പരിശുദ്ധ റംസാനിൽ വ്രതപുണ്യം തേടി പതിനായിരങ്ങളാണ് ഓരോ ദിവസവും അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെത്തുന്നത്. ദിവസം മുഴുവൻ നീളുന്ന ഉപവാസത്തിനൊടുവിൽ പള്ളിയങ്കണത്തിൽ ഒരുക്കിയ വിഭവങ്ങൾ കഴിച്ച് നിറഞ്ഞ മനസ്സോടെ മടക്കം. മഗ്‌രിബ് വിളിക്ക് ശേഷം പതിയെ ഇരുട്ട് വീണുതുടങ്ങുമ്പോൾ വർണ വിളക്കുകളുടെ പശ്ചാത്തലത്തിൽ ചൈതന്യത്തോടെ വിളങ്ങി നിക്കുന്ന ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് കാണുന്ന ആർക്കും മടങ്ങിപ്പോകാനും തോന്നില്ല. പള്ളിക്ക് മുന്നിലെ തടാകത്തിൽ പ്രതിഫലിക്കുന്ന സ്വർണ മിനാരങ്ങളുടെ പ്രതിബിംബം സ്വപ്നസമാനമായ കാഴ്ച സമ്മാനിക്കുന്നു.
ഓരോ ദിവസവും കാൽ ലക്ഷത്തിലധികം ആളുകളാണ് ഗ്രാന്റ് മോസ്കിൽ നോമ്പ്തുറക്കെത്തുന്നത്. ഇതിൽ വിശ്വാസികളും ഇതര മതസ്ഥരായവരും ഉൾപ്പെടും. പള്ളിയങ്കണത്തിൽ മനോഹരമായി വെട്ടിയൊരുക്കിയ പുൽ മൈതാനിയിലും പ്രത്യേകമായൊരുക്കിയ ഇഫ്താർ തമ്പുകളിലും നോമ്പ് തുറ നടക്കുന്നു. 1000 മുതൽ 1500 ഓളം ആളുകൾക്ക് ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ശീതീകരിച്ച 13 തമ്പുകളാണിവിടെയുള്ളത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ മുതിർന്നവരെന്നോ ചെറുപ്പക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും നീണ്ടവരികളിൽ ഒന്നിച്ചിരിക്കുന്നു. ശാന്തമായ മനസ്സോടെ, പ്രാർത്ഥനയോടെ... ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പള്ളിയിലെ നോമ്പ് തുറ വിശേഷങ്ങൾ വാക്കുകളുടെ വിവരണത്തിനതീതമാണ്.
ഏഴ് മണിക്ക് ശേഷം നടക്കുന്ന നോമ്പ് തുറയുടെ വിഭവങ്ങളൊരുക്കൽ തലേന്ന് വൈകുന്നേരം മുതൽ ആരംഭിക്കുന്ന ചടങ്ങാണ്. പള്ളിക്ക് സമീപം സായുധ സേനാ കാര്യാലയത്തിലെ വിശാലമായ പാചകശാലയിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. വിമലീകരണത്തിന്റെ രാപ്പകലുകൾക്കൊടുവിൽ വിശന്ന വയറുമായെത്തുന്നവർക്ക് ഏറ്റവും നിഷ്‌കർഷതയോടെയാണ് വിഭവങ്ങൾ ഒരുക്കുന്നത്. ലോകത്തിന്റെ ഓരോ കോണിലുമുള്ള ഒരാളെങ്കിലും കാണും എന്നും പള്ളിയങ്കണത്തിൽ നോമ്പ് തുറക്ക്. അതുകൊണ്ടുതന്നെ അവർക്കായൊരുക്കുന്ന ഭക്ഷണങ്ങൾക്കുമുണ്ട് ഏറെ പ്രത്യേകത. മസാലക്കൂട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഇറച്ചി തന്നെയാണ് മുഖ്യ വിഭവം. കോഴിയും ആടും ഇവിടെ വിളമ്പുന്നു. നല്ല നീളവും വാസനയുമുള്ള അരികൊണ്ടുള്ള ചോറാണ് ഒപ്പം നൽകുക. പോഷകമൂല്യം നിറഞ്ഞ പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന ഒരു കറിയും കൂടെയുണ്ടാവും. ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള ആളുകൾക്കും നാവിൽ അരുചി തോന്നാത്ത വിധം പാകത്തിലാണ് എരിവിന്റെയും ഉപ്പിന്റെയും ഉപയോഗം. സാമ്പാറും കൂട്ടുകറിയും അവിയലും കൂട്ടിയുണ്ട മലയാളിക്കും സോസും ചീസും പാസ്തയും ശീലമാക്കിയ ഇറ്റലിക്കാരനും കടുകെണ്ണയിൽ മുങ്ങിയ ഇറച്ചിക്കറിയും റൊട്ടിയും കഴിച്ച് വളർന്ന പാക്കകിസ്താനിക്കും ഹമ്മൂസും മുത്തബലയും ഇഷ്ടപ്പെടുന്ന അറബികൾക്കും ഗ്രാന്റ് മോസ്കിലെ കറി ഇഷ്ടപ്പെടുകതന്നെ ചെയ്യും. ഇതോടൊപ്പം പച്ചക്കറികൾ കൊണ്ടുള്ള സാലഡ്, ആപ്പിൾ, ഈന്തപഴം, ജ്യൂസ്, മോര്, ഊർജദായകങ്ങളായ പാനീയങ്ങൾ, വെള്ളം എന്നിവയും നൽകുന്നു. ശ്രദ്ധയോടെ വലിയ കാർബോഡ് പെട്ടികളിൽ ഒരുക്കിയ ഇത്രയും വിഭവങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ നിര തന്നെയുണ്ട്. ഇതിൽ സ്വദേശികളും വിദേശികളും സ്ത്രീകളും ഉൾപ്പെടും.
ഭക്ഷണ നിർമ്മാണത്തിന്റെ പിറകിലുള്ള ആളുകളുടെയും ചേരുവകളുടെയും കാര്യമന്വേഷിച്ചാൽ ആശ്ചര്യം കൊണ്ട് ആരും മൂക്കത്ത് കൈവച്ചുപോകും. 350-ഓളം പാചക വിദഗ്‌ധരുടെയും 610 ഓളം സഹായികളുടെയും 24 മണിക്കൂറും നീളുന്ന അദ്ധ്വാനമുണ്ട് ഓരോ ദിവസത്തെയും വിഭവ നിർമ്മാണത്തിന് പിറകിൽ. മുപ്പതിനായിരത്തോളം ആളുകൾക്കുള്ള ഭക്ഷണം ദിവസവും ഇവിടെയുണ്ടാക്കുന്നു. വാരാന്ത്യങ്ങളിൽ അയ്യായിരമോ പതിനായിരമോ ആളുകൾ അധികമായേക്കാം. ചോള എണ്ണയിലാണ് പ്രധാനമായും പാചകം. 500 കിലോ ഉരുളക്കിഴങ്ങ്, 7000 കിലോ അരി, 12000 കിലോ ചിക്കൻ, 5000 കിലോ ആട്, 15 കിലോ ബിരിയാണി മസാല, 50 കിലോ വെളുത്തുള്ളി, 400 കിലോ ഉള്ളി, 600 കിലോ തക്കാളി, 1200 കിലോ കാരറ്റ്, വഴുതനയും വെണ്ടയും കടലയുമടക്കമുള്ളവ 1600 കിലോ, 200 ലിറ്റർ ചോള എണ്ണ എന്നിവയാണ് നിത്യേനയുള്ള ബിരിയാണിക്കും കറിക്കുമുള്ള ചേരുവകൾ. 1200 ആളുകൾക്ക് വേണ്ട ഭക്ഷണം ഒന്നിച്ച് തയ്യാറാക്കാവുന്ന വലിയ പാത്രങ്ങളിലാണ് നിർമ്മാണം. ഇത്തരത്തിലുള്ള നിരവധി പാത്രങ്ങളിലാണ് ബിരിയാണിയും കറിയുമുണ്ടാക്കുക. ഉച്ചയോടെ തയ്യാറാവുന്ന വിഭവങ്ങൾ കൃത്യതയോടെ ബോക്സുകളിൽ ഒരുക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചൂട് കാലാവസ്ഥയും ഭക്ഷണം വിളമ്പാൻ ആറോ ഏഴോ മണിക്കൂർ കഴിയണമെന്നുള്ളതും പാക്കിംഗിനെ അതീവ ശ്രദ്ധയോടെ ചെയ്ത് തീർക്കേണ്ട കാര്യമാക്കുന്നു. ഊഷ്മാവ് ക്രമീകരിക്കാനുള്ള സൗകര്യങ്ങളോടുകൂടിയ 12 ലോറികളിലാണ് ബോക്സുകളിലാക്കിയ ഭക്ഷണം പള്ളിയിലെത്തിക്കുക. വൈകിട്ട് മൂന്ന് മണിയോടെ പള്ളിയിൽ ഭക്ഷണമെത്തിത്തുടങ്ങും.
അഞ്ച് വർഷം മുൻപ് വരെ പതിനായിരത്തോളം ആളുകൾ മാത്രമാണ് ഗ്രാന്റ് മോസ്കിലെ ഇഫ്താറിനെത്തിയിരുന്നുള്ളൂ. എന്നാലിപ്പോൾ അതിന്റെ മൂന്നോ നാലോ ഇരട്ടിയാളുകൾ ദിവസേന നോമ്പ്തുറക്കിവിടെയെത്തുന്നു. ഒരു ഇസ്‌ലാം മത ദേവാലയം മാത്രമായല്ല ഗ്രാന്റ് മോസ്ക് അതിഥികളെ വരവേൽക്കുന്നത് എന്നതാണിതിന് കാരണം. നോമ്പ് തുറ നടക്കുന്ന ഒരുപാട് പള്ളികളിൽ നിന്ന് അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്കിനെ വേറിട്ട് നിർത്തുന്നതും ഈ കാരണം തന്നെ. ലോക സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഗ്രാന്റ് മോസ്കിലെ കാഴ്ചകൾ കണ്ടാസ്വദിച്ച് ഇഫ്താറിന്റെ ഭാഗമാവാനെത്തുന്ന നിരവധി വിദേശികളെയും ഇവിടെ കാണാം. ഒരു പക്ഷേ, കാൽ ലക്ഷത്തിലധികം ആളുകൾ ഒരേ മനസ്സോടെ ഭക്ഷണം കഴിക്കുന്ന കാഴ്ചയും ലോകത്ത് മറ്റെവിടെയും കാണാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഒരു ചരിത്രാന്വേഷിക്കോ സഞ്ചാരിക്കോ ഗ്രാന്റ് മോസ്കിലെ നോമ്പ് തുറയും സമ്മാനിക്കുന്നത് വേറിട്ട കാഴ്ച തന്നെയാവാം. കൂട്ടുകാർക്കൊപ്പം മുടങ്ങാതെ വ്രതമനുഷ്ഠിക്കുന്ന നിരവധി അമുസ്ലിങ്ങളും ഇവിടെയെത്തുന്നരിൽ ഉൾപ്പെടും.
നോമ്പ് തുറക്ക് ശേഷം പള്ളിയോട് ചേർന്നുള്ള തടാകത്തിന് അരികിൽ ഇലക്ട്രിക് ബൾബുകളുടെ പ്രകാശത്തിൽ തിളങ്ങുന്ന നിലത്ത് വിശ്വാസികൾ ഒരുമിച്ച് നമസ്കരിക്കുന്ന കാഴ്ച മനസ്സിന് ഏറെ പ്രശാന്തത പകരുന്ന ഒന്നാണ്. നമസ്കാരത്തിന് ശേഷം അൽപ സമയം തടാകത്തിന് വശങ്ങളിലും ദേവാലയത്തിന്റെ മാർബിൾ പതിച്ച ഇടനാഴിയിലും ചെലവഴിച്ച് വീണ്ടും അവരവരുടെ ലോകത്തേക്ക് മടങ്ങും. സത്ചിന്തകളുടെ പ്രതിഫലം മനസ്സിലും വ്രതശുദ്ധിയുടെ കരുത്ത് ശരീരത്തിലുമായി.