ദോഹ: 2022 ലോകകപ്പ് ഫുട്‌ബോളിന്റെ വേദികളിലൊന്നായ അല്‍ഖോറിലെ അല്‍ ബയാത് സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) അറിയിച്ചു.
സ്റ്റേഡിയത്തിന്റെ നാലുവശങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇരുദിശയിലേക്കും മൂന്നുവരിപാതയിലുള്ള 5.3 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
സ്റ്റേഡിയത്തിന് സമീപത്തെ കാര്‍ പാര്‍ക്കിങ്, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളുമായും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുമായും ബന്ധിപ്പിച്ചാണ് റോഡ്.
നിര്‍മാണം പുരോഗമിക്കുന്ന അല്‍ഖോര്‍ എക്സ്പ്രസ് വേ പദ്ധതിയുടെ തെക്ക്-കിഴക്ക് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ അല്‍ എഗ്ദ സ്ട്രീറ്റുമായും ബന്ധിപ്പിച്ചാണ് റോഡ് നിര്‍മിക്കുന്നത്.
8.55 മീറ്റര്‍ വിസ്തൃതിയിലുള്ള കാല്‍നടപ്പാതയും സൈക്കിള്‍പാതയും പുതിയ റോഡിലുണ്ടാകും. കൂടാതെ ലാന്‍ഡ്‌സ്‌കേപ്പിങുമുണ്ടാകും. കൂടാതെ അല്‍ എഗ്ദ സ്ട്രീറ്റിന്റെ 7.3 കിലോമീറ്റര്‍ ഭാഗത്തിന്റെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഇരുവശങ്ങളിലേക്കും മൂന്നുവരിപ്പാതയും മൂന്നുമീറ്റര്‍ വിസ്തൃതിയിലുള്ള കാല്‍നടപ്പാതയും നിര്‍മിക്കും. അല്‍ഖോര്‍ നഗരത്തിന്റെ പ്രവേശനകവാടത്തിലെ റൗണ്ട് എബൗട്ട് മുതലാണ് റോഡ് തുടങ്ങുന്നത്.
അല്‍ ബയാത് സ്റ്റേഡിയത്തിന്റെ വടക്കുപടിഞ്ഞാറുഭാഗം വരെ റോഡ് നീളും. അല്‍ഖോര്‍ എക്സ്പ്രസ് വേയുമായും റോഡിനെ ബന്ധിപ്പിക്കും.
പദ്ധതിയുടെഭാഗമായി എട്ട് സിഗ്നല്‍നിയന്ത്രിത ഇന്റര്‍സെക്ഷനാണുള്ളത്. കൂടാതെ അല്‍ഖോര്‍ എക്സ്പ്രസ് വേയില്‍ നാല് സിഗ്നല്‍നിയന്ത്രിത ഇന്റര്‍സെക്ഷനുമുണ്ടാകും.
2.2 കിലോമീറ്റര്‍ നീളുന്ന ഗ്വാവിറ്റി മലിനജലശൃംഖല, പ്രത്യേക ഭൂഗര്‍ഭ മലിനജലശൃംഖല, ജലസേചനശൃംഖല എന്നിവയെല്ലാം സ്റ്റേഡിയവുമായി ബന്ധിപ്പിച്ച് നിര്‍മിക്കും.
പദ്ധതിയുടെ ഭാഗമായി ഇന്റലിജന്‍സ് ടെലികമ്യൂണിക്കേഷന്‍ സംവിധാനവും സ്ഥാപിക്കും. റോഡ് സുരക്ഷയ്ക്ക് വേണ്ട എല്ലാസംവിധാനങ്ങളും സ്ഥാപിക്കും. 35,41,81,808.30 റിയാല്‍ ചെലവിട്ടുള്ള പദ്ധതി 2019 ആദ്യപാദത്തില്‍ പൂര്‍ത്തിയാകും.