ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരത്തിന് ഖത്തറിലെ പ്രമുഖ സംരംഭകരായ ഡോ. ഷീല ഫിലിപ്പോസും പി.എം. അബ്ദുല്‍ സലാമും അര്‍ഹരായി.
സംരംഭകത്വ മേഖലയിലും ജീവകാരുണ്യ മേഖലയിലുമുള്ള ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്. ശൈല്‍വിന്‍കുമാര്‍ പറഞ്ഞു.
സൗന്ദര്യ സംരക്ഷണ രംഗത്തും വനിതാ സംരംഭകത്വ മേഖലയിലും ശ്രദ്ധേയയായ ഡോ. ഷീല ഫിലിപ്പോസിന്റ മുന്നേറ്റം മാതൃകാപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അവര്‍ നല്ല കുടുംബിനിയായിക്കൊണ്ട് തന്നെ സംരംഭകയായും വിജയിക്കാമെന്നാണ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഷീല ഫിലി്പ്പോസ്.
കിച്ചണ്‍ എക്യൂപ്മെന്റ്സ്, ഫിറ്റ്നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയില്‍ ശ്രദ്ധേയനാണ് പി.എസ് അബ്ദുല്‍ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാര്‍ കിച്ചണ്‍ എക്യുപ്മെന്റ്സ്, ക്ലാരിറ്റി ട്രേഡിംഗ്, അത്യാധുനിക ഫിറ്റ്നെസ് ഉപകരണങ്ങള്‍ സജ്ജമാക്കിയ സ്റ്റാര്‍ എന്‍ സ്‌റ്റൈല്‍ ഫിറ്റ്നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായ പി.എസ് അബ്ദുല്‍ സലാം സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 13ന് അമേരിക്കയിലെ വാഷിംങ്ങ്ടണ്‍ മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും
Content Highlights: Grand Achievers Award