ചെറുപ്പകാലത്ത് വീട്ടില്‍ വെള്ളം പമ്പുചെയ്യാനുള്ള ഒരു മോട്ടോറുണ്ടായിരുന്നു ('വെള്ളമടിക്കാനുള്ള പമ്പ്' എന്നാണ് ഞങ്ങള്‍ പറയാറ്. പക്ഷെ ഇപ്പോള്‍ വീടുകളില്‍ നോട്ടെണ്ണാന്‍ വരെ യന്ത്രം ആയ സ്ഥിതിക്ക്, എന്റെ റെപ്പ്യൂട്ടേഷന്‍ അനുസരിച്ച് ചെറുപ്പത്തില്‍ വീട്ടില്‍ യന്ത്രം വച്ചുതന്നെ 'വെള്ളമടിക്കുന്ന' കുടുംബം ആയിരുന്നുവെന്ന് തെറ്റിദ്ധരിച്ചാലോ എന്നോര്‍ത്താണ് പമ്പുചെയ്യുന്ന എന്നൊക്കെ ആക്കിയത്) വീട്ടിലെ ആവശ്യത്തിനു ടാങ്കിലേക്കും വേനല്‍ക്കാലത്ത് തെങ്ങും അടക്കാമരവും ഒക്കെ നനക്കാന്‍ പറമ്പിലേക്കും അതുവഴിയാണ് വെള്ളമടിക്കുന്നത്.
ഓരോ വര്‍ഷവും പക്ഷെ പൈപ്പില്‍കൂടെ വരുന്ന വെള്ളത്തിന്റെ അളവു കുറയും. മണ്ണിനടിയിലാണ് പൈപ്പ് ഇട്ടിരിക്കുന്നത്. മേടിച്ച കാലത്ത് നല്ലൊന്നാംതരം ഇരുമ്പ് പൈപ്പ് (G.I) ആയിരുന്നു. പൈപ്പിന്റെ ഇങ്ങേ തലക്കല്‍ വെള്ളം കുറയുമ്പോള്‍ അമ്മാവന്‍ അയല്‍വാസിയായ രാജപ്പനെ വിളിക്കും. പിന്നെ 'മൈതീനേ ഇപ്പൊ ശരിയാക്കിത്തരാം' എന്ന ഡയലോഗ് ഓര്‍മ്മിപ്പിക്കുന്ന റിപ്പയര്‍ ആണ്. ഫുട്ട് വാല്‍വ് മാറ്റുന്നു, പാക്കിംഗ് മാറ്റുന്നു, കപ്ലിംഗ് ടൈറ്റ് ആക്കുന്നു. കുറച്ചു മാറ്റമൊക്കെയുണ്ടാകും. പക്ഷെ കൃഷിയാവശ്യത്തിന് വെള്ളം കിട്ടാതാകുമ്പോള്‍ അമ്മാവന്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോര്‍ വയ്ക്കും. പ്രശ്‌നം തല്‍ക്കാലത്തേക്ക് മാറും. പക്ഷെ, അടുത്ത വര്‍ഷം പിന്നെയും തഥൈവ.
ഈ പ്രശ്‌നത്തിന്റെ ഗുട്ടന്‍സ് ഞങ്ങള്‍ക്ക് പിടികിട്ടിയത് നാട്ടില്‍ പിവിസി പൈപ്പ് വന്നതിനുശേഷമാണ്. കുഴിച്ചിട്ട ഇരുമ്പുപൈപ്പ് എടുത്തുമാറ്റി പിവിസി ഇട്ടു. അപ്പോഴാണ് കാണുന്നത് ഇരുമ്പ് പൈപ്പാകെ തുരുമ്പിച്ചു തുള പിടിച്ചിരുന്നു. പത്തുലിറ്റര്‍ വെള്ളം പമ്പുചെയ്താല്‍ നാലു ലിറ്ററേ മറ്റേ അറ്റത്തെത്തൂ. പക്ഷെ, പൈപ്പ് മണ്ണിനടിയില്‍ ആയതിനാല്‍ പ്രശ്‌നം ഞങ്ങള്‍ കണ്ടതുമില്ല. ഒന്നര കുതിരശക്തി (H.P) യില്‍ നിന്നും മോട്ടോര്‍ അഞ്ചു കുതിരശക്തിയിലാക്കിയതു മിച്ചം.
ഇന്ത്യയിലെ ഭരണവ്യവസ്ഥയും ഇങ്ങനെയൊക്കെയാണെന്ന് എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. ഭരണനേതൃത്വമാണ് മോട്ടോര്‍ എന്നും ഭരണസംവിധാനമാണ് പൈപ്പുകളെന്നും വിചാരിക്കുക. വീട്ടിലെ ഒറ്റ പൈപ്പിന് പകരം റവന്യൂ മുതല്‍ സാമൂഹ്യ ക്ഷേമം വരെ, ആരോഗ്യം മുതല്‍ പരിസ്ഥിതി വരെ അനവധി പൈപ്പുകളുണ്ട്. ജനങ്ങള്‍ വിചാരിക്കുന്ന സേവനങ്ങള്‍ ഈ പൈപ്പുകളുടെ മറ്റേ അറ്റത്തു കിട്ടിയില്ലെങ്കില്‍ നാം മോട്ടോറിനെ കുറ്റം പറയും. ജനാധിപത്യത്തില്‍ അത് മാറ്റുകയും ചെയ്യും. പക്ഷെ, എത്ര നല്ല മോട്ടോര്‍ വച്ചാലും തുളയുള്ള ബ്യൂറോക്രസിയിലൂടെ പൊതുസേവനം (Public Service) കടന്നുപോകുമ്പോള്‍ ഉദ്ദേശിച്ച ഭരണഫലങ്ങള്‍ ജനങ്ങളില്‍ എത്തില്ല.
പക്ഷെ, ജനം പ്രത്യക്ഷത്തില്‍ കാണുന്നതു നേതൃത്വത്തെയാണ്, അവിടെയാണ് മാറ്റം വരുത്തുന്നതും. അടിസ്ഥാന സംവിധാനത്തില്‍ ഒരു മാറ്റവും വരുത്താതെ കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന, ടാക്‌സ് വെട്ടിക്കുന്ന, നിയമം പാലിക്കാത്ത നമ്മുടെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ, സങ്കീര്‍ണ്ണമായ വകുപ്പുകളും നിയമങ്ങളും ചട്ടങ്ങളും ഒന്നും മാറ്റതെ ഒരു മോഡിയോ കേജ്‌രിവാളോ വന്ന് പത്ത് കുതിരശക്തിയില്‍ പമ്പുചെയ്ത് പഴയ ബ്യൂറോക്രസിയിലൂടെ ഭരണനേട്ടം ജനത്തിന് എത്തിക്കുമെന്ന് നാം വ്യാമോഹിക്കുന്നു. മോട്ടോര്‍ മാറ്റുന്നതിനുമുമ്പ് പൈപ്പ് ഒന്നു പരിശോധിക്കണം, അതിലെ തുളകള്‍ അടക്കുകയും വേണം. കുറെ തുളകള്‍ വീണിരിക്കുന്നത് നമ്മിലാണ്. അതും മാറ്റാന്‍ നോക്കണം. അല്ലാതെ ഒരു മിടുക്കന്‍ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വിചാരിച്ചാല്‍ തീരുന്നതല്ല നമ്മുടെ പ്രശ്‌നങ്ങള്‍.
ഞാന്‍ ഇതിപ്പോള്‍ കണ്ടുപിടിച്ചതല്ല. അല്‍പ്പം ആശാഭംഗത്തില്‍ നിന്ന് മനസ്സിലാക്കിയെടുത്തതാണ്. മുപ്പതുവര്‍ഷം മുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലം ഞാന്‍ ഓര്‍ക്കുന്നു. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഇന്ത്യ ലോകശക്തിയാകുന്നു, തൊഴിലില്ലായ്മ തുടച്ചുമാറ്റപ്പെടുന്നു എന്നിങ്ങനെ. അദ്ദേഹം ഇതെല്ലാം ഇടക്കിടക്ക് അടിച്ചുവിടുകയും ചെയ്തു. അന്നദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം, അവിടുത്തെ പ്രസ് കോണ്‍ഫറന്‍സ്, സെനറ്റിലെ പ്രസംഗം എല്ലാം കേള്‍ക്കെണ്ടാതായിരുന്നു. ഇന്ത്യാ ദാ ഇപ്പൊ മാറും എന്ന് തോന്നിക്കാന്‍ അദ്ദേഹത്തിന് പറ്റി.
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി ആറില്‍ കോതമംഗലത്ത് നിന്നും സിവില്‍ എന്‍ജിനിയറിങ് പാസ്സായ ഞങ്ങളില്‍ പത്തിലൊന്ന് പേര്‍ക്കും ഒരു തൊഴിലും കിട്ടിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രസംഗമൊക്കെ കേട്ടപ്പോള്‍ ഒരഞ്ചുവര്‍ഷം കഴിഞ്ഞാല്‍ കഥ മാറുമെന്ന് ഞങ്ങളെല്ലാം മോഹിച്ചു.
ഇപ്പോള്‍ അടുത്ത തലമുറ ആയി, അടുത്ത നേതാവ് വന്നു. അദ്ദേഹം ഇപ്പോള്‍ ഇന്ത്യയെ മാറ്റും എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഒരു ദേജാവൂ ( Déjà vu ) തോന്നിയാല്‍ കുറ്റം പറയരുത്. പ്രായമായാല്‍ അങ്ങനെയൊരു കുഴപ്പമുണ്ട്. ഇതൊക്കെ ഞങ്ങള്‍ പണ്ടേ കണ്ടതാണെന്ന് ഇടയ്ക്കിടയ്ക്ക് തോന്നും.
ഇന്ത്യയ്ക്ക് ഇന്നത്തെ അത്ര ബ്രാന്‍ഡ് വാല്യൂ ഒന്നുമില്ലാത്ത കാലമാണ്. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ നന്നാക്കുക എന്നത് രാജീവിന്റെയും ലക്ഷ്യമായിരുന്നു. അതിനുവേണ്ടി അദ്ദേഹം ലോകതലസ്ഥാനങ്ങളില്‍ 'ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ' ആസൂത്രണം ചെയ്തു. അതിലൊന്ന് അമേരിക്കയിലായിരുന്നു. ഉത്ഘാടനത്തിന് രാജീവും അമേരിക്കന്‍ പ്രസിഡന്റും ഉണ്ടായിരുന്നു. പ്രധാന ഐറ്റം കഥകളി.
അത്രയും കലക്കി. പക്ഷെ, കഥകളി കുറച്ചു നീങ്ങിയപ്പോള്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഉറക്കമായി. അന്നതൊക്കെ വലിയ വാര്‍ത്തയായിരുന്നു.
സത്യം പറയണമല്ലോ, അവരെ കുറ്റം പറയാന്‍ പറ്റില്ല. കഥകളി കേരളത്തിന്റെ സ്വകാര്യ അഹങ്കാരം എന്നൊക്കെ നമ്മള്‍ എല്ലാം വീമ്പു പറയുമെങ്കിലും പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ബോറടിക്കാതെ കഥകളി കണ്ടുകൊണ്ടിരിക്കാന്‍ സാധാരണക്കാര്‍ക്ക് പറ്റില്ല. അസാധാരണക്കാരാനായ ഞാന്‍ പോലും അരമണിക്കൂറിനകം ഉറക്കമാകും. പിന്നയല്ലേ അന്യനാട്ടുകാരുടെ കാര്യം!
ഇതു പക്ഷെ നമ്മുടെ കുറ്റമല്ല. മിമിക്‌സ് പരേഡ് പോലെയോ സിനിമാറ്റിക് ഡാന്‍സ് പോലെയൊ എളുപ്പത്തില്‍ ആസ്വദിക്കാവുന്ന ഒന്നല്ല കഥകളി. കഥയറിയണം, പാട്ടറിയണം, ഭാഷ അറിയണം, മുദ്ര അറിയണം, കൊട്ടറിയണം, വേഷമറിയണം എന്നിങ്ങനെ ആസ്വാദകനും ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. പക്ഷെ കഥകളിയെപ്പറ്റി വലിയ വായില്‍ സാംസ്‌ക്കാരിക പൈതൃകം എന്നൊക്കെ പലവുരു പഠിപ്പിക്കുന്നതല്ലാതെ എങ്ങനെ കഥകളി ആസ്വദിക്കാം എന്ന് എന്റെ തലമുറയെ ആരും പഠിപ്പിച്ചില്ല.
