ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, ഖത്തര്‍ 2022 നു ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടന്നു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് റിയ ഖിയ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, കായിക മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തോടെ ദോഹ സ്റ്റേഡിയത്തില്‍ വച്ചു നടന്ന വര്‍ണശബളമായ ചടങ്ങില്‍ അനീഷ് ഗംഗാധരന്‍ (സുപ്രീം കമ്മറ്റി) നിലങ്ങ്ഷു ഡേ (പ്രസിഡന്റ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍) മണികണ്ഠന്‍ (പ്രസിഡന്റ് ഐ സി സി ) ഷറഫ് പി ഹമീദ് (സി ഇ ഒ സിറ്റി എക്‌സ്‌ചേഞ്ച്), നവീദ് (സി ഇ ഒ 89.6 വണ്‍ എഫ് എം), ഷഫീഖ് കബീര്‍ (സി ഇ ഒ അസിം ടെക്‌നോളജി) ഷിബിലി (ടി ടൈം) ജിതേന്ദ്ര പണ്ടേ (റിയ മണി ട്രാന്‍സ്ഫര്‍) ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, ഖത്തര്‍ ദേശീയ ടീമിനായി നിരവധി അന്തര്‍ദേശീയ മത്സരങ്ങള്‍ കളിച്ചു ഖത്തരികളുടെ ഇഷ്ട താരങ്ങള്‍ മാറിയ ആദില്‍ ഖമീസ്, മുബാറക് മുസ്തഫ, അബ്ദുല്‍ അസീസ് ഹസന്‍, അഹമ്മദ് ഖലീല്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളിക്കാരും ഖിയ ഭാരവാഹികളും സ്‌പോണ്‌സര്‍മാരും ചേര്‍ന്ന് 22 വെള്ളപ്രാവുകളെ പറത്തിയായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ത്യ, ഖത്തര്‍,ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ചാമ്പ്യന്‍സ് ലീഗ് ട്രോഫി,ടൈറ്റില്‍ സ്‌പോണ്‍സര്‍ ശ്രീ ഷറഫ് പി ഹമീദ് (സി ഇ ഒ സിറ്റി എക്‌സ്‌ചേഞ്ച്), ഖിയ ജനറല്‍ സെക്രട്ടറി സഫീറിനു കൈമാറി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഖിയ പ്രസിഡന്റ് ഇ. പി അബ്ദുറഹ്മാന്‍ അധ്യക്ഷ ഭാഷണം നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, ഇന്ത്യയുടെ കറുത്ത മുത്ത് ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ എന്നിവര്‍ നയിച്ച ഇന്ത്യന്‍ ലെജന്റ്‌സ് ടീമും ആദില്‍ ഖമീസ്, മുബാറക് മുസ്തഫ, അബ്ദുല്‍ അസീസ് ഹസന്‍, അഹമ്മദ് ഖലീല്‍എന്നിവര്‍ നയിച്ച ഖത്തര്‍ ലെജന്റ്‌സ് ടീമും തമ്മില്‍ നടന്ന പ്രദര്‍ശനമത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. സൗഹൃദമത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ ഇന്ത്യന്‍ ഗോളി ജാക്ലിന്റെ മികവില്‍ ഇന്ത്യക്ക് കപ്പില്‍ മുത്തമിടാനായി. കളിയുടെ തുടക്കത്തില്‍ തന്നെ മനോഹരമായ ലോങ്ങ് റൈഞ്ചിജിലൂടെ ഖത്തര്‍ ആണ് ആദ്യം ഗോള്‍ നേടിയത്.
കളിയുടെ 23-ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ തിരിച്ചടിച്ചു. സെക്കന്‍ഡ് ഹാഫില്‍ ആസിഫ് സഹീറിലൂടെ ഇന്ത്യ ഒരു ഗോള്‍ കൂടി മുന്നിലെത്തിയെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഖത്തര്‍ തിരിച്ചടിച്ചു കളി സമനിലയിലാക്കി. വിജയികള്‍ക്ക് അനീഷ് ഗംഗാധരന്‍, മണികണ്ഠന്‍, ഷറഫ് പി ഹമീദ്, വീദ്, ശ്രീ ഷഫീഖ് കബീര്‍, ജിതേന്ദ്ര പണ്ടേ, ഇ പി അബ്ദുറഹ്മാന്‍,
കെസി അബ്ദുലത്തീഫ്, അബ്ദുല്‍ അസീസ്, ഹബീബിന്നബി എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം മുഖ്യ പ്രയോജകരായ ഷറഫ് പി ഹമീദ് നിര്‍വഹിച്ചു. പ്രശസ്ത പഞ്ചാബി ഗായിക രാഗിണി , അഫ്‌സല്‍ എന്നിവരുടെ ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി. ഖിയ ലീഗ് മത്സരങ്ങള്‍ എല്ലാ വ്യാഴം വെള്ളി ദിവസങ്ങളില്‍ ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഖിയ ചാമ്പ്യന്‍സ് ലീഗ്: അലി ഇന്റര്‍നാഷണല്‍നു ജയം
ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യന്‍സ് ആള്‍ ഇന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അലി ഇന്റര്‍നാഷണല്‍, ഏഷ്യന്‍ മെഡിക്കല്‍സ് മേറ്റ്‌സ് ഖത്തറിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരു ടീമുകളും കാണികള്‍ക്ക് നല്ലൊരു ഫുട്ബാള്‍ വിരുന്നൊരുക്കി. കളിയുടനീളം മധ്യനിരയിലെ പ്രശാന്ത് കളം നിറഞ്ഞു കളിച്ചെങ്കിലും മുന്‍ ഈസ്റ്റ് ബംഗാള്‍ താരം വാഹിദ് സാലിയുടെ മുന്നില്‍ തകര്‍ന്ന് പോവുകയായിരുന്നു. അബീഷ് ആയിരുന്നു അലി ഇന്റര്‍നാഷണലിനായി ഏക ഗോള്‍ നേടിയത്. മേറ്റ്‌സ് ഖത്തര്‍നായി സന്തോഷ് ട്രോഫി താരം സജിത്ത് പലോസ് കിണഞ്ഞു ശ്രമിച്ചെങ്കിലും അജ്മലിന്റെ മുന്നില്‍ തകരുകയായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ടീ ടൈം എഫ്സിയെ നവാഗതരായ യൂത്ത് ഫോറം ഖത്തര്‍ സമനിലയില്‍ തളച്ചു. ടീ ടൈം എഫ് സിക്കായി ടുട്ടുവും മൗസൂഫും ഉഗ്ര ഫോമിലായിരുന്നെങ്കിലും നിരവധി സ്റ്റേറ്റ് താരങ്ങളുമായി ഇറങ്ങിയ യൂത്തുഫോറത്തിനു മുന്നില്‍ വിലപ്പോയില്ല.