റഷ്യയില്‍ നിന്നെത്തിയ രാജ് കപൂറിന്റെ മറീന


കെ.യു.ഇഖ്ബാല്‍

4 min read
Read later
Print
Share

ആദ്യ പ്രണയതിരസ്‌കാരത്തിന്റെ നൊമ്പരവുമായി ജീവിക്കുന്നതിനിടെ സര്‍ക്കസ് കൂടാരത്തില്‍ രാജ് (രാജ്കപൂര്‍) കണ്ടു മുട്ടുന്ന ട്രപ്പീസ് താരം മറീനയായി വേഷമിട്ട കെസ്‌നിയ ഇന്ത്യയിലെയും റഷ്യയിലെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.

ഭൂഖണ്ഡങ്ങളും ഉപഭൂഖണ്ഡങ്ങളും കടന്ന് കലയുടെ സൗരഭ്യം ആര്‍ദ്രമനസുകള്‍ ആസ്വദിച്ചു കൊണ്ടേയിരിക്കും. മുകേഷിന്റെയും മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും ലതാ മങ്കേഷ്‌കറുടെയും ഗുലാം അലിയുടെയും ജഗജിത് സിങ്ങിന്റെയും പങ്കജ് ഉദാസിന്റെയുമൊക്കെ ശബ്ദം രാജ്യാതിര്‍ത്തികള്‍ കടന്നു പോകുന്നത് ആരുടെയും സമ്മതത്തോടെയല്ല. കാളിദാസനും തുളസീദാസും ജിബ്രാനും റൂമിയും മിര്‍സാഖാലിബും നൂറ്റാണ്ടുകള്‍ക്ക് ശേഷവും കവിതയായി ഒഴുകുന്നു. തടഞ്ഞാല്‍ നില്‍ക്കാത്ത ഈ ഒഴുക്കാണ് മനുഷ്യനെ ഏതു സംഘര്‍ഷാവസ്ഥയിലും നില നിര്‍ത്തുന്നത്. ഇന്ത്യയിലെ ചലച്ചിത്ര പ്രേമികള്‍ ഇപ്പോഴും മറീനയെ മറക്കാതിരിക്കുന്നതും അതു കൊണ്ടാണ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഷോ മാനായിരുന്ന രാജ് കപൂറിന്റെ മേരാം നാം ജോക്കറിലെ സര്‍ക്കസ് കലാകാരിയായ കഥാപാത്രമാണ് മറീന. റഷ്യന്‍ സുന്ദരിയായ കെസ്‌നിയ റയാബിന്‍കിനയാണ് മറീനയായി മാറിയത്.

1970 ല്‍ മേരാ നാം ജോക്കര്‍ റിലീസാകുമ്പോള്‍ കെസിനിയക്ക് പ്രായം ഇരുപത്തിയഞ്ച്. ബൊലോഷി തിയേറ്ററിലെ ബല്ലറിന ഡാന്‍സറായിരുന്ന കെസ്‌നിയക്ക് തന്നേക്കാള്‍ പ്രശസ്തയായ സഹോദരിയുണ്ടായിരുന്നു. എലിന. എന്നാല്‍ പ്രശസ്തയായ എലിനയെയല്ല കെസ്‌നിയയെയാണ് രാജ്കപൂര്‍ തന്റെ സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളാക്കിയത്. ആദ്യ പ്രണയതിരസ്‌കാരത്തിന്റെ നൊമ്പരവുമായി ജീവിക്കുന്നതിനിടെ സര്‍ക്കസ് കൂടാരത്തില്‍ രാജ് (രാജ്കപൂര്‍) കണ്ടു മുട്ടുന്ന ട്രപ്പീസ് താരം മറീനയായി വേഷമിട്ട കെസ്‌നിയ ഇന്ത്യയിലെയും റഷ്യയിലെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. നീല തടാകം പോലെ വശ്യവും ശാന്തവുമായ കണ്ണുകളുളള രാജ്കപൂര്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്യനും ദയാലുവുമായ മനുഷ്യനായിരുന്നെന്ന് കെസ്‌നിയ പറഞ്ഞിട്ടുണ്ട്. രാജ്കപൂര്‍ സമ്മാനിച്ച മുത്തു പതിച്ച മോതിരവും അവര്‍ സൂക്ഷിക്കുന്നു. റഷ്യന്‍- ഹിന്ദി ഭാഷകള്‍ ഇട കലര്‍ത്തിയാണ് സിനിമയില്‍ കെസ്‌നിയയുടെ സംഭാഷണം.

2016 ല്‍ രാജ് കപൂറിന്റെ 92 ാം ജന്‍മദിനാഘോഷത്തില്‍ ( മരണശേഷം) പങ്കെടുക്കാന്‍ ഋഷി കപൂറിന്റെ ക്ഷണം സ്വീകരിച്ച് 71 ാം വയസില്‍ മുംബെയില്‍ എത്തിയപ്പോഴും എയര്‍പോര്‍ട്ടില്‍ പലരും അവരെ തിരിച്ചറിഞ്ഞ് മറീനയെന്ന് വിളിച്ചു. റഷ്യന്‍ ചാനലുകളില്‍ അതീവ സന്തോഷത്തോടെ അവര്‍ ഈ ധന്യ നിമിഷങ്ങള്‍ പങ്കുവെച്ചിരുന്നു. നാലര പതിറ്റാണ്ടിനു ശേഷവും ഒരു നടിയെ അതും ഇന്ത്യക്കാരിയല്ലാത്ത ഒരു നടിയെ പ്രേക്ഷകര്‍ കഥാപാത്രത്തിന്റെ പേരില്‍ തിരിച്ചറിയുന്നത് ചെറിയ കാര്യമല്ല. രഞ്ജിത് കപൂര്‍ സംവിധാനം ചെയ്ത ചിന്റൂ ജി എന്ന ഋഷി കപൂര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ 2009 ലും അവര്‍ ഇന്ത്യയില്‍ വന്നിരുന്നു. ഋഷി കപൂറിന്റെ ജീവിതവുമായി ഏറെക്കുറെ സാമ്യമുള്ള കഥ പറയുന്ന ഈ സിനിമയില്‍ ഉസ്ബക്കിസ്ഥാന്‍ വൈസ് പ്രസിഡന്റിന്റെ ഭാര്യയുടെ വേഷമായിരുന്നു കെസ്‌നിയക്ക്. മാറിയ മുംബെ അന്ന് അവരെ വിസ്മയിപ്പിച്ചു. ആ വിസ്മയത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു 2016 ലും അവര്‍ അനുഭവിച്ചത്. എഴുപത്തിനാലാം വയസിലും കെസ്‌നിയ റഷ്യയിലെ കലാകാരികളുടെ പ്രചോദനമാണ്.

നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മേരാ നാം ജോക്കര്‍ കാലം തെറ്റി പിറന്ന ക്ലാസിക്കാണെന്നാണ് നിരൂപകര്‍ പറയുന്നത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു ക്ലാസിക്കെന്ന വിശേഷണവും ഈ സിനിമയ്ക്കുണ്ട്. മൂന്ന് നഷ്ടപ്രണയങ്ങളുടെ കഥ അതീവ ദൃശ്യഭംഗിയോടെ പറയുന്ന ഈ സിനിമക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. രാജ്കപൂറിന്റെ സ്ഥിരം എഴുത്തുകാരനായിരുന്ന കെ.എ .അബ്ബാസാണ് രചന . ശങ്കര്‍ ജയകിഷന്‍ സംഗീതം. മുകേഷും മന്നാഡെയും ആശാബോസ്‌ലെയും പാടിയ ഗാനങ്ങള്‍. രാജ്കപൂറിനോടൊപ്പം മനോജ് കുമാര്‍, രാജേന്ദ്ര കുമാര്‍, ധര്‍മേന്ദ്ര, ഋഷി കപൂര്‍ ,സിമി ഗ്രെവാള്‍, മലയാളിയായ പത്മിനി ,ഓം പ്രകാശ് ,ധാരാ സിങ് തുടങ്ങി വന്‍ താര നിര. നായകനായ രാജുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്നാമത്തെ സ്ത്രീയാണ് പത്മിനി. ഈ സ്ത്രീയും നഷ്ടപ്രണയത്തിന്റെ വേദന നല്‍കി പിരിയുകയാണ്. കോമാളിയാകാന്‍ വിധിക്കപ്പെട്ട നിസഹായനും പ്രണയാതുരനുമായ ഒരു മനുഷ്യന്റെ യാത്രയാണ് ഈ സിനിമ. അതീവ സൂക്ഷ്മതയോടെ ചിത്രീകരണം നടത്തിയിരിക്കുന്ന മേരാ നാം ജോക്കര്‍ കൃത്യമായ പഠനം ആവശ്യപ്പെടുന്നു.

സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പടെ റിലീസ് ചെയ്ത ഈ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. ആറു വര്‍ഷമെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. സാമ്പത്തികമായി വല്ലാതെ തകര്‍ന്ന രാജ് കപൂര്‍ മാനസികമായി പക്ഷെ തളര്‍ന്നില്ലെന്നതാണ് ശ്രദ്ധേയം. 1973 ല്‍ ഋഷി കപൂറിനെയും ഡിംപിള്‍ കപാഡിയയെയും പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് കെ.എ.അബ്ബാസിന്റെ രചനയില്‍ എടുത്ത പരീക്ഷണചിത്രമായ ബോബി വന്‍ വിജയമായി. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ആത്മവിശ്വാസവുമാണ് രാജ്കപൂറിനെ ബോബി പോലുള്ള സിനിമയെ കുറിച്ച് ചിന്തിപ്പിച്ചത്. ബോബി ബോളിവുഡ് സിനിമകളുടെ പതിവു രീതികള്‍ മാറ്റിയെഴുതി. ജീവിച്ചിരുന്ന കാലത്ത് തന്നോടൊപ്പം ബോളിവുഡ് സിനിമയെ കൊണ്ടു പോയ അസാധാരണ പ്രതിഭയായിരുന്നു രാജ്കപൂര്‍.

1970 ല്‍ മേരാ നാം ജോക്കറിന്റെ ആദ്യ റിലീസിങ് സമയത്ത് അഞ്ചു മണിക്കൂറായിരുന്നു ദൈര്‍ഘ്യം. പിന്നീട് വെട്ടി കുറച്ച് നാലു മണിക്കൂറും ഒമ്പത് മിനിറ്റുമാക്കി. രാജ്കപൂര്‍ തന്നെയായിരുന്നു എഡിറ്റര്‍. 1980 ല്‍ വീണ്ടും റീ എഡിറ്റ് ചെയ്ത് ദൈര്‍ഘ്യം കുറച്ചു. പ്രേക്ഷകര്‍ ഇന്നും ഈ സിനിമ മടുപ്പില്ലാതെ കാണുന്നു. ഇന്നത്തെ റഷ്യയിലും ജോര്‍ജിയയിലും താഷ്‌കന്റിലും മാത്രമല്ല സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട രാജ്യങ്ങളിലെല്ലാം തന്നെ രാജ്കപൂര്‍ ഇപ്പോഴും പ്രിയപ്പെട്ട നടനാണ്. മേരാ നാം ജോക്കര്‍ ഉള്‍പ്പടെയുള്ള രാജ്കപൂര്‍ സിനിമകള്‍ അവര്‍ക്ക് ആവേശമാണ്. രാജ് കപൂര്‍ മരിച്ച് മൂന്ന് പതിറ്റാണ്ടിനു ശേഷം ജോര്‍ജിയ സന്ദര്‍ശിച്ച മകന്‍ ഋഷി കപൂര്‍ തന്റെ പിതാവിനോടുള്ള ജോര്‍ജിയക്കാരുടെ സ്‌നേഹം കണ്ട് അദ്ഭുതപ്പെട്ടു. ജോര്‍ജിയയിലെ പുതിയ തലമുറ ഖാന്‍മാരുടെ സിനിമയേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് കപൂര്‍ കുടുംബക്കാരുടെ സിനിമക്കാണ്. നടന്റെയൊ നടിയുടെയൊ പേരിന്റെ കൂടെ കപൂര്‍ ഉണ്ടെങ്കില്‍ അവരുടെ സിനിമകള്‍ക്ക് റഷ്യയിലും റഷ്യന്‍ പാരമ്പര്യം പിന്തുടരുന്ന രാജ്യങ്ങളിലും പ്രദര്‍ശന വിജയം ഉറപ്പാണ്. അതാണ് രാജ്കപൂര്‍ മാന്ത്രികത. റഷ്യയിലും നെതര്‍ലന്‍ഡ്‌സിലും ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ രാജ്കപൂര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫിലിം ഫെസ്റ്റിവലുകള്‍ നടന്നിട്ടുണ്ട്. 2002 ലെ കാന്‍ ഫെസ്റ്റില്‍ തിരഞ്ഞെടുത്ത രാജ്കപൂര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1971 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1987 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും. പൃഥ്വിരാജ് കപൂറിന്റെ മകന്‍ രണ്‍ബീര്‍ രാജ് കപൂറെന്ന ഷോ മാന്‍ 1988 ല്‍ ലോകത്തോട് വിട പറയുമ്പോഴും മുകേഷിന്റെ ആ ഗാനം ലോകം കേള്‍ക്കുന്നുണ്ടായിരുന്നു. ജീനാ യഹാ, മര്‍നാ യഹാ, ജീനാ യഹാ മര്‍നാ യഹാ . ഒപ്പം മറീനയുടെ സംഭാഷണവും, പിന്നെയും കണ്ടുമുട്ടാനായി നാം വേര്‍ പിരിയുന്നു, ദസ്‌ലി ദാനിയ ( ഗുഡ് ബൈ )..

content highlights: russian Ballerina Kseniya Ryabinkina mera nam joker movie raj kapoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram