മത്സ്യബന്ധനത്തിന് ശേഷം വല കടലില്‍ ഉപേക്ഷിക്കുന്നത് മത്സ്യസമ്പത്ത് നശിക്കാനിടയാക്കുന്നു
1 min read
Read later
Print
Share
More
More
മുട്ടയിടാന്‍ കടലാമകള്‍ ഖത്തര്‍ തീരത്തെത്തുന്ന കാലമാണിത്. കടലിലും തീരത്തും വല ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്നത് അവയെ അകറ്റുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.
ദോഹ: മത്സ്യബന്ധനത്തിന് ശേഷം വല കടലില്‍ ഉപേക്ഷിക്കുന്നത് മത്സ്യസമ്പത്ത് നശിക്കാനിടയാക്കുന്നു. ഇത്തരത്തില്‍ ഉപേക്ഷിച്ച നൈലോണ്‍ വലകള്‍ കഴിഞ്ഞ ദിവസം അല്‍ വഖ്‌റയില്‍ നിന്നും അല്‍ ഖോറില്‍ നിന്നും മറൈന്‍ യൂണിറ്റ് പിടിച്ചെടുത്തു. ഇത്തരം വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നത് ജലവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വല എന്‍ജിന്‍ ഭാഗത്ത് കുടുങ്ങി ബോട്ടുകളും മറ്റും തകരാറിലാകാറുണ്ട്. ഉപേക്ഷിക്കപ്പെടുന്ന വല കടലില്‍ അലക്ഷ്യമായി ഒഴുകി നടക്കുകയാണ് ചെയ്യുന്നത്. അതില്‍ മീനും ഞണ്ടും കടലാമകളും കുടുങ്ങുന്നതും പതിവാണ്. വലയില്‍ കുടുങ്ങി അവ ചീഞ്ഞളിയുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നവും ഗുരുതരമാണ്.
മുട്ടയിടാന്‍ കടലാമകള്‍ ഖത്തര്‍ തീരത്തെത്തുന്ന കാലമാണിത്. കടലിലും തീരത്തും വല ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്നത് അവയെ അകറ്റുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. വലയില്‍ ആദ്യം കുടുങ്ങുക മീനുകളാണ്. അവ ചത്തുകഴിയുമ്പോള്‍ അവയെ തിന്നാന്‍ ഞണ്ടുകള്‍ കൂട്ടമായി എത്തും. അവയും വ്യാപകമായി വലക്കെണിയില്‍ കുടുങ്ങി ചാകും. അതും കഴിഞ്ഞാണ് ആമകള്‍ എത്തുക. അവയും അതില്‍ കുടുങ്ങി ചാകുന്നത് പതിവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഖത്തറില്‍ പല തീരത്തും മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ട്.
കടലാമകളും ഞണ്ടുകളും ഉള്‍പ്പെടെയുള്ള കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും വേണ്ടിയാണിത്. പരിസ്ഥിതി നിയമ ലംഘനത്തിന് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷയാണ് രാജ്യം നല്‍കുന്നത്.