ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്റ്റയിലേക്കുള്ള രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 22 വരെയാണ് രജിസ്ട്രേഷന്‍ നീട്ടിയത്. ഒക്ടോബര്‍ 25, 26,27 നവംബര്‍ 2 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
കെ.ജി.(ഒന്ന് & രണ്ട്), സബ് ജൂനിയര്‍ (ഗ്രേഡ് ഒന്ന്, രണ്ട്), ജൂനിയര്‍ (ഗ്രേഡ് മൂന്ന്, നാല്, അഞ്ച്), പ്രീ-സീനിയര്‍ (ആറ്, ഏഴ്, എട്ട്), സീനിയര്‍ (ഗ്രേഡ് ഒന്‍പത്, പത്ത്, 11, 12) എന്നീ വിഭാഗങ്ങളിലാണ് മത്സരം. 27 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഖത്തറിലെ മുപ്പതോളം സ്‌കൂളുകള്‍ പങ്കെടുക്കും. സ്റ്റേജ് ഇനങ്ങളില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മത്സരിക്കാവുന്നതാണ്.
കെ.ജി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ജോയിന്‍ ദ ഡോട്ട് & കളര്‍, ആക്ഷന്‍ സോങ് എന്നീ മത്സരങ്ങളിലും സബ് ജൂനിയര്‍ വിഭാഗം ഡ്രോ&കളര്‍ ,കഥ പറച്ചില്‍ മത്സരങ്ങളിലും പങ്കെടുക്കാം. ജൂനിയര്‍ വിഭാഗത്തില്‍ കംപ്ലീറ്റ് ദ പിക്ചര്‍ ആന്‍ഡ് കളര്‍, വാര്‍ത്താ വായന, പ്രസംഗം, പദ്യ പാരായണം (കവിത ചൊല്ലല്‍), മോണോ ആക്ട് എന്നീ ഇനങ്ങളില്‍ മത്സരിക്കാം. പ്രീ സീനിയര്‍ വിഭാഗത്തില്‍ ക്ലേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, വാര്‍ത്താ വായന, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘഗാനം (ഗ്രൂപ്പ് സോങ്) എന്നീ മത്സരങ്ങളാണ് നടക്കുക. സീനിയര്‍ വിഭാഗത്തില്‍ ക്രാഫ്റ്റ് ഇന്‍സ്റ്റലേഷന്‍, പെന്‍സില്‍ ഡ്രോയിങ്, ലേഖനം എഴുത്ത്, അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘ ഗാനം എന്നീ ഇനങ്ങളിലും പങ്കെടുക്കാം.
പത്ത് റിയാലാണ് രജിസ്ട്രേഷന്‍ ഫീസ്. സീനിയര്‍ വിഭാഗത്തില്‍ ക്രാഫ്റ്റ് ഇന്‍സ്റ്റലേഷന്‍ മത്സരത്തിലേക്കായി 20 റിയാലാണ് ഫീസ്. രജിസ്ട്രേഷന് എഫ് സി സി ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 5540 2673, 66787007, 55643799, 44661213.