നിക്ഷേപം ആകര്‍ഷിക്കാന്‍ പുതിയ കരാര്‍നിയമം ഉടന്‍


1 min read
Read later
Print
Share

ദോഹ: നിക്ഷേപസൗഹൃദ വ്യാപാരക്കരാര്‍ നിയമം അടുത്ത വര്‍ഷം പകുതിയോടെ നടപ്പാക്കുമെന്ന് നിയമമന്ത്രി ഹസ്സന്‍ ലാദന്‍ സഖര്‍ അല്‍ മൊഹന്നദി പറഞ്ഞു. രാജ്യത്തിനകത്തെ നിക്ഷേപവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ലോയേഴ്‌സ് ആന്‍ഡ് ആര്‍ബിറ്റേര്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിലവാരം അനുസരിച്ചായിരിക്കും പുതിയ നിയമം. ഖത്തറിനെ മധ്യപൂര്‍വേഷ്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാക്കി തീര്‍ക്കുന്നതിന് നിയമം ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപത്തിനും വ്യാപാരത്തിനും തടസ്സമായിനില്‍ക്കുന്ന വ്യവസ്ഥകള്‍ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിനാസ് കച്ചദൂരിയന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് വളരെവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണമേഖലയില്‍ വെല്ലുവിളികള്‍ നേരിടാതെ നോക്കേണ്ടതുണ്ട്. അതിനാവശ്യമായ തരത്തില്‍ നിയമങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ നിക്ഷേപം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജി.സി.സി. രാജ്യങ്ങളില്‍ മികച്ച നിക്ഷേപത്തിനുള്ള സ്ഥലമായി അതോടെ ഖത്തര്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ ആകെ പുതിയ നിയമം ബാധകമാക്കാന്‍ ജി.സി.സി. രാജ്യങ്ങളിലെ പ്രതിനിധികള്‍ താത്പര്യം പ്രകടിപ്പിച്ചതായും മിനാസ് കച്ചദൂരിയന്‍ പറഞ്ഞു. ജി.സി.സി. ലോയേഴ്‌സ് യൂണിയന്‍ രൂപവത്കരിക്കാനുള്ള തീരുമാനവും യോഗം ചര്‍ച്ചചെയ്തു.മേഖലയിലെ നിക്ഷേപം കൂട്ടുന്നതിന് ജി.സി.സി. രാജ്യങ്ങള്‍ പുതിയ നിയമം നിര്‍മിക്കേണ്ട സമയമാണിതെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ അലി അല്‍താനി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram