ബഹ്‌റൈനില്‍ ഫോര്‍മുലാ വണ്‍ കാറോട്ടമത്സരത്തിന് തുടക്കമായി


By

1 min read
Read later
Print
Share

മനാമ: ഫോര്‍മുലാ വണ്‍ കാറോട്ടമത്സരത്തിന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടക്കമായി. ഇന്നലെ പരിശീലനമത്സരങ്ങളാണ് അരങ്ങേറിയത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും കുറ്റമറ്റ രീതിയില്‍ റാലി പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണെന്ന് സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇസാ അല്‍ ഖലീഫ പറഞ്ഞു. ഇത്തവണയും രാത്രിമത്സരമായതിനാല്‍ റെക്കോര്‍ഡ് കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇന്നലെ സര്‍ക്യൂട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ബഹ്‌റൈന്‍ ഉത്സവലഹരിയിലാണ്. രാജ്യത്തെ തെരുവോരങ്ങളില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ദേശീയപതാകകള്‍ ഒരു മാസം മുമ്പുതന്നെ നിരന്നുകഴിഞ്ഞു.

റാലി വീക്ഷിക്കാനെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറും വിമാനത്താവളത്തില്‍നിന്ന് സര്‍ക്യൂട്ടിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജെറ്റുകളും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളും നാളെയായിരിക്കും കൂടുതലായെത്തുക.

സര്‍ക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വണ്‍ വില്ലേജില്‍ കാണികള്‍ക്കായി വിനോദപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൃത്ത-സംഗീതകാരന്മാരും രാജ്യത്തെത്തിയിട്ടുണ്ട്.

ബഹ്‌റൈന്റെ എല്ലാ വീഥികളിലും പ്രത്യേകിച്ച് സര്‍ക്യൂട്ടിലേക്കുള്ള വാഹനങ്ങളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ട്രാഫിക് സംവിധാനങ്ങളില്‍ പാളിച്ചയുണ്ടാകാതിരിക്കുവാനുള്ള മുന്‍കരുതലുകളും അധികൃതര്‍ എടുത്തിട്ടുണ്ട്. ഫോര്‍മുലാ വണ്‍ ടിക്കറ്റുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഉടനടി സന്ദര്‍ശകവിസ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി സര്‍ക്യൂട്ട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിസ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. നൂറുകണക്കിനു വിദേശ മാധ്യമപ്രവര്‍ത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോര്‍ട്ടു ചെയ്യാനായി രാജ്യത്തെത്തിയിട്ടുള്ളത്. ഗ്രാന്റ് പ്രീ സുരക്ഷിതമായി നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പബ്‌ളിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram