അതിവേഗം പിറകോട്ട് മറയുന്ന മരുക്കാഴ്കളും മലകളും. ഈ കറുത്ത പാതകള്‍ അപാരതയിലേക്ക് നീളുകയാണെന്നെ തോന്നു. ഹറമൈന്‍ റോഡിലൂടെ ജുമൂം വഴി ജുഹറാനയിലേക്ക് . ഏതാണ്ട് എല്ലാ ദിവസവും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും എന്നും മരുക്കാഴ്ചകള്‍ പുതുമ തന്നെയാണ്. മരുഭൂമി അദ്ഭുതങ്ങളുടേതാണെന്ന മുഹമ്മദ് അസദിന്റെ വരികള്‍ ഓര്‍മ വരാതെ സൈകത ഭൂമിയിലെ കാഴ്കളിലൂടെ കടന്നു പോകാറില്ല. ഇതെന്റെ ദിനസരിയുടെ ഭാഗമായുള്ള സഫറാണ്. (സിന്ദഗി കെ സഫര്‍ മെ ഗുസര്‍ ജാത്തെ ഹെ ) മറയുന്ന കാഴ്ചകള്‍ മനസില്‍ പതിച്ചെടുത്തും മായ്ച്ചും ഓരോ യാത്രയും മടങ്ങി വരവും. കൂട്ടിന് മനോഹര ഗാനങ്ങള്‍. പുറത്ത് ഗ്രീഷ്മം കത്തി പടരുമ്പോള്‍ വാഹനത്തിനകത്ത് സംഗീതം കുളിരാകുന്നു. ദേശാന്തരങ്ങളും അതിര്‍ത്തികളും മായ്ച്ചു കളയുന്ന സംഗീതം . മഴയായി, മഞ്ഞായി , മധുരമായി ,പ്രണയമായി, വിരഹമായി , കൂട്ടും കരുതലുമായി അങ്ങനെ സംഗീതം.
പ്രിയ സുഹൃത്തുക്കളായ മിര്‍സാ ഷരീഫും കബീറും ശരത്തും അസഫലിയും കമാലും സിന്ധു ഷാജിയും സോഫിയാ സുനിലുമൊക്കെ പാടി അയച്ചു തരാറുള്ള പഴയ പാട്ടുകള്‍ കാലത്തിന്റെ പടവുകളിലൂടെ പിറകോട്ട് നടക്കാനുള്ള പ്രേരണയും ആവേശവുമാകുന്നു. എന്റെ സംഗീതാവബോധത്തെ അപ്പാടെ മാറ്റി മറിച്ച ഒരാളാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ ഷെയിഖ് റഫീഖ്. ഗസലുകള്‍ നേര്‍ത്ത മഴയായി പെയ്തിറങ്ങുമ്പോള്‍ ഉറുദു വരികളുടെ അര്‍ഥം പറഞ്ഞു തന്നു. എത്രയോ രാത്രികള്‍ അറേബ്യന്‍ മജ്ലിസിലിരുന്ന് സംഗീതത്തെ കുറിച്ചും സിനിമയെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഇപ്പോഴും സമയം കിട്ടുമ്പോള്‍ തുടരുന്നു. നല്ല എഴുത്തിന് സംഗീത ബോധം കരുത്താണെന്ന് തെളിയിച്ച മൂന്ന് പ്രിയ സുഹൃത്തുക്കളുണ്ടെനിക്ക്. മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ സി.കെ. ഹസന്‍കോയയും മുസാഫിറും പിന്നെ രവി മേനോനും. രവി ഇപ്പോഴും മാതൃഭൂമിയില്‍ നിരന്തരമായി സംഗീതത്തെ കുറിച്ച് എഴുതുന്നു. ഇവരൊക്കെ എന്തെഴുതിയാലും അതില്‍ കവിത വിരിയുന്നു. മഹാ വ്യഥകളുടെ കടലായ കടലെല്ലാം നീന്തി കയറാന്‍ സംഗീതം പ്രാര്‍ഥന പോലെ മനുഷ്യന് കരുത്താകുന്നു.
കഴിഞ്ഞ ദിവസം യാത്രയില്‍ അധികവും ഷെയിഖ് റഫീഖ് കിഷോര്‍ദായെ കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മഹാനായ ഗായകനായിരുന്നു കിഷോര്‍ കുമാര്‍. സൈഗളിന്റെയും മുഹമ്മദ് റഫിയുടെയും കിഷോറിന്റെയും മുകേഷിന്റെയും പാട്ടുകള്‍ കേള്‍ക്കാതെ ഇന്ത്യ ഉറങ്ങി ഉണരുന്നില്ല. റഷ്യയിലും റഷ്യയില്‍ നിന്ന് ചിതറി തെറിച്ച രാജ്യങ്ങളിലും പക്ഷെ കിഷോര്‍കുമാറിന്റെ പാട്ടുകള്‍ക്കാണ് പ്രിയം.
ഈജിപ്തിലും മൊറോക്കോയിലും ഇന്ത്യന്‍ സിനിമയെന്ന് പറഞ്ഞാല്‍ അമിതാബ് ബച്ചനെന്ന് പറയുന്നതു പോലെ പല വിദേശ രാജ്യങ്ങളിലും കിഷോര്‍കുമാറാണ് ഇന്ത്യന്‍ സിനിമാ ഗാനശാഖയുടെ അംബാസഡര്‍. മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും എത്രയോ അനശ്വര ഗാനങ്ങളുണ്ട്. കിഷോര്‍കുമാര്‍ വൈവിധ്യങ്ങളുടെ ഭാവ ഗായകനായിരുന്നു. മുഹമ്മദ് റഫി സൗമ്യനായിരുന്നു. എന്നാല്‍ കിഷോര്‍കുമാര്‍ സ്വന്തം ജീവിതം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത മനുഷ്യനാണ്. ആ ജീവിതത്തിലൂടെ കടന്നു പോയപ്പോള്‍ പലപ്പോഴും എന്റെ മുന്നിലെത്തിയ മറ്റൊരു മഹാനായ കലാകാരനുണ്ട്. നടന വൈഭവം കൊണ്ട് ലോക സിനിമയെ കീഴടക്കിയ ഒമര്‍ ഷരീഫ്.
പലപ്പോഴും കിഷോര്‍ദായുടെ ജീവിതത്തിന് ഒമര്‍ ഷരീഫിന്റെ ജീവിതവുമായി സാമ്യം തോന്നി . നടനും നിര്‍മാതാവും ഗായകനും സംഗീത സംവിധായകനും ആഗോള കാമുകനുമൊക്കെയായി പകര്‍ന്നാടിയ ജീവിതമായിരുന്നു കിഷോര്‍ ദായുടേത്. 1929 ല്‍ ജനനം. 1987 ല്‍ 58 ാം വയസില്‍ മരണം. പിതാവ് കുഞ്ചന്‍ലാല്‍ ഗാംഗുലി. മാതാവ് ഗൗരി ദേവി. പ്രശസ്ത നടന്‍മാരായാരുന്ന അശോക് കുമാറും അനൂപ് കുമാറും സഹോദരന്‍മാര്‍. അമിത് കുമാറും സുമിത് കുമാറും മക്കള്‍. ഹിന്ദിയും മലയാളവും ഉള്‍പ്പടെ ഇന്ത്യയിലെ ഒമ്പത് ഭാഷകളില്‍ പാടിയ ജനകിയ ഗായകന്‍. ടേബിള്‍ ടെന്നീസ്, ഫുട്ബോള്‍ കമ്പക്കാരന്‍. നല്ല വായനക്കാരന്‍. ഡ്രൈവുകള്‍ ആസ്വദിച്ചിരുന്ന സഞ്ചാരി. 1948 ല്‍ ആദ്യ ഗാനം.
1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന സിനിമക്കു വേണ്ടി പുരുഷ ശബ്ദത്തിലും സ്ത്രീ ശബ്ദത്തിലും കിഷോര്‍കുമാര്‍ പാടിയിട്ടുണ്ട്. സലീല്‍ ചൗധരിയായിരുന്നു സംഗീതം. പാടുക മാത്രമല്ല ആ ചിത്രത്തില്‍ ഈ പാട്ടു രംഗത്ത് പ്രാണിനോടൊപ്പം പെണ്‍വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ് ഇത്. (ആഖെ സീതി ലഗേ ദില്‍ പെ എന്ന യുഗ്മ ഗാനം) .ഹാഫ് ടിക്കറ്റിലെ നായകനും കിഷോര്‍കുമാറായിരുന്നു. നായിക മധുബാല. ലതയോടും ആശയോടുമൊപ്പം കിഷോര്‍ ദാ പാടിയ പാട്ടുകളെല്ലാം ഹിറ്റുകളാണ്. ചിംഗാരി കോയി ബഡകെ , ദില്‍ ഐസ കിസീ ലെ മേരാ തോഡ, സാഗര്‍ കിനാരെ , സിന്ദഗി കെ സഫര്‍ മെ ഗുസര്‍ ജാത്തെ ഹെ ,നീലെ നീലെ അംബര്‍ പര്‍ , തേരാ ബിനാ സിന്ദഗി സെ കോയി ശിക്വാ തോ നഹി (യുഗ്മഗാനം ലതയോടൊപ്പം) മേരി സാംനെ വാലി ഗിഡ്കി മേം എക് ചാന്ദ് കി , മന്നാഡെയോടൊപ്പമുള്ള ഷോലെയിലെ വിഖ്യാത ഗാനം യേ ദോസ്തി , കോയി ഹസീനാ ജബ് തുടങ്ങി എത്രയെത്ര അമര ഗീതങ്ങള്‍. ആലാപനത്തിലെ വൈവിധ്യവും ആരോഹണാവരോഹണങ്ങളിലെ ചടുല വേഗവുമാണ് കിഷോര്‍ ദാ യെ മറ്റ് ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കാല്‍പനിക ഗാനങ്ങളെ എങ്ങനെ വികാരഭരിതമാക്കാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അമര്‍ പ്രേമിലെയും അമാനുഷിലെയുമൊക്കെ ഗാനങ്ങള്‍. അതേ സമയം അടിപൊളി ഗാനങ്ങളെന്ന് ഇന്നത്തെ തലമുറ പറയുന്ന നിരവധി പാട്ടുകളും കിഷോര്‍ കുമാര്‍ പാടിയിട്ടുണ്ട്.
പ്രണയത്തിന്റെ നാള്‍ വഴികളില്‍ കിഷോര്‍കുമാറിന്റെ ജീവിതത്തിലൂടെ കടന്നു പോയ അതി സുന്ദരികള്‍ നിരവധി. അതില്‍ നാലു പേരെ അദ്ദേഹം വിവാഹം കഴിച്ചു. 1950 ല്‍ വിവാഹം കഴിച്ച ബംഗാളി ഗായികയും നടിയുമായിരുന്ന റുമാ ഗുഹ തക്കുര്‍ത്തയായിരുന്നു ആദ്യ ഭാര്യ. 1959 ല്‍ ഈ ബന്ധം പിരിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായിരുന്ന മധുബാലയെ 1960 ല്‍ വിവാഹം കഴിച്ചു. 1969 ല്‍ മധുബാല മരണപ്പെട്ടു. മുംതാസ് ജഹാന്‍ ബീഗം ദെഹലാവിയെന്നായിരുന്നു മധുബാലയുടെ യഥാര്‍ഥ പേര്. 1975 ലാണ് യോഗിതാബാലിയുമായുള്ള വിവാഹം. മൂന്ന് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം. പിന്നീട് 1980 ല്‍ ലീനാ ചന്ദവര്‍ക്കറെ വിവാഹം ചെയ്തു.
1987 ല്‍ 58 ാം വയസില്‍ കിഷോര്‍ ദാ മരിക്കുന്നതുവരെ ഈ ബന്ധം ഇഴപിരിയാതെ നിന്നു. മൂന്നാമത്തെ ഭാര്യയായിരുന്ന യോഗിതാബാലിയുമായ മിഥുന്‍ ചക്രബര്‍ത്തി അടുക്കുകയും ആ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്ത ശേഷം കിഷോര്‍ ദാ മിഥുന്‍ ചക്രബര്‍ത്തി സിനിമകള്‍ക്ക് വേണ്ടി കുറച്ചു കാലം പാടിയില്ല. പിണക്കവും ഈ തീരുമാനവും അധികം നീണ്ടു നിന്നില്ല. അമിതാബച്ചനുമായും മനസു കൊണ്ട് കിഷോര്‍കുമാര്‍ അകന്നിരുന്നു. ദീര്‍ഘകാലം ബച്ചന്‍ സിനിമകളില്‍ പാടാന്‍ ക്ഷണിച്ചാലും പോയിരുന്നില്ല. പില്‍ക്കാലത്ത് ആ പിണക്കവും മാറി. അശോക് കുമാറും അനൂപ് കുമാറും രാജേഷ്ഖന്നയും അമിതാബച്ചനുമായിരുന്നു ഇഷ്ടപ്പെട്ട നടന്‍മാര്‍. മധുബാലയായിരുന്നു പ്രിയപ്പെട്ട നടി.
ആല്‍ഫ്രഡ് ഹിച്ച്കോക്ക് സംവിധായകന്‍. ആര്‍ഡി ബര്‍മനും എസ്.ഡി. ബര്‍മനും പ്രിയ സംഗീത സംഗീത സംവിധായകര്‍. സൈഗളിനെ ഗുരു സ്ഥാനത്താണ് കണ്ടിരുന്നത്. ഉറച്ച നിലപാടുകള്‍ ഉണ്ടായിരുന്നു കിഷോര്‍കുമാറിന്. ഫാസിസത്തെ എതിര്‍ത്തിരുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥ കാലത്ത് സജ്ഞയ്ഗാന്ധി കോണ്‍ഗ്രസ് റാലിയില്‍ പാടാന്‍ ക്ഷണിച്ചപ്പോള്‍ നിരസിച്ചത്. ഇതു കാരണം 1976 മെയ് മുതല്‍ അടിന്തരാവസ്ഥ പിന്‍വലിക്കുന്നതു വരെ കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തില്ല. അന്ന് റേഡിയോ ഗാനങ്ങള്‍ വ്യപകമായ കേട്ടിരുന്ന കാലമാണ്. അടിയന്തരാവസ്ഥക്ക് ശേഷമാണ് ഈ നിരോധനം നീക്കിയത്. എവിടെയും കിഷോര്‍ ദാ പരാതിപ്പെട്ടില്ല. കിഷോര്‍കുമാറിന്റെ സംഗീത യാത്രയിലെ അത്രയൊന്നും അറിയപ്പെടാത്ത ഒരധ്യായമാണ് ഇത്. ഒരു പൂവ് ചോദിക്കുന്ന കലാകാരന്റെ മേല്‍ പൂമഴ പെയ്യിക്കുന്ന ദൈവ കാരുണ്യം വേണ്ടത്ര അനുഭവിച്ച ഗായകനാണ് കിഷോര്‍കുമാര്‍.