നാദിയാ മുറാദിന്റെ കണ്ണുകളില്‍ ഒരു കടലിരമ്പുന്നുണ്ട്. പീഡനത്തിന്റെയും വേദനയുടെയും അവഹേളനത്തിന്റെയും തിരയടിക്കുന്ന കടല്‍. ഐസിസ് താവളങ്ങളില്‍ പെണ്‍കുട്ടികള്‍ അതി ഭീകരമായി പീഡിപ്പിപ്പിക്കപ്പെടുന്നുണ്ടെന്ന് ലോകത്തോട് 2014 ല്‍ തന്നെ വെളിപ്പെടുത്തിയ ഇറാഖിലെ കുര്‍ദ് വംശജയായ നാദിയ മുറാദിനെ കഴിഞ്ഞ വര്‍ഷം ലോകം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു. പോയവാരത്തില്‍ ഷമീമാ ബീഗത്തിലൂടെ ലോകം വീണ്ടും ഐസിസ് താവളങ്ങളിലെ പെണ്‍ പീഡന ,വിവാഹ , വിവാഹ മോചന വാര്‍ത്തകളിലേക്ക് കണ്ണും കാതും തുറന്നു വെച്ചു.
2014 നവംബറിലാണ് നാദിയ മുറാദ് രക്ഷപ്പെട്ടത്. പല ചന്തകളില്‍ ലേലത്തിനു വെച്ച പെണ്‍ ജീവിതമായിരുന്നു അവളുടേതെങ്കില്‍ സിറിയയിലെ ഐസിസ് താവളത്തില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പിലെത്തിയ ഷമീമാ ബീഗത്തിന് ഐസിസ് ജീവിതത്തിനു പകരം നല്‍കേണ്ടി വന്നത് അവളുടെ യു.കെ പൗരത്വമാണ്.
അഭയാര്‍ഥി ക്യാമ്പിലെത്തുമ്പോള്‍ ഷമീമ ഗര്‍ഭിണിയായിരുന