വാസ്തവത്തില്‍ അതിന് അവസരം ഉണ്ടായിരുന്നു. മ്യൂസിക് പഠിപ്പിക്കാന്‍ അമ്മാളുസാറും ഡ്രോയിംഗ് പഠിപ്പിക്കാന്‍ കൃഷ്ണപിള്ളസാറും സ്‌കൂളില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഈ അദ്ധ്യാപകര്‍ക്ക് വേണമെങ്കില്‍ കലാസ്വാദനം പഠിപ്പിക്കാമായിരുന്നു. പക്ഷെ, അവര്‍ അങ്ങനെയല്ല ചെയ്തത്. ഡ്രോയിംഗ് ക്ലാസ്സില്‍ എല്ലാ കുട്ടികളും ഒരു നീണ്ട ഡ്രോയിംഗ് ബുക്കും പെന്‍സിലുമൊക്കെ ആയിട്ടാണ് ചെല്ലേണ്ടത്. കൃഷ്ണപിള്ളസാര്‍ ഒരു ബോര്‍ഡില്‍ ഒരു അരയന്നത്തിന്റെ കഴുത്ത് വരക്കും. അത് അതിമനോഹരമായിരിക്കുകയും ചെയ്യും. പെയിന്റിംഗില്‍ യാതൊരു നൈസര്‍ഗ്ഗിക കഴിവുമില്ലാത്ത ഞങ്ങള്‍ മുപ്പത്തൊമ്പതുപേരും അരയന്നത്തിന്റെ കഴുത്തു വരക്കാന്‍ നോക്കും, കുളമാകും, മായ്ക്കും, വീണ്ടും വരക്കും, അതിലും കുളമാകും, സാറു ചീത്ത പറയും, സ്ഥലം വിടും. ഇതുതന്നെ ഡ്രോയിംഗ് ക്ലാസ്. അവസാനം പരീക്ഷ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു. പാട്ടു പഠിപ്പിക്കലിന്റെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ.
ഇതിനു പകരം പെയിംന്റിംഗിന്റെ വിവിധ രീതികളെപ്പറ്റി, റിയലിസവും ഇംപ്രഷനിസവും തമ്മിലുള്ള മാറ്റത്തെപ്പറ്റി, ലോകോത്തര പെയിന്റര്‍മാരെപ്പറ്റി, നമ്മുടെ പെയിന്റിംഗ് പാരമ്പര്യത്തെ പറ്റി, ലോകപ്രശസ്ത പെയിംന്റിംഗുകളെപ്പറ്റി ഒക്കെയാണ് സാര്‍ പഠിപ്പിച്ചിരുന്നതെങ്കില്‍ ക്ലാസിലെ എല്ലാവര്‍ക്കും അത് താല്‍പ്പര്യമുള്ളതായിരുന്നേനെ. ഏതെങ്കിലും പെയിന്റിംഗ് കാണുമ്പോള്‍ ഇതു വിശകലനം ചെയ്യാനും ആസ്വദിക്കാനും പറ്റിയേനേ. അരയന്നത്തിന്റെ കഴുത്തും വരച്ചിരുന്നതിനാല്‍ സമയവും പോയി, പെയിന്റിംഗിലുള്ള താല്‍പ്പര്യവും പോയി.
കൂട്ടത്തില്‍ പറയട്ടെ, കൃഷ്ണപിള്ളസാര്‍ വകയില്‍ എന്റെ അമ്മാവന്‍ ആണ്. കുഞ്ഞികൃഷ്ണ അമ്മാവന്‍ എന്നാണ് ഞങ്ങള്‍ വീട്ടില്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. പ്രശസ്തന്‍ അല്ലായിരുന്നുവെങ്കിലും പ്രഗല്‍ഭനായ ചിത്രകാരന്‍ ആയിരുന്നു അദ്ദേഹം. അരയന്നത്തിന്റെ കഴുത്തും വരച്ചിരുന്നത് പുള്ളിയുടെ കുറ്റമല്ല. അക്കാലത്തെ ഡ്രോയിംഗ് ക്ലാസ് അങ്ങനെയൊക്കെയായിരുന്നു. അദ്ദേഹവും അത് നടപ്പിലാക്കി എന്നേ ഉള്ളൂ. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും മ്യൂസിയത്തില്‍ ചെല്ലുമ്പോള്‍ അവിടുത്തെ അധ്യാപകര്‍ എട്ടും പത്തും വയസ്സുള്ള കുട്ടികളെ പെയിംന്റിംഗുകള്‍ക്ക് മുന്‍പിലിരുത്തി വാനിഷിംഗ് പോയിന്റും നീലനിറത്തിന്റെ പ്രസക്തിയും ഒക്കെ വിവരിച്ചുകൊടുക്കുന്നതു കേള്‍ക്കുമ്പോള്‍ അമ്മാവന്റെ കൂടെ ഒരു ആര്‍ട്ട് ഗാലറി കാണാന്‍ പറ്റിയില്ലല്ലോ എന്ന് ഞാന്‍ വിഷമിക്കാറുണ്ട്.
എന്റെ മരുമകളായ ധന്യ വരച്ച അരയന്നത്തെ അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.