്ള മേഖലയിലെ പ്രധാനകേന്ദ്രമായി ഖത്തര്‍ മാറും. മാത്രമല്ല വ്യാപാരമേഖലയിലെ മത്സരക്ഷമത വര്‍ധിപ്പിക്കും. ഖത്തര്‍ ദേശീയദര്‍ശന രേഖ -2030 അനുസരിച്ചുള്ള വികസനപദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഫലപ്രദമാക്കുകയും ചെയ്യും.

ചെറുതും വലുതുമായ എല്ലാ വിഭാഗത്തിലുമുള്ള നിക്ഷേപകരുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ലോജിസ്റ്റിക് കമ്മിറ്റി പൊതുനയം തയ്യാറാക്കുന്നത്. ചെറുകിട നിക്ഷേപകരേയും പദ്ധതിയില്‍ പങ്കാളികളാക്കും. 2018 മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാകും. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ലോജിസ്റ്റിക് മേഖലയെ വികസിപ്പിക്കുകയും 2022 ലോകകപ്പ് ഫുട്‌ബോളിന് മുമ്പായി നിക്ഷേപഅവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

തെക്കന്‍ മേഖലയിലെ പുതിയ ലോജിസ്റ്റിക് കേന്ദ്രത്തിനുള്ള പ്ലോട്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലാകമ്പനിയായ മനാടെക്കുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. പുതിയ പദ്ധതിയിലൂടെ രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ലഭിക്കും.

പദ്ധതിക്ക് കൂടുതല്‍ ഭൂമി

അല്‍ വഖ്‌റ, ബെര്‍കാത് അല്‍ അവാമെര്‍, അബ അല്‍ സലില്‍ എന്നിവിടങ്ങളില്‍ പദ്ധതിക്ക് ഭൂമി അനുവദിച്ചു. 63,30,907 ചതുരശ്രമീറ്ററില്‍ ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങളോടും സേവനസൗകര്യങ്ങളോടും കൂടിയതാണ് പദ്ധതി. 119 പ്ലോട്ടുകളാണ് നിക്ഷേപകര്‍ക്ക് അനുവദിക്കുന്നത്. ഇതിനായി അനുവദിച്ചിരിക്കുന്ന ഭൂമിയില്‍ അഞ്ചുശതമാനം വാണിജ്യ ശാലകള്‍ക്കായും ആറ്് ശതമാനം തൊഴിലാളി -പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായും പത്ത് ശതമാനം ഭരണനിര്‍വഹണ ഓഫീസുകള്‍ക്കായുമാണ് നീക്കിവെച്ചിരിക്കുന്നത്. അസംബ്ലിയൂണിറ്റ്, കോള്‍ഡ്‌സ്റ്റോറേജ്, ഷോറൂമുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഓഫീസുകള്‍, ലേബര്‍ക്യാമ്പ്, വര്‍ക്ക്‌ഷോപ്പ്, സേവനകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, ഭക്ഷ്യസംഭരണശാല, ഗാരേജ്, വസ്ത്രവിപണനശാല തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക.

റോഡ്, വൈദ്യുതിവിതരണം, ജലവിതരണം, അഗ്നിശമനസംവിധാനം, സിവില്‍ഡിഫെന്‍സ്, വാഹനപാര്‍ക്കിങ്സ്ഥലം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആസ്​പത്രികള്‍ എന്നിവയും ഒരുക്കും. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം, പോസ്റ്റ്ഓഫീസ്, പോലീസ് സ്റ്റേഷന്‍, പെട്രോള്‍സ്റ്റേഷന്‍, പള്ളി, ഫാര്‍മസികള്‍ എന്നിവയുമുണ്ടാകും. ചതുരശ്രമീറ്ററിന് പ്രതിവര്‍ഷം 40 റിയാല്‍ വീതമാണ് നിക്ഷേപകര്‍ നല്‍കേണ്ടതെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. 30വര്‍ഷത്തെ പാട്ടക്കരാറുകളാണുണ്ടാക്കുക. മൂന്നുവര്‍ഷം കൂടുമ്പോള്‍ വാടകയില്‍ അഞ്ചുശതമാനം വര്‍ധനയുണ്ടാകും. വാടക എല്ലാ ആറുമാസം കൂടുമ്പോഴും അടയ്ക്കുകയുംവേണം. 2018 മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram