ദോഹ: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി.എം.സി).
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ദോഹയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഖത്തര്‍ ഫ്യുവലിന്റെ (വുകൂദ്) സുരക്ഷാ മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്റ്റേഷനുകള്‍ നവീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ മേഖലയില്‍ എട്ടുവര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന രണ്ട് പെട്രോള്‍ സ്റ്റേഷനുകളുണ്ടെന്നും അവ താമസക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നും സി.എം.സി. അംഗം ഹമദ് ബിന്‍ ഖാലിദ് അല്‍ ഖുബെയ്‌സി പറഞ്ഞു.
അടച്ചിട്ടിരിക്കുന്ന സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി നിശ്ചിത സമയപരിധി നിര്‍ദേശിക്കണമെന്നും അല്‍ ഖുബെയ്‌സി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളില്‍ പുനരാരംഭിക്കാത്ത പെട്രോള്‍ സ്റ്റേഷനുകളുടെ ലൈസന്‍സ് പിന്‍വലിക്കണമെന്നു അല്‍ ഖുബെയ്‌സി പറഞ്ഞു.
സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളുടെ നവീകരണത്തിന് കൂടുതല്‍ സമയം എടുക്കുന്നത് സംബന്ധിച്ച് മറ്റ് അംഗങ്ങളും വിമര്‍ശിച്ചു. ഏതാനും പെട്രോള്‍ സ്റ്റേഷനുകള്‍ ഇപ്പോള്‍ വാണിജ്യ സ്ഥാപനങ്ങളും ഭക്ഷണശാലകളുമായി പ്രവര്‍ത്തിക്കുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത് തിരക്ക് കൂട്ടാന്‍ കാരണമാകുമെന്നും അംഗങ്ങള്‍ പറഞ്ഞു. പെട്രോള്‍ സ്റ്റേഷനുകളുടെ മേല്‍ കൂടുതല്‍ മേല്‍നോട്ടം അനിവാര്യമാണെന്നും അല്‍ ഷഹാനിയ കൗണ്‍സില്‍ താഫെര്‍ അല്‍ ഹജ്രി പറഞ്ഞു.
പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കാന്‍ കാലതാമസം എടുക്കുന്നത് കൂടുതല്‍ ലാഭകരമാകുന്ന വാണിജ്യ സ്ഥാപനങ്ങളാക്കി നവീകരിക്കുന്നതിനാണെന്നും ഹജ്രി പറഞ്ഞു. പെട്രോള്‍ സ്റ്റേഷനുകളില്‍ വുകൂദിന്റെ സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ലക്ഷക്കണക്കിന് റിയാല്‍ ചെലവ് വരുമെന്നതാണ് പെട്രോള്‍ സ്റ്റേഷനുകളില്‍ വാണിജ്യ സ്ഥാപനങ്ങളും ആരംഭിക്കുന്നത്.
അതേസമയം പെട്രോള്‍ സ്റ്റേഷനുകളില്‍ പെട്രോള്‍ നിറയ്ക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങള്‍ക്കുമായി പ്രത്യേക കവാടം നിര്‍മിക്കാന്‍ കൗണ്‍സില്‍ അംഗം ഫാത്തിമ അല്‍ ഖുവാരി പറഞ്ഞു. പെട്രോള്‍ സ്റ്റേഷനുകളില്‍ ഭക്ഷണശാലകള്‍ നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
പെട്രോള്‍ സ്റ്റേഷനുകളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലുള്ള ആശങ്കയും അംഗങ്ങള്‍ പങ്കുവെച്ചു. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനും ഷോപ്പിങ്ങിനും പെട്രോള്‍ സ്റ്റേഷനുകളിലെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തും.
പെട്രോള്‍ സ്റ്റേഷനുകളിലെ വാണിജ്യ സ്ഥാപനങ്ങളുടേയും ഭക്ഷണശാലയുടേയും എണ്ണം നിയന്ത്രിക്കണമെന്നും ഇതിലൂടെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും സി.എം.സി. അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹമദ് ബിന്‍ ഖാലിദ് അല്‍ ഖുബെയ്‌സിയുടെ ശുപാര്‍ശകള്‍ കൂടുതല്‍ ചര്‍ച്ചക്കായി സി.എം.സിയുടെ പബ്ലിക് സര്‍വീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിക്ക് കൈമാറി.