കുവൈത്ത് സിറ്റി: വാച്ച്ലിസ്റ്റ് ഓഫ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ പട്ടികയില്‍ കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നീ ജി.സി.സി. രാജ്യങ്ങളെ രണ്ടാം തട്ടില്‍ ഉള്‍പ്പെടുത്തി. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി അമേരിക്കയുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം തട്ടില്‍പ്പെടുന്നത്.
രാജ്യത്തിന്റെ വലിപ്പമോ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണതയോ കണക്കിലെടുത്തല്ല പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതത് സര്‍ക്കാരുകള്‍ മനുഷ്യക്കടത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ 'ട്രാഫിക് വിക്ടിംസ് പ്രൊട്ടക്ഷന്‍ ആക്ട്‌സ്'ന് അനുസൃതമാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കാറുള്ളത്.
ഈ വര്‍ഷം 187 രാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് മനുഷ്യക്കടത്തിനെതിരെ ഓരോ രാജ്യങ്ങളുടെയും സ്ഥാനം നിര്‍ണ്ണയിച്ചത്. 'ടയര്‍-2' വാച്ച്ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ പ്രൊട്ടക്ഷന്‍ ആക്ട് പൂര്‍ണമായും പാലിച്ചിട്ടില്ലെങ്കിലും ശ്രദ്ധേയമായ നടപടികള്‍ ആവിഷ്‌കരിച്ച് മനുഷ്യക്കടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്.
അതേസമയം 'ടയര്‍ 1'ല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ പ്രൊട്ടക്ഷന്‍ ആക്ട് പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയ രാജ്യങ്ങളാണ്. ടയര്‍ 3 പട്ടികയില്‍പ്പെടുന്ന രാജ്യങ്ങള്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല എന്നു മാത്രമല്ല കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലാത്ത രാജ്യങ്ങളാണ്. ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ. എന്നിവ ടയര്‍ 2 ലാണ് ഉള്‍പ്പെടുന്നത് എന്നാല്‍ ഒമാനും സൗദി അറേബ്യയും കുവൈത്തിനെപ്പോലെ ടയര്‍ 2 വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.