ദോഹ: 'ഹീല്‍ ദ ഹാര്‍ട്ട് ഹീല്‍ ദ വേള്‍ഡ്'- ഹൃദയം വിശാലമാക്കൂ ലോകത്ത് സമാധാനം സാധ്യമാകും, എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച ഹീലിംഗ് കാന്‍വാസ് വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ കൊണ്ട് സമാധാനത്തിന്റെ ആശയങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയമായി.
മനുഷ്യ മനസ്സ് അപരനെ ഉള്‍കൊള്ളാന്‍ പാകത്തിന് വിശാലമാകുന്നത് തര്‍ക്കവിതര്‍ക്കങ്ങളില്ലാത്ത സഹവര്‍ത്തിത്വത്തിന്റെ സുന്ദര ലോകം തീര്‍ക്കും എന്ന സന്ദേശം ഹീലിംഗ് കാന്‍വാസിലൂടെ വരച്ച് കാണിക്കാന്‍ ദോഹയിലെ കലാകാരന്‍മാര്‍ക്ക് സാധിച്ചു. ആശയങ്ങളും ചിന്തകളും നിറവും മണവും ആചാരങ്ങളും ആത്മീയ തലങ്ങളും വ്യത്യസ്തമാണെങ്കെലും ആ വ്യത്യസ്തതകളെ മനസ്സിലാക്കി അപരനെ അംഗീകരിക്കാനും എല്ലാത്തിനുമപ്പുറം മനുഷ്യത്വമെന്ന വലിയ കാന്‍വാസില്‍ നിസ്വാര്‍ത്ഥരായി നിഷ്‌കപടനായി പരസ്പരം ഉള്‍കൊള്ളാനുമുതകുന്ന വിധം മനസ്സ് വിശാലമാക്കാന്‍ കാമ്പയിന്‍ ആഹ്വാനം ചെയ്തു.
സഹിഷ്ണുതയും സഹവര്‍ത്തിത്വവും പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിച്ച് മാനവര്‍ക്ക് മനസ്സമാധാനം ലഭിക്കുന്ന നന്മമരങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത് എന്ന നന്മയുടെ ആശയത്തിന് കലാകാരന്മാര്‍ നിറം പകര്‍ന്നു. പരിപാടിയില്‍ സന്ദര്‍ശകരായെത്തിയ ഫലസ്തീനിയന്‍ ജനതയോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് പാട്ടു പാടിയ വിദേശി വനിതയും ഇന്ത്യയിടെ സാമൂഹിക അരാജകത്വം വേദനാജനകമായി വിശദീകരിച്ച ഇന്ത്യക്കാരനും തന്റെ നാട്ടിലെ ആളുകള്‍ക്കിടയില്‍ ഐക്യം പുലരാന്‍ ആഗ്രഹിച്ച ആഫ്രിക്കക്കാരനും അറബികള്‍ക്കിടയില്‍ സമാധാനം നിലനില്ക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച അറബ് വംശജനും പ്രകടമാക്കിയത് സമാധാനത്തിനായുള്ള ഐക്യ സ്വരമായിരുന്നു.
ഏഷ്യന്‍ ടൗണിലെ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിലും വുകൈറിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റിലും നടന്ന പരിപാടിയില്‍ ഫോക്കസ് ഖത്തര്‍ സി ഇ ഒ അസ്‌കര്‍ റഹ്മാന്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു സംസാരിച്ചു. തര്‍ക്കവും വഴക്കുമാണ് ചുറ്റും. ഉപയോഗിക്കാനാളില്ലാതെ സ്‌നേഹത്തിന്റെ ഭാഷ അനാഥമാകുന്നു. മറ്റൊരു ജീവജാലത്തിനും മനുഷ്യരുടെയത്ര നിസ്സഹായത ഉണ്ടാകാനിടയില്ല. എന്നിട്ടും മനുഷ്യരുടെയത്ര ശത്രുത അന്യോന്യം പുലര്‍ത്തുന്നൊരു ജീവിവര്‍ഗ്ഗമുണ്ടാകില്ല. എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ് മനുഷ്യരകലുന്നത്. അടുക്കാനുള്ള പാഠങ്ങളൊക്കെ പുസ്തകങ്ങളില്‍ മാത്രമാക്കി അകലാനും അകറ്റാനുമുള്ള കാരണങ്ങള്‍ മാത്രമാണ് മനുഷ്യര്‍ അന്വേഷിച്ചു നടക്കുന്നത്. മാത്രമല്ല ദൈവത്തിന്റെ പേരില്‍ മനുഷ്യനെ വെറുത്ത് കൂടുതല്‍ ചെറിയ മനുഷ്യരായി.
ആത്മീയതയുടെ ശാന്തിസൗന്ദര്യം പ്രകടമാക്കേണ്ട മതസംഘങ്ങള്‍ പോലും ധാര്‍മ്മികത്തകര്‍ച്ചയുടേയും കക്ഷി വഴക്കുകളുടേയും ഉദാരമായ പ്രദര്‍ശനശാലകളായി. രാഷ്ട്രീയം ജനങ്ങളുടെ സ്വസ്ഥത കെടുത്താനും അമിതാധികാര പ്രയോഗത്തിനുമുള്ള ഉപകരണമായി. ധര്‍മ്മം ആര്‍ത്തിയില്‍ ലയിച്ചില്ലാതായി. അസഹിഷ്ണുതയുടെ പര്യായങ്ങളായി മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു - പ്രമേയം വിശദീകരിച്ച സി ഇ ഒ പറഞ്ഞു.
അന്യായമായി ഒരാളെ വധിച്ചാല്‍ സര്‍വ്വമനുഷ്യരേയും വധിച്ചതുപോലെയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരാള്‍ക്കെങ്കിലും ജീവന്‍ നല്‍കിയാല്‍ സകലമനുഷ്യര്‍ക്കും ജീവനേകിയത് പോലെയാണെന്നും കൂടെപ്പറയുന്നു. വിശാല മനസ്‌കതയും സഹിഷ്ണുതയും ക്ഷമയും മനസ്സിനെ ശീലിപ്പിക്കുമ്പോള്‍ മാത്രമാണ് ആ മനസ്സ് ഉണ്ടാകുന്നത്. 'നിന്റെ ഹൃദയം നാം വിശാലമാക്കിയില്ലേ' എന്ന് പ്രവാചകന്‍ മുഹമ്മദിനോട് ദൈവം ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അക്രമിയയ ഭരണാധികാരിയോട് നന്മ ഉപദേശിക്കാന്‍ പോകുന്ന മൂസാ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത് 'എന്റെ ഹൃദയം വിശാലമാക്കണേ' എന്നാണ്.
ഹൃദയവിശാലതയുടെ വിശാലമായ പാഠങ്ങളും അതുണ്ടാക്കുന്ന സമാധാനപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള ശുഭ ചിന്തകളും ലോകമെങ്ങും പ്രസരിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ ശ്രമമാണ് ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന 'ഹീല്‍ ദ ഹാര്‍ട്ട് ഹീല്‍ ദ വേള്‍ഡ്' എന്ന കാമ്പയിന്‍ എന്നും സി ഇ ഒ കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ ടൗണിലെ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഹീലിംഗ് കാന്‍വാസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജര്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് മാള്‍ മാര്‍ക്കറ്റിംങ് ഇന്‍ ചാര്‍ജ് മുഹമ്മദ് ഷഫീഖ്, കാമ്പയിന്‍ കണ്‍വീനര്‍ അമീര്‍ ഷാജി, പി ആര്‍ മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍, അബ്ദുറഊഫ് കൊണ്ടോട്ടി, അബ്ദുല്‍ ഹക്കീം മദനി എന്നിവര്‍ സന്നിഹിതരായി. കരീം ഗ്രഫി കക്കോവ്, രജീഷ് രവി, അയ്യൂബ് കൊളത്തറ, സാലിഹ് പാലത്ത്, മനോജ് കുമാര്‍, ഫയാസ് തോട്ടത്തില്‍, ബാസിത്ത് ഖാന്‍ തുടങ്ങി പ്രമുഖ കലാകാരന്‍മാര്‍ കാന്‍വാസില്‍ കാമ്പയിന്‍ സന്ദേശം ആവിഷ്‌കരിച്ചു. മുബശ്ശിര്‍ മണ്ണാര്‍ക്കാട്, നുനൂജ് യൂസുഫ്, നൗഷാദ് പയ്യോളി, ആഷിഖ് കോഴിക്കോട്, അമീനുര്‍റഹ്മാന്‍ എ എസ്, ബാസില്‍ കെ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വുകൈറിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഹീലിംഗ് കാന്‍വാസ് ഗാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ആര്‍ ഡി എം മുഹമ്മദ് ബഷീര്‍ പരപ്പില്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍മാരായ രാധാകൃഷ്ണന്‍ പി, നവാബ് എ, ഫോക്കസ് ഖത്തര്‍ സി ഇ ഒ അസ്‌കര്‍ റഹ്മാന്‍, കാമ്പയിന്‍ ചെയര്‍മാന്‍ ഇംതിയാസ് അനച്ചി, അഡ്മിന്‍ മാനേജര്‍ ഫാഇസ് എളയോടന്‍, മശ്ഹൂദ് തിരുത്തിയാട് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. ഹീലിംഗ് കാന്‍വാസ് കോര്‍ഡിനേറ്റര്‍ സജിത്ത് സി എച്ച്, മുനീര്‍ അഹ്മദ്, റാഷിഖ് ബക്കര്‍, മുഹമ്മദ് യൂസുഫ്, സദീദ്, റംഷാദ് ടി പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഒരേ സമയം രണ്ട് മാളുകളിലായി നടന്ന പരിപാടി താഴ്ന്ന വരുമാനക്കാരായ ലേബര്‍മാര്‍ മുതല്‍ വിവിധ രാജ്യക്കാരായ കുട്ടികള്‍, സ്ത്രീകള്‍ മുതല്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ സന്ദര്‍ശിച്ചു. ജനുവരിയോടുകൂടി അവസാനിക്കുന്ന കാമ്പയിനില്‍ വ്യത്യസ്തങ്ങളായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.