ദോഹ: രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളില്‍ വാഹനങ്ങളുടെനിര നീളുന്നതോടെ കൂടുതല്‍ പെട്രോള്‍ സ്റ്റേഷനെന്ന ആവശ്യം ശക്തമാകുന്നു. ചില പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി വുകൂദ് അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളും അടച്ചതോടെയാണ് അടിയന്തരമായ സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമായത്.
ദോഹയിലും പരിസരപ്രദേശങ്ങളിലുമുള്ള പെട്രോള്‍ സ്റ്റേഷനുകളില്‍ ഏറെനേരം കാത്തുകിടന്ന ശേഷമാണ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നത്. പെട്രോള്‍ സ്റ്റേഷനുകളില്‍നിന്ന് പുറത്തേക്ക് പ്രധാന റോഡുകളിലേക്ക് വരെ നീളുന്ന വാഹനങ്ങളുടെ നിരയാണ് ഒട്ടുമിക്കസ്ഥലത്തും കാണാന്‍ കഴിയുക. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് പര്യാപ്തമായ പെട്രോള്‍ സ്റ്റേഷനുകളില്ലാത്തത് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് വാഹനയുടമകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകുന്നത് വരെ സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങിയാല്‍മാത്രമേ നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുകയുള്ളൂ.
പകല്‍ തിരക്കേറിയ സമയങ്ങളില്‍ ഇന്ധനംനിറയ്ക്കാന്‍ ഏറെ കാത്തിരിക്കണമെന്നതിനാല്‍ പുലര്‍ച്ചയും രാത്രി വൈകിയുമൊക്കെയാണ് ഒട്ടുമിക്കവരും ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷനിലെത്തുന്നത്. നിരവധി പെട്രോള്‍ സ്റ്റേഷനുകള്‍ ദോഹയുടെ വിവിധസ്ഥലങ്ങളില്‍ അടച്ചതോടെ ദീര്‍ഘദൂരപാതകളില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഡി-റിങ്, സി-റിങ് റോഡുകളിലും ഇതേ അവസ്ഥയാണ്. രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങളിലായി 25 സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനും 50 സ്ഥിര പെട്രോള്‍ സ്റ്റേഷനുകളും ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്നാണ് വകൂദ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.