കുവൈത്ത് സിറ്റി: പുണ്യ റമളാനു സ്വാഗതമോതി കുവൈത്ത് കെ.എം.സി.സി താനൂര്‍ മണ്ഡലം കമ്മറ്റി മെയ് മൂന്ന് വെള്ളിയാഴ്ച്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന 'റമളാന്‍ മുന്നൊരുക്കം';'ബാബ് അല്‍ റയ്യാന്‍'പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മണ്ഡലം പ്രസിഡന്റ് ഹംസ കരിങ്കപ്പാറ, ജനറല്‍ സെക്രട്ടറി കെ.പി.മുസ്തഫ, മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി എഞ്ചി.മുഷ്താഖ് എന്നിവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. പ്രമുഖ വഗ്മിയും പണ്ഡിതനുമായ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന പരിപാടിയില്‍ താനൂര്‍ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനും വിജയിപ്പിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന സ്വാഗതസംഘം യോഗം കുവൈത്ത് കെ.എം.സി.സി. മുന്‍ പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് സബ്ഹാന്‍, ഇല്യാസ് വെന്നിയൂര്‍, കബീര്‍ മൂസാജിപ്പടി, സലിം നിലമ്പൂര്‍, മുസ്തഫ പരപ്പനങ്ങാടി, റഹീം തീരുര്‍, ശരീഫ് തിരൂരങ്ങാടി, സാദിഖ് മങ്കട, ഇ.എസ്.അബ്ദുറഹിമാന്‍, നിസാര്‍ ചേനാത്, കെ.വി.മുഹമ്മദ്, സൈദാലികുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.