മസ്കറ്റ്: ഒമാൻ സ്വദേശികളിലെ താഴ്ന്ന വരുമാനക്കാർക്ക് ഇന്ധന സബ്‌സിഡി നൽകാൻ ശൂറാ കൗൺസിൽ ശുപാർശ. പ്രതിമാസം 200 ലിറ്റർ എന്ന തോതിൽ സൗജന്യ ഇന്ധനം അനുവദിക്കണമെന്ന നിർദേശമാണ് ശൂറ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
ഇന്ധനവിലവർധന താഴ്ന്ന വരുമാനക്കാരെ ബാധിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ ദുർബല വിഭാഗക്കാർക്ക് ഇത്തരമൊരു നടപടി ഏറെ സഹായകമാകുമെന്ന് ശൂറാ കൗൺസിൽ യോഗം വിലയിരുത്തി.
ഇന്ധന സബ്‌സിഡി നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശം ഫെബ്രുവരിയിലാണ് ആദ്യമായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. വിലവർധന പാവപെട്ട സ്വദേശി കുടുംബങ്ങളുടെ ബജറ്റിനെ ബാധിക്കുന്നുവെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ എം 91 ഗ്രേഡിലുള്ള പെട്രോളിന് മാർച്ചിൽ വില വർധിപ്പിച്ചിട്ടില്ല. ഈ അവസ്ഥയ്ക്ക് ബദൽസംവിധാനം ഒരുക്കുന്നതുവരെ ഫെബ്രുവരിയിൽ നിശ്ചയിച്ച വില നിലനിർത്താനായിരുന്നു തീരുമാനം.
മാത്രമല്ല, ഏപ്രിലിൽ രണ്ട് ഗ്രേഡുകളിലുള്ള പെട്രോൾ ഇനങ്ങളുടെ വിലയിൽ ആറു പൈസ വീതം കുറവുവരുത്തുകയും ചെയ്തു. സാമൂഹികക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്വദേശികളാണ് ബുദ്ധിമുട്ട് നേരിടുന്നത്. നിലവിൽ 84,644 പേരാണ് ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളായി രാജ്യത്തുള്ളത്.