ദോഹ. പട്ടിണി പരിഷ്‌കൃത സമൂഹം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളാണെന്നും പട്ടിണി രഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ സമൂഹത്തിലെ ഓരോരുത്തരും കൈകോര്‍ക്കണമെന്നും ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപോല്‍പന്നമായ ഉപഭോഗ സംസ്‌കാരം സൃഷ്ടിക്കുന്ന എല്ലാ ഉച്ചനീചത്തങ്ങളും അവസാനിപ്പിക്കുവാനും സമൂഹത്തിന്റെ സാംസ്‌കാരികമായ വളര്‍ച്ച ഉറപ്പുവരുത്തുവാനും സഹാനുഭൂതിയും സ്നേഹവും ഉദ്ഘോഷിക്കുന്ന ഒരു വ്യവസഥിതിക്ക് മാത്രമേ സാധ്യമാവുകയുള്ളൂ. ഏകമാനവികതയും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിച്ച് പട്ടിണി രഹിതസമൂഹം സൃഷ്ടിച്ചത് മാനവ ചരിത്രത്തിലെ മായാത്ത അടയാളങ്ങളാണ്.
ഗവണ്‍മെന്റ് തലത്തില്‍ നടക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളോടൊപ്പം മതപരവും ധാര്‍മികവുമായ പിന്തുണയാണ് കൂടുതല്‍ ഫലം ചെയ്യുക. ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരില്ലാത്ത മനോഹരമായ സമൂഹമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ശക്തി പകരുവാന്‍ ഇത്തരം ദിനാചരണങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈസ്റ്റേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ടോം വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാഴാക്കാതൈ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ സമൂഹം തയ്യാറാവുകയും പരസ്പര സഹകരണവും സ്നേഹവും ഉറപ്പുവരുത്തുകയുമാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ പ്രായോഗിക മാര്‍ഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ ആക്ടിംഗ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട്, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു
ഐക്യ രാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. നമ്മുെട കര്‍മങ്ങളാണ് നമ്മുടെ ഭാവി നിര്‍ണയിക്കുന്നത്. 2030 ഓടെ പട്ടിണി രഹിത ലോകം എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിന പ്രമേയം.