

ഇതൊരിക്കലും ജീവിത നൈസർഗികതയിൽനിന്ന് രൂപം പ്രാപിച്ചു വളർന്നതല്ല. പകരം പരദേശ ജീവിതാനുഭവത്തിലൂടെ പ്രവാസി അറിയാതെ അയാളുടെ ആന്തരിക മനസ്സിൽ സ്ഥാനം പിടിച്ചതാണ്. അത്തരം ജീവിതാവസ്ഥ ഒരാളുടെ സമ്പന്നവും മധുരവുമായ ജീവിതകാലത്താണ് അയാളിൽ സംഭവിക്കുന്നത്. സ്വന്തം ദേശപ്രകൃതിയിൽനിന്ന് മാറി മറ്റൊരു ദേശത്ത് ദീർഘകാലം ചെലവഴിക്കുമ്പോൾ അദ്ദേഹം നേടുന്നതിനേക്കാൾ കൂടുതൽ നഷ്ടപ്പെടുത്തുന്നുണ്ട്. അയാളെ സംബന്ധിച്ച് എല്ലാ നേട്ടവും നഷ്ടവും വ്യക്തിപരമായ ജീവിതത്തിൽ ഭാഗം മാത്രമാണ്. എന്നാൽ ഈ ഘട്ടത്തിൽ അയാളറിയാതെ തന്നിലേക്ക് ഓരോനിമിഷവും ഇഴുകിച്ചേരുന്ന പ്രവാസം എന്ന അനുഭവം അയാളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.
ഇങ്ങനെ ദീർഘകാലം പ്രവാസം അനുഭവിച്ച ഒരാൾ എന്നന്നേക്കുമായി തന്റെ ദേശാന്തര ജീവിതം മതിയാക്കി നാട് അണയുമ്പോൾ അയാളിൽ ഉണ്ടാകുന്ന മറ്റൊരു ഗൃഹാതുരത്വ അടയാളമാണ് അയാളിലെ പ്രവാസഭൂമിക. വർഷങ്ങളായുള്ള ജീവിതം, അയാളിൽ ഉണ്ടാക്കുന്ന നിരവധിയായ അനുഭവങ്ങളിൽനിന്നാണ് പ്രവാസം അയാളിലെ വ്യക്തിയെ മറ്റൊരു തരത്തിലേക്ക് മാറ്റിപ്പണിയുന്നത്. അത് കേവലം രണ്ടോ മൂന്നോ വർഷത്തെ പ്രവാസകാലംകൊണ്ട് സംഭവിക്കുന്നതല്ല. മൂന്നും നാലും പതിറ്റാണ്ട് കാലത്തെ പ്രവാസം കൊണ്ട് രൂപപ്പെടുന്നതാണ്. ഇക്കാലത്തിനിടയിൽ ഉണ്ടാകുന്ന സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങൾ പ്രവാസിയുടെ ജീവിതപ്രതലത്തെ ആകെ മാറ്റിപ്പണിയുന്നുണ്ട്. അതുണ്ടാക്കുന്ന ഏറ്റവും വലിയ സൗന്ദര്യം എന്നുള്ളത് മനുഷ്യർക്കിടയിലെ ബഹുസ്വരത നിത്യ ജീവിതത്തിൽ അനുഭവിക്കുമ്പോൾ ഉണ്ടാവുന്ന ആനന്ദമാണ്.
തന്റെ (പ്രവാസിയുടെ ) ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത പല രീതിയിലുള്ള മനുഷ്യ സ്വത്വങ്ങളെ നേരിട്ട് കാണുന്നത് കാഴ്ചയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അവരുടെ വ്യത്യസ്തമായ സാംസ്‌കാരിക ജീവിതങ്ങളെ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ചെറുതല്ല. അനേകായിരം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളെ നേരിട്ട് പരിചരിക്കുക എന്നത് പ്രവാസികളെ സംബന്ധിച്ച് അനായാസം സംഭവിക്കുന്നതാണ്. ഇത് ദീർഘകാലം നീണ്ടുനിൽക്കുമ്പോൾ ഉണ്ടാകുന്ന ഊഷ്മളത പ്രവാസികളിൽ അറിയാത്തൊരു മാനസികാവസ്ഥ തന്നെ ഉണ്ടാക്കിത്തീർക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രവാസത്തിനു നടുവിൽ ഒറ്റപ്പെട്ടാലും അയാൾക്ക് താൻ ഒറ്റയ്ക്കല്ല എന്നും തനിക്കുചുറ്റും ലോകത്തിലെ വ്യത്യസ്തരായ മനുഷ്യരുടെ സ്നേഹം ഒരു കവചമായി മാറുന്നുണ്ട് എന്നും തോന്നുന്നത്. മറ്റൊരു തരത്തിൽ ഇതൊരു വിചാരം മാത്രമല്ല. മറിച്ച് മനസ്സിന്റെ ആഴങ്ങളിൽ അനുഭവപ്പെടുന്ന ബോധ്യങ്ങൾ കൂടിയാണ്. ഈ ബോധ്യങ്ങളിൽനിന്നാണ് ഒരാൾ തന്റെ പ്രവാസം അവസാനിപ്പിക്കുമ്പോൾ തിരിഞ്ഞു നോക്കാൻ നിർബന്ധിക്കപ്പെടുന്നത്.
സ്വാഭാവികമായും മൂന്നുംനാലും പതിറ്റാണ്ടുകാലത്തെ ഒറ്റ ജീവിതം അവസാനിപ്പിച്ചു കുടുംബത്തോടൊപ്പം കഴിയാൻ തയ്യാറാകുമ്പോൾ പ്രവാസിക്ക് ഉണ്ടാകേണ്ടത് അതിരറ്റ സന്തോഷമാണ്. ആ ജീവിതാനന്ദം പരമകോടിയിൽ എത്തുമ്പോഴും തന്റെ പുറം കണ്ണ് പ്രവാസ ഭൂമികയിലേക്ക് തുറന്നുവെക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
പ്രവാസം അവസാനിപ്പിച്ച ഒരാൾ പിന്നീട് പ്രവാസത്തെ എങ്ങനെയാണ് ഓർത്തെടുക്കുക? താൻ ജീവിച്ചത് തനിക്ക് വേണ്ടി മാത്രമല്ല എന്നചിന്തയിൽ അത് അവസാനിക്കുന്നില്ല. തന്നിലൂടെ വികാസം പ്രാപിച്ച് തണൽ അനുഭവിച്ച മനുഷ്യരുടെ ആത്മസംതൃപ്തിയും അവർക്ക് നൽകിയ സന്തോഷവും അയാളിലെ മനസ്സിൽ ഒട്ടും ഉണങ്ങാതെ കിടക്കുന്നുണ്ട്. അത് സാധ്യമാക്കിയ ഇടത്തെ നഷ്ടമാക്കി അയാൾ തിരിച്ചെത്തുമ്പോൾ ആൾക്കൂട്ട നിബിഡമായ ഒരിടത്തുനിന്ന് അയാൾ പ്രവാസത്തിലേക്ക് നിരന്തരം തിരിഞ്ഞുനോക്കാൻ നിർബന്ധിക്കപ്പെടുന്നുണ്ടെങ്കിൽ അതൊരുതരം ഗൃഹാതുരത്വം അനുഭവ ലോകത്തെയാണ് അടയാളപ്പെടുത്തുന്നത്. അതായത് തുടക്കത്തിൽ അയാളിൽ എങ്ങനെയാണോ നാടൊരു ഗൃഹാതുരത്വത്തിന്റെ നോവായി തീർന്നത് അതേ അനുഭവ പരിസരത്തേക്ക് പ്രവാസം കയറി നിൽക്കുന്ന അവസ്ഥ.
ഈയൊരുഘട്ടത്തിൽ പ്രവാസിയെ സംബന്ധിച്ച് അയാളുടെ ശരീരവും മനസ്സും എത്രമാത്രം പഴക്കപ്പെടുന്നു എന്നതും പ്രധാന വിഷയമാണ്. ജീവിതത്തിന്റെ സായാഹ്നയാത്രയിൽ അയാളിൽ വന്നുനിറയുന്ന ഓർമകളെല്ലാം തന്നെ നാലു പതിറ്റാണ്ടുകാലത്തെ പ്രവാസ പരിസരങ്ങളിൽ നിന്നായിരിക്കും. തനിച്ചുള്ള ജീവിതം. ഒറ്റയ്ക്കുള്ള കിടപ്പും ഭക്ഷണം കഴിക്കലും യാത്രയും ചിന്തയും സ്വപ്നവും അത് ഉണ്ടാക്കുന്ന സുഖദുഃഖങ്ങളും. അതിന്റെ അനുഭവദേശങ്ങൾ ഓർമകളായി തിരിച്ചെത്തുമ്പോൾ അവിടെ സ്ഥലകാലങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. സ്ഥലത്തേക്കുള്ള മനസ്സിന്റെ മടക്കം കാലത്തിലൂടെയാകുമ്പോൾ ഇത് രണ്ടും ഉണ്ടാക്കുന്ന ഓർമകളുടെ വേലിയേറ്റം അയാളിൽ പ്രവാസം വലിയൊരു നഷ്ടബോധം കുഴിച്ചെടുക്കുന്നു. ഈ നഷ്ടബോധം മനസ്സിൽ ഊറിക്കൂടിയ കുറേ മനോഹരമായ ദൃശ്യങ്ങളെ വീണ്ടെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇത് മറ്റൊരു കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ആ കാലം അയാളിലെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും വളർത്തിയത് എങ്ങനെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ ഭൗതികാവസ്ഥയിലുള്ള അസ്തിത്വ നിർമിതിയായിട്ടാണ് സമൂഹം വായിക്കുന്നത്. എന്നാൽ പ്രവാസത്തിൽ എത്തിപ്പെട്ടവരുടെ സാമൂഹിക ജീവിതാവസ്ഥ കൂടിയാണിത്. ഈ അനുഭവം ഓർമയാകുമ്പോഴാണ് മനോഹരമായ ജീവിതകാലമായി അത് മാറുന്നത്. ഇതൊരു സ്വയം സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. അത് മനസ്സിനെ നിരന്തരം അസ്വസ്ഥതപ്പെടുത്തുമ്പോഴാണ് പ്രവാസം അവസാനിപ്പിച്ചയാളിൽ പ്രവാസം ഗൃഹാതുരത്വത്തിന്റെ നോവായി തീരുന്നത്.
ഇങ്ങനെ നാട്ടിൽനിന്ന് പ്രവാസമെന്ന ഗൃഹാതുരത്വ ചിന്തയിലേക്ക് വഴുതിവീഴുന്ന മനുഷ്യർക്ക് ഒരുപാട് കാലമുദ്രകളെ ഓർത്തെടുക്കാനുള്ള സമയം കൂടിയാണിത്. കോവിഡ് കാലത്ത് പ്രവാസം അവസാനിപ്പിച്ച വലിയൊരു വിഭാഗം മൂന്നുനാലു പതിറ്റാണ്ട് തനിച്ച് ജീവിച്ചവരാണ്. അവരുടെ മടക്കം വലിയ ഒരുക്കപാട് ഇല്ലാതെയായിരുന്നു. അതൊരു അനിവാര്യതയായിരുന്നു. അറുപതാമത്തെ വയസ്സിൽ വീണ്ടും ഒരു വിസ കാലാവധിയ്ക്ക് വേണ്ടി ശ്രമിച്ച എത്രയോ പ്രവാസികളെ നമുക്ക് അറിയാം. എന്തുകൊണ്ടാണ് ജീവിതത്തിന്റെ വൈകുന്നേരങ്ങളിൽ സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനേക്കാൾ ഒറ്റപ്പെട്ട ജീവിതത്തെ പ്രവാസികൾ ഇഷ്ടപ്പെടുന്നത്. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. മടങ്ങിപ്പോകാൻ മടിക്കുന്ന ചിലർക്ക് ആ കാരണങ്ങൾ അവരുടെ ഭാവിജീവിതത്തെപ്പോലും ബാധിക്കുന്നതായിരിക്കാം. രണ്ടു മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ ഒരു പ്രവാസി പട്ടിണി കിടന്നുമരിച്ച വാർത്ത നാം വായിച്ചതാണ്. ദീർഘകാലത്തെ പ്രവാസത്തിനുശേഷം അയാൾക്ക് ഒപ്പം നിൽക്കാൻ കുടുംബം തയ്യാറാകാത്ത അവസ്ഥ. അപൂർവമായി സംഭവിക്കുന്നതാണ് അങ്ങനെയെന്ന് ധരിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. എന്നാൽ പ്രവാസികളെ സംബന്ധിച്ച് അപൂർവമായിട്ടുപോലും അങ്ങനെ സംഭവിക്കരുത്. ഇങ്ങനെ സമാനമായ അവസ്ഥ അനുഭവിക്കുന്ന എത്രയോ പ്രവാസികളുണ്ട്. അവരെ സംബന്ധിച്ച് പ്രവാസം ഗൃഹാതുരത്വത്തിന്റെ ഭാഗമാക്കുന്നത് നാട്ടു ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങൾക്കൊണ്ടാണ്.
ഏതൊരു പ്രവാസിയെ സംബന്ധിച്ചും പ്രവാസം താത്‌കാലികമായ തൊഴിലിടം മാത്രമാണ്. എന്നാൽ അവിടെ വെച്ച് അയാൾ സ്വയം മാറ്റിപ്പണിയപ്പെടുകയാണ്. പലപ്പോഴും പൂർണ ബോധ്യത്തോടെ അയാൾ (പ്രവാസി ) അത് അറിയുന്നതേയില്ല. അറിയുമ്പോഴാണ് ദീർഘകാലത്തെ ജീവിത ദേശം ഒരുനോവായി ഊണിലും ഉറക്കത്തിലും അയാളെ വന്നു പൊതിയുന്നത്. ആൾക്കൂട്ടത്തിൽ തനിച്ചാകുമ്പോൾ, കുടുംബത്തിലെ കൂട്ടച്ചിരിയിൽ മൗനം ഭക്ഷിക്കുമ്പോൾ തന്റെ പുറം കണ്ണ് തുറന്നു പിടിക്കുന്നൊരാൾ പ്രവാസത്തിലെ ഒറ്റ ജീവിതത്തിൽ താൻ അനുഭവിച്ച വ്യത്യസ്തരായ മനുഷ്യരുടെ പങ്കുവെപ്പുകൾ നൽകിയ ആനന്ദത്തെ ' വീണ്ടും വീണ്ടും ഓർത്തെടുക്കുന്നു. ഈ ഓർമയാണ് ആരും കാണാതെ അയാളെ പ്രവാസത്തിലേക്ക് തിരിച്ചുനടത്തുന്നത്. നിന്നിടത്തു നിന്ന് കാതങ്ങൾക്കകലെയുള്ള മരുഭൂമിയിലേക്കുള്ള മനസ്സിന്റെ യാത്ര. അതാണ് പ്രവാസത്തിലെ ഗൃഹാതുരത്വം.
ഏതൊരു പ്രവാസിയെ സംബന്ധിച്ചും പ്രവാസം താത്‌കാലികമായ തൊഴിലിടം മാത്രമാണ്. എന്നാൽ അവിടെ വെച്ച് അയാൾ സ്വയം മാറ്റിപ്പണിയപ്പെടുകയാണ്