ആധാര്‍: പ്രവാസികള്‍ക്കായി പ്രത്യേകവ്യവസ്ഥ വേണമെന്ന ആവശ്യം ശക്തമാകുന്നു


ശ്രീദേവി ജോയ്

2 min read
Read later
Print
Share

ആധാറിന് പകരം പ്രവാസിയാണെന്ന തിരിച്ചറിയില്‍രേഖ സമര്‍പ്പിക്കണമെന്ന് വിജ്ഞാപനം നടത്തുമ്പോള്‍ ആധാറിന്റെ എല്ലാ ആനുകൂല്യങ്ങളും പ്രവാസികള്‍ക്കും ലഭിക്കണമെന്നും അബ്ദുല്‍ റൗഫ് ചൂണ്ടിക്കാട്ടി.

ദോഹ: ആധാര്‍കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വ്യവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രവാസികള്‍ക്ക് ആധാര്‍ വേണ്ടെന്ന് പ്രഖ്യാപിക്കുമ്പോഴും എല്ലാപൗരന്മാരും ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍നമ്പറുകളും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശങ്ങളാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്.

നിയമപ്രകാരം ആധാറിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി ഇന്ത്യയില്‍ 182 ദിവസം താമസം പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കേണ്ടിവരുന്നത് എന്‍.ആര്‍.ഐ. സ്റ്റാറ്റസിനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് പ്രവാസികളെ ആശങ്കയിലാക്കുന്നത്.

അടുത്തിടെയാണ് എല്ലാ ഇന്ത്യന്‍ പൗരന്മാരും ടെലിഫോണ്‍നമ്പര്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന വന്‍കിട വ്യവസായികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പ്രവാസികള്‍ക്കും ഒന്നിലധികം ഇന്ത്യന്‍ ഫോണ്‍നമ്പറുകള്‍ ഉള്ളവരാണ്.

2018 ഫെബ്രുവരി 28-ന് മുമ്പായി എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം മൊബൈല്‍നമ്പറുകള്‍ റദ്ദാക്കപ്പെടുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആധാര്‍കാര്‍ഡില്ലാത്ത പ്രവാസികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ആധാര്‍പരിധിയില്‍നിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ടോയെന്നറിയാന്‍ ബി.എസ്.എന്‍.എല്‍. ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

ആധാര്‍നിയമത്തിലെ ഏഴാംവകുപ്പില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് സാധ്യമായതരത്തില്‍ മറ്റൊരു ഐഡന്റിഫിക്കേഷന്‍ നല്‍കണം എന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ മാത്രമാണ് പ്രവാസികള്‍ക്ക് ഏക ആശ്വാസം. ആധാറിന്റെ പരിധിയില്‍നിന്ന് പ്രവാസികളെ ഒഴിവാക്കാന്‍ പ്രത്യേക വ്യവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രവാസികള്‍ മുന്നോട്ടുവെക്കുന്നത്.

ആധാറിന് പകരം പ്രവാസിയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് മതിയെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചാല്‍ മാത്രമേ പ്രവാസികളുടെ ആശങ്ക പരിഹരിക്കപ്പെടുകയുള്ളൂവെന്ന് ദോഹയിലെ പ്രവാസി ആക്ടിവിസ്റ്റ് അബ്ദുല്‍ റൗഊഫ് കൊണ്ടോട്ടി പറഞ്ഞു.
അല്ലാത്തപക്ഷം പ്രവാസികള്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തിപ്പെടുമെന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്ക്, മൊബൈല്‍നമ്പറുകളെ ആധാറിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് നിരവധി സാങ്കേതിക, സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ആധാറിന് പകരം പ്രവാസിയാണെന്ന തിരിച്ചറിയില്‍രേഖ സമര്‍പ്പിക്കണമെന്ന് വിജ്ഞാപനം നടത്തുമ്പോള്‍ ആധാറിന്റെ എല്ലാ ആനുകൂല്യങ്ങളും പ്രവാസികള്‍ക്കും ലഭിക്കണമെന്നും അബ്ദുല്‍ റൗഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് പദ്ധതി, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞദിവസം ഇന്ത്യന്‍ ധനമന്ത്രാലയം പുതിയ പ്രഖ്യാപനം ഇറക്കിയിട്ടുണ്ട്.

ഡിസംബര്‍ 31 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. ദേശീയ പെന്‍ഷന്‍ പദ്ധതികളില്‍ പ്രവാസികള്‍ക്ക് അംഗമാകാമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികളെ ആധാറിന്റെ പരിധിയില്‍ കൊണ്ടുവന്നതും പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
അതിനിടെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ വേണമെന്ന ബോര്‍ഡിന്റെ പ്രഖ്യാപനം വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഏതുതരത്തില്‍ ബാധിക്കുമെന്നത് വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ആധാറിന്റെ പരിധിയില്‍നിന്ന് പ്രവാസികളെ ഒഴിവാക്കിക്കൊണ്ടും ആധാറിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും ലഭിക്കത്തക്കവിധത്തിലും പ്രത്യേക വ്യവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram