റംസാൻ: ഖുർആന്റെ ആഘോഷം


താജ് ആലുവ, ദോഹ

3 min read
Read later
Print
Share

എങ്ങനെയാണ് സർവലോകത്തിനും മാർഗദർശനം ചെയ്യുന്നതായി ഖുർ ആൻ മാറുന്നത്? ഈ ആശയം ഖുർആൻ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്-മനുഷ്യസമൂഹത്തിന്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യർക്ക് സന്മാർഗമെന്തെന്ന് പഠിപ്പിച്ചുകൊടുക്കുന്ന പ്രവാചകന്മാരെ ദൈവം നിയോഗിച്ചിരുന്നു.

റംസാനെന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നോമ്പാണ്. ഈ മാസത്തിൽ വിശ്വാസികൾക്ക് നോമ്പ് നിർബന്ധമാണെന്നത് ശരിതന്നെ. എന്നാൽ എന്തുകൊണ്ട് വ്രതമനുഷ്ഠിക്കാൻ ഈ മാസം തന്നെ അല്ലാഹു തിരഞ്ഞെടുത്തു? ഉത്തരമിതാണ്-മാലോകർക്ക് മുഴുവൻ സന്മാർഗ ദർശനമായിക്കൊണ്ടും നേരായ മാർഗത്തിലേക്കുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ സമർപ്പിച്ചും സത്യത്തെയും അസത്യത്തെയും വേർതിരിച്ച് കാണിച്ചും വിശുദ്ധ ഖുർ ആനിനെ അവതരിപ്പിച്ച മാസമെന്ന് പറഞ്ഞുകൊണ്ടാണ് റംസാനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. അതിനാൽ ഈ മാസത്തിന് സാക്ഷികളായവർ നോമ്പനുഷ്ഠിക്കണമെന്ന് കൽപിച്ചു.
ഇവിടെ അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞതോർക്കുക, ഖുർആൻ ലോകർക്ക് മുഴുവൻ മാർഗദർശിയായ ഗ്രന്ഥമാണെന്ന്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമല്ല, സർവലോകത്തിനും മാർഗദർശനത്തിനുവേണ്ട സംഗതികൾ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്ന് സാരം.

എങ്ങനെയാണ് സർവലോകത്തിനും മാർഗദർശനം ചെയ്യുന്നതായി ഖുർ ആൻ മാറുന്നത്? ഈ ആശയം ഖുർആൻ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്-മനുഷ്യസമൂഹത്തിന്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യർക്ക് സന്മാർഗമെന്തെന്ന് പഠിപ്പിച്ചുകൊടുക്കുന്ന പ്രവാചകന്മാരെ ദൈവം നിയോഗിച്ചിരുന്നു. ആ പ്രവാചകരിൽ പലർക്കും പ്രത്യേകം വേദഗ്രന്ഥങ്ങളും നിയമസംഹിതയും അവർ അവതരിപ്പിച്ചുകൊടുത്തിരുന്നു. ആ പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണ് മുഹമ്മദ് നബി. അദ്ദേഹത്തിന് ദൈവം ദിവ്യബോധനത്തിലൂടെ അറിയിച്ചുകൊടുത്ത ഈ ദൈവികവചനം അതിനാൽ അന്നുമുതൽ ഭൂമിയിൽ മനുഷ്യവാസം ഉണ്ടാകുന്ന കാലം വരേക്കുമുള്ള സകലമനുഷ്യരെയും അഭിസംബോധന ചെയ്യുന്നു. അതിനാൽ സന്മാർഗം അന്വേഷിക്കുന്ന ഏവർക്കും അത് വിശുദ്ധ ഖുർ ആനിൽ തിരയാം.

ഖുർആനിന്റെ മിക്ക പദപ്രയോഗങ്ങളും ഈ സാർവലൗകികതയെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അല്ലാഹുവിനെക്കുറിച്ച് പറയുന്നിടത്ത് ‘അവർ ജനങ്ങളുടെ നാഥൻ, ജനങ്ങളുടെ യജമാനൻ, ജനങ്ങളുടെ ആരാധ്യൻ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. മക്കയിലെ കഅബയെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത്, ‘ഭൂമിയിൽ ജനങ്ങൾക്ക് ദൈവത്തെ ആരാധിക്കാൻ വേണ്ടി നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം’ എന്ന് പറയുന്നു. മുഹമ്മദ് നബിയെ പരാമർശിക്കുന്നിടത്ത്, ‘സർവ ലോകത്തിനും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ എന്ന് വാദിക്കുന്നു.

ലോകത്തിലെ വിവിധമതങ്ങളുടെ അനുയായികൾ തങ്ങളുടെ പിതാവായി മനസ്സിലാക്കുന്ന ഇബ്രാഹിം നബി (അബ്രഹാം)യുടെ ഒരു പ്രാർഥന പരാമർശിക്കുന്നിടത്ത്, അദ്ദേഹം പറയുന്നിതിങ്ങനെയാണ്-ഞങ്ങളുടെ നാഥാ, ജനങ്ങളുടെ ഹൃദയം നീ ഈ നാട്ടിലേക്ക് (മക്കയിലേക്ക്) തിരിക്കണേ.’ അതുപോലെ ഖുർആനിൽ ഇരുപതോളം സ്ഥലങ്ങളിൽ ‘അല്ലയോ ജനങ്ങളെ’ (യാ അയ്യുഹന്നാസ്) എന്ന്‌ അഭിസംബോധന ചെയ്തുകൊണ്ട് ഗൗരവപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നു.

ഇനി, മാർഗദർശനംകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം ഉദ്‌ഭവിക്കാം. അതിങ്ങനെ വ്യക്തമാക്കാം-മനുഷ്യ സമൂഹത്തെ എന്നും അലട്ടിയിട്ടുള്ള മൂന്ന് ചോദ്യങ്ങളുണ്ട്. മനുഷ്യർ എവിടെനിന്ന് വന്നു? എന്തിനവർ ഈ ഭൂമിയിലേക്ക് വന്നു? എങ്ങോട്ടു പോകുന്നു? ഈ മൂന്ന് അടിസ്ഥാനചോദ്യങ്ങൾക്ക് ഖുർആൻ വ്യക്തമായ ഉത്തരം നൽകുന്നു. ദൈവം സൃഷ്ടിച്ച മനുഷ്യർ, ദൈവത്തിന്റെ തന്നെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിൽ അവന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കണം. ആ വിധിവിലക്കുകൾ അവർ പ്രവാചകന്മാരും അവർക്ക് നൽകിയ ദിവ്യവെളിപാടുകളും മുഖേന നമുക്കെത്തിച്ച് തരുന്നു. അല്ലാഹുവിനെ എങ്ങനെ ആരാധിക്കണം, ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിക്കണം, മനുഷ്യർ എങ്ങനെ പെരുമാറണം, തുടങ്ങി ഒട്ടനവധി സംഗതികൾ ഈ മാർഗ ദർശനത്തിൽ അടങ്ങിയിരിക്കുന്നു.

