ദോഹ: സൈബര്‍ ഹാക്കര്‍മാരുടെ ചതിക്കുഴിയില്‍ വീഴാതെ രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം.വ്യക്തികളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കരുതെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വിവരങ്ങള്‍ അശ്രദ്ധമായി പങ്കുവെയ്ക്കരുത്. എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും സുരക്ഷിതമായി സി.ഡി.യിലോ ഫ്‌ളാഷ്‌ഡ്രൈവുകളിലോ എസ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളിലോ സൂക്ഷിക്കണം. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ആധുനിക സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍വകുപ്പ് തലവന്‍ കേണല്‍ അലി ഹസന്‍ അല്‍ ഖുബൈസി പറഞ്ഞു. ഏറ്റവും നൂതന സംവിധാനങ്ങളുടെ സഹായത്തോടെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. സാങ്കേതികവളര്‍ച്ച സൈബര്‍ കുറ്റവാളികള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ സാങ്കേതികവിദ്യകള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് മുഖേന ബ്ലാക്ക്‌മെയിലിനോ ഭീഷണിപ്പെടുത്തുന്നതിനോ ശ്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷം റിയാല്‍വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ സുരക്ഷാവിഭാഗങ്ങളുമായി ബന്ധപ്പെടണം. മെട്രാഷ് 2 മുഖേനയും 66815757 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ബന്ധപ്പെടാം.