ന്യൂഡൽഹി: നേപ്പാളിൽനിന്ന് കടത്തിക്കൊണ്ടുവന്ന 16 സ്ത്രീകളെ പോലീസിന്റെ സഹായത്തോടെ ഡൽഹി വനിതാ കമ്മിഷൻ മോചിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സ്ത്രീകളെയാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുനീർക്കയിൽനിന്ന് രക്ഷപ്പെടുത്തിയത്.
ജോലി വാഗ്ദാനംചെയ്ത് സ്ത്രീകളെ ഡൽഹിയിലെത്തിച്ചുണ്ടെന്ന വിവരംലഭിച്ച വനിതാ കമ്മിഷൻ പോലീസിനെ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 1.30-ന് മുനീർക്കയിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ത്രീകളെ കണ്ടെത്തി. ഇരുപതിനും നാൽപ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
ഇവരിൽ 14 പേർ വിവാഹിതരാണ്. കുവൈത്തിൽ ജോലി വാഗ്ദാനംചെയ്ത് നേപ്പാളിൽനിന്ന് എത്തിച്ച സ്ത്രീകളെ ദിവസങ്ങളായി ഇടുങ്ങിയമുറിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മുനീർക്കയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയാണ് ഇവരെ ഇവിടെയെത്തിച്ചത്. സ്ത്രീകളുടെ പാസ്പോർട്ടുകൾ ഇയാളുടെ കൈവശമാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസങ്ങളായി മനുഷ്യക്കടത്ത് സംഘം മുനീർക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഇതിനിടെ പല സ്ത്രീകളെയും ഇവർ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.