സ്വാഭാവികമായും അടുത്ത ചോദ്യം പതിന്നാല് നൂറ്റാണ്ടുകൾക്കുമുൻപ്‌ അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇതൊക്കെ എങ്ങനെ അടങ്ങിയിരിക്കുന്നുവെന്നാകാം? അതിനുള്ള മറുപടി മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന സർവജ്ഞനും സർവേശ്വരനുമായ ദൈവത്തിന് അതേറെ പ്രയാസമുള്ള സംഗതിയല്ലെന്നതാണ്. കാലാതിവർത്തിയായ തത്ത്വങ്ങളും പ്രായോഗിക നിർദേശങ്ങളുംകൊണ്ട് സമ്പന്നമാണ് വിശുദ്ധ ഖുർ ആൻ. അതിൽനിന്ന് ഓരോ കാലത്തേക്കും സന്ദർഭത്തിനും വേണ്ട പാഠങ്ങൾ മനുഷ്യസമൂഹത്തിന് നിർധാരണം ചെയ്തെടുക്കാം. ഖുർ ആൻ സൂക്ഷ്മമായി പറഞ്ഞ കാര്യങ്ങളുണ്ട്. വിശദാംശങ്ങൾ വിട്ടുകളഞ്ഞ കാര്യങ്ങളുണ്ട്. അതിൽ മുൻഗാമികളുടെ ചരിത്രമുണ്ട്. ശാസ്ത്രീയ സത്യങ്ങളുണ്ട്. ജീവിതദർശനങ്ങളുണ്ട്. എല്ലാം മനുഷ്യർക്ക് ഓരോ കാലത്തിനനുസരിച്ച് മനസ്സിലാക്കാനും പാഠങ്ങൾ ഉൾക്കൊള്ളാനുതകുന്ന വിധത്തിലുമാണ്. കൂടുതൽ വിശദാംശങ്ങളില്ലാത്ത വിഷയങ്ങളിൽ മുഹമ്മദ് നബിയുടെ ജീവിതചര്യയെ വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനമായി പരിഗണിക്കുന്നുമുണ്ട്.

മനുഷ്യനാണ് വിശുദ്ധ ഖുർ ആനിന്റെ പ്രമേയം. ദൈവം ആദരിക്കുകയും മറ്റ് ജീവജാലങ്ങളെക്കാൾ പ്രാധാന്യവും മുൻഗണനയും നൽകുകയും ചെയ്ത മനുഷ്യന് മാർഗദർശനമായി ഖുർആൻ അവതരിപ്പിച്ചപ്പോൾത്തന്നെ, അവന് ജീവിതത്തിൽ ഇഷ്ടമുള്ള വഴികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. ഏതവസ്ഥയിലും ദൈവം മനുഷ്യനെ നിർബന്ധിക്കുന്നില്ല. സാധാരണഗതിയിൽ മനുഷ്യപ്രകൃതിതന്നെ ആവശ്യപ്പെടുന്നതാണ് ദൈവിക മാർഗദർശനം. എന്നാൽ, സ്വബുദ്ധിയും യുക്തിയും ഉപയോഗിച്ച് ദൈവത്തിലേക്കെത്തിച്ചേരാൻ സാധിക്കാത്ത സന്ദർഭത്തിൽ വിശുദ്ധ ഖുർആനും തുണയായി വരും. അവിടെ ഖുർആൻ പാഠങ്ങൾ ജീവിതത്തിൽ വെളിച്ചം വീശും.
ഭൂമുഖത്ത് സമാധാനപൂർണവും ക്ഷേമൈശ്വര്യങ്ങൾ നിറഞ്ഞതുമായ ജീവിതത്തിന് വിശുദ്ധ ഖുർ ആൻ മനുഷ്യനെ സഹായിക്കുന്നു. ദൈവസ്മരണകൊണ്ടാണ് ഹൃദയങ്ങൾ സമാധാനമടയുക. ദൈവസ്മരണ വേണ്ടുവോളമുണർത്തുന്ന ഖുർആനിക സൂക്തങ്ങൾ മാനവമനസ്സുകളിൽ കുളിരു കോരിച്ചൊരിയും. വികാരങ്ങൾ വറ്റിവരണ്ട ഏതു ഹൃദയവും ഇതിലെ സൂക്തങ്ങൾക്ക് മുന്നിൽ തരളിതമാകും. ആശയറ്റവർക്ക് ഖുർആൻ പ്രത്യാശയുടെ കൈത്തിരി കൊളുത്തുന്നു. ശാന്തിദായകമായ ഒരു ഐഹികജീവിതം മാത്രമല്ല, അനശ്വരമായ ഒരു പാരത്രിക ജീവിതത്തിലേക്കുള്ള നിരന്തരമായ ആഹ്വാനങ്ങളുമായാണ് ഖുർആൻ സകലമനസ്സുകളെയും അതിന്റെ ഭൂമികയിലേക്ക് ക്ഷണിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram