ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന മൂന്നാമത് 'എക്‌സ്പാറ്റ് സ്‌പോട്ടീവില്‍ കേരള സീനിയര്‍ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഫാത്തിമ റുക്‌സാന, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ എന്നിവര്‍ കേരളത്തില്‍ നിന്നുളള അതിഥികളായി പങ്കെടുക്കും.
ഫിബ്രുവരി 12, 15 തിയ്യതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് എക്‌സ്പാറ്റ് സ്‌പോട്ടീവ് നടക്കുക. വൈകുന്നേരം 3.30 ന് 16 ടീമുകളും വിവിധ പ്രവാസി സംഘടനകളും അണിനിരക്കുന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റോടുകൂടിയാണ് എക്‌സ്പാറ്റ് സ്‌പോട്ടീവിന് തുടക്കമാവുക. മാര്‍ച്ച് പാസ്റ്റില്‍ ഖത്തരി സമൂഹത്തിലെ പ്രമുഖരും ഇന്ത്യന്‍ പ്രവാസി സംഘടന നേതാക്കളും സല്ല്യൂട്ട് സ്വീകരിക്കും.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശിയ വനിതാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കപ്പ് സ്വന്തമാക്കിയ കേരള വനിതാ ടീം ക്യാപ്റ്റനായ ഫാത്തിമ റുക്‌സാന ആദ്യമായാണ് ഖത്തറിലെത്തുന്നത്. കെ.എസ്.ഇ.ബി താരമായ ഫാത്തിമ റുക്‌സാന ആറാം തവണയാണ് ദേശീയ വോളിയില്‍ കേരളത്തിനായി ജേഴ്‌സിയണിയുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്‌പോട്ടീവില്‍ 16 ടീമുകളില്‍ നിന്നായി 800 ല്‍ അധികം കായിക താരങ്ങള്‍ 16 ഇനങ്ങളില്‍ മാറ്റുരക്കും. വ്യക്തിഗത ഇനങ്ങളില്‍ പത്തും മത്‌സരങ്ങളും ഗ്രൂപ്പ് ഇനങ്ങളില്‍ ആറ് മത്‌സരങ്ങളുമാണ് നടക്കുക.