ദോഹ: മൗലികമായ അഭിപ്രായ ഭിന്നതകള്‍ക്കുപോലും അവധി കൊടുത്ത്, ഇന്ത്യയില്‍ ശക്തി പ്രാപിച്ചു വരുന്ന ഫാഷിസത്തിനെതിരെ ജനാധിപത്യവാദികളും മതേതര കക്ഷികളും ഒന്നിച്ചുനിന്ന് പോരാടണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. യൂത്ത് ഫോറം സംഘടിപ്പിച്ച സഹവാസ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ ഭീകരവും പ്രഹര ശേഷിയുമുള്ളതാണ് ഇന്ത്യന്‍ ഫാസിസം. സാമൂഹിക പരിവര്‍ത്തനങ്ങളെ പരമാവധി തടയുകയും സഹവര്‍ത്തിത്തത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജാതി മേല്‍ക്കോയ്മയാണ് അതിന്റെ മുഖ്യ അടിത്തറ. കലാപങ്ങളും വംശഹത്യയുമാണ് അതിന്റെ ഇന്ധനം. ജാതിമേല്‍ക്കോയ്മയുമായും കോര്‍പറേറ്റുകളുമായും പൂര്‍ണ്ണസംയോജനത്തിലെത്തിയ ഭരണകൂടം ഇന്ത്യയില്‍ ആദ്യമാണ്. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാര്‍ ദേശീയതയുടെ കുത്തക അവകാശപ്പെടുന്നതും ശ്രീനാരയണ ഗുരു, അംബേദ്കര്‍ പോലുള്ള ചരിത്രപുരുഷന്മാരെ പിടിച്ചെടുക്കുന്നതും വിരോധാഭാസമാണ്. ജാതി വിവേചനങ്ങള്‍ക്കെതിരായ ആശയസമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിക്കൊണ്ട് മാത്രമേ ജനാധിപത്യത്തിന് മുന്നോട്ടു പോകാനാകൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ അധ്യക്ഷത വഹിച്ച യൂത്ത് ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ കെ.ഇ എന്നിന് ഉപഹാരം നല്‍കി. യൂത്ത് ഫോറം കലാ-സാംസ്‌കാരിക കണ്‍വീനര്‍ സുഹൈല്‍ അബ്ദുല്‍ ജലീല്‍ സ്വാഗതവും ഫലാഹ് നന്ദിയും പറഞ്ഞു.