ഘാഗ ദ്വീപിൽ കണ്ടെത്തിയ കൽവീടിന്റെ ശേഷിപ്പുകൾ
പശ്ചിമ അബുദാബിയിൽ ഘാഗ ഐലൻഡിലാണ് പ്രൗഢമായ ഒരു ചരിത്രത്തിലേക്ക് വഴിതുറക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മനുഷ്യപരിണാമത്തിന്റെതന്നെ വിവിധ ഘട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് വഴിവെക്കുകയാണ് ഈ ശേഷിപ്പുകൾ. കാർബൺ ഡേറ്റിങ് പരിശോധനയിലൂടെയാണ് ഇത് യു.എ.ഇ.യിൽ ഇന്നോളം കണ്ടെത്തിയതിൽവെച്ച് ഏറ്റവും പഴക്കംചെന്നതാണെന്ന അനുമാനത്തിൽ ശാസ്ത്രകാരന്മാർ എത്തിച്ചേരുന്നത്. മർവ ഐലൻഡിലെ പുരാതന കെട്ടിടാവശിഷ്ടങ്ങളായിരുന്നു ഇതുവരേക്കും യു.എ.ഇ.യിൽ കണ്ടെത്തിയ ഏറ്റവുംപഴക്കംചെന്ന നിർമിതിയായി കണക്കാക്കിയിരുന്നത്. 8000 വർഷങ്ങൾക്കുമുമ്പുള്ള കൽവീടുകളുടെ ഭാഗങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയിരുന്നത്. ശിലായുഗകാലത്തിലേതെന്നുകണക്കാക്കുന്ന മറ്റ് ഒട്ടേറെ ശേഷിപ്പുകളും അവിടെനിന്ന് കണ്ടെത്തിയിരുന്നു.
നവശിലായുഗകാലത്തെ ദീർഘദൂര സമുദ്രകച്ചവടയാത്രകളെ അടിസ്ഥാനപ്പെടുത്തിയാകാം ഈഭാഗത്തെ ജനജീവിതം മുന്നോട്ടുപോയിട്ടുണ്ടാകുകയെന്ന അനുമാനത്തിലായിരുന്നു ഇതുവരേക്കും. എന്നാൽ, കച്ചവടയാത്രകൾക്കുംമുമ്പ് ഈഭാഗത്ത് വാസകേന്ദ്രങ്ങൾ നിലനിന്നിരുന്നുവെന്ന വാദത്തിലേക്കാണ് ഘാഗയിലെ ഈ ശിലാശേഷിപ്പുകൾ വിരൽചൂണ്ടുന്നത്. അങ്ങനെയെങ്കിൽ അതിപുരാതനമായ ഒരു കച്ചവടസംസ്കാരവും ഇവിടെ നിലനിന്നിരുന്നുവെന്ന് കണക്കാക്കേണ്ടിവരും. ഇതുവരേക്കും ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിച്ചിട്ടില്ലാത്ത സമൃദ്ധമായ ഒരു തീരദേശ സമ്പദ്‌വ്യവസ്ഥ ഇവിടെ നിലനിന്നിരിക്കാം. വരണ്ടതും വാസയോഗ്യവുമല്ലാത്ത ദ്വീപുകൾ മാത്രമുണ്ടായിരുന്ന ഇടമെന്ന വാദത്തെ ഈ കണ്ടെത്തൽ ഖണ്ഡിക്കുന്നു. ഇന്ന് ഇവിടെ വസിക്കുന്നവരിലെ നിരന്തര നവീകരണത്തിന്റെയും പ്രതിരോധശേഷിയുടെയും സുസ്ഥിരതയുടെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന ഡി.എൻ.എ.യുടെ വേരുകൾക്ക് 8500 വർഷത്തിന്റെ പഴക്കമുണ്ടായിരുന്നിരിക്കണം. യു.എ.ഇ.യും കടലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഈ ശേഷിപ്പുകളിൽനിന്ന് മനസ്സിലാക്കാനാകും. കടലുമായി ചേർന്ന് നിലകൊണ്ടിരുന്ന സമൃദ്ധമായ സാമൂഹികജീവിതാവസ്ഥ ഇന്നത്തെ യു.എ.ഇ.യുമായി എളുപ്പം ചേർത്തുവായിക്കാനാകും.

വൃത്താകൃതിയിലുള്ള മുറികളാണ് അക്കാലത്ത് വാസകേന്ദ്രങ്ങൾക്കുള്ളിലുണ്ടായിരുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. കല്ലുകൾ കൂട്ടിയോജിപ്പിച്ച് ഒരുമീറ്റർ ഉയരത്തിൽ ചുവരുകൾ. ഇതുപോലെ നിരവധിയെണ്ണം. ഓരോ മുറികൾക്കുള്ളിലും പലതരത്തിലുള്ള ശില്പകലാരൂപങ്ങളും കൊത്തിവെക്കപ്പെട്ടിരിക്കുന്നു. ഇവയിൽ അതിസൂക്ഷ്മമായി ഉരച്ചൊരുക്കിയ കൂർത്തകല്ലുകൾകൊണ്ടുള്ള അമ്പിൻമുനകൾ നായാട്ടുസംസ്കാരത്തെ അടയാളപ്പെടുത്തുന്നു. കടൽവിഭവങ്ങളും പ്രദേശവാസികൾക്ക് പ്രിയപ്പെട്ടതാകാമെന്ന് ഇവിടെ കണ്ടെത്തിയ തെളിവുകൾ അടിവരയിടുന്നു. ഈ ആവാസവ്യവസ്ഥ എത്രകാലം നിലനിന്നിരുന്നുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി തുടരുന്നു. എങ്കിലും 5000 വർഷങ്ങൾക്കുമുമ്പ് ഇവിടെ അടക്കംചെയ്തിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ഒരു മൃതദേഹാവശിഷ്ടം പര്യവേക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു. അബുദാബി ദ്വീപിൽത്തന്നെ ഈ കാലഘട്ടത്തിൽ മൃതദേഹം അടക്കംചെയ്തതായി കണ്ടെത്തിയ ഒരേയൊരു പ്രദേശംകൂടിയായി ഇത്.
യു.എ.ഇ.യുടെ പ്രൗഢമായ ഭൂതകാലം തേടിയുള്ള യാത്രയിൽ സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് ചെന്നെത്തുന്ന സുപ്രധാന ഇടങ്ങളിലൊന്നായാണ് ഘാഗ ദ്വീപ് കണക്കാക്കപ്പെടുന്നത്. അബുദാബിയിലെ പുരാതന കണ്ടെത്തലുകളിൽ 60 ലക്ഷം വർഷങ്ങൾക്കുമുമ്പത്തേതെന്ന് കണക്കാക്കുന്ന മയോസിൻ ട്രാക്ക്‌വേകളും ഉൾപ്പെടും. വംശനാശം സംഭവിച്ച പുരാതന ആനകളുടെ കാൽപ്പാടുകളാണിവയെന്ന് കണക്കാക്കുന്നു. ലോകത്തിലെ അതിപുരാതന ജലസേചനസംവിധാനമായ ‘ഫലജ്’ അൽ ഐനിൽ കണ്ടെത്തിയിരുന്നു. 3000 വർഷം പഴക്കമാണ് ഇതിനുകണക്കാക്കുന്നത്. അൽഐനിലെ അൽഹിലിയിൽ കണ്ടെത്തിയ ഇരുമ്പുയുഗകോട്ടയുടെ അവശിഷ്ടം, ജെബൽ ഹഫീതിൽ കണ്ടെത്തിയ കല്ലുകൊണ്ടുള്ള പൗരാണിക ആയുധങ്ങളും മറ്റുമെല്ലാം യു.എ.ഇ.യുടെ ചരിത്രപുസ്തകത്താളുകൾക്കും പിറകിലേക്കുള്ള അന്വേഷണങ്ങൾക്ക് വെളിച്ചംപകരുന്നവയാണ്.
യു.എ.ഇ.യുടെ എഴുതപ്പെടാത്ത ചരിത്രത്തിലൂടെയുള്ള യാത്രകൾ അത്യധികം ആശ്ചര്യകരമാണ്.