ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് ഇന്റര്‍ സ്‌കൂള്‍ കോംപറ്റീഷന്‍സ് നവംബര്‍ 30 വെള്ളിയാഴ്ച ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖത്തറിലെ പത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 600-ലധികം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് വിവിധ ഇനങ്ങളിലായി മത്സരങ്ങളില്‍ മാറ്റുരക്കുക.
ഉച്ചയ്ക്ക് ഒന്നു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയല്‍, ഖുര്‍ആന്‍ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. സ്‌കൂളുകള്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരമുണ്ടാവുക.
കുട്ടികള്‍ക്കിടയില്‍ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകര്‍ന്നു നല്‍കുകയും അസഹിഷ്ണുത, വിഭാഗീയത പോലുള്ള മാരക ചിന്താഗതികള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ മത്സരങ്ങളുടെ മുഖ്യ പ്രമേയം. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഷബീര്‍ അലിയെ ജനറല്‍ കണ്‍വീനറായും സാഫിര്‍ കുണ്ടനിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ട്രോഫികള്‍ എന്നിവയും ഓവറോള്‍ ചാമ്പ്യന്‍ സ്‌കൂളിനും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും റോളിങ്ങ് ട്രോഫികളും സമ്മാനിക്കും. സുപ്രീം എജുകേഷന്‍ കൗണ്‍സില്‍, ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി) ,തുടങ്ങി സര്‍ക്കാര്‍-സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരും സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍, മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നു ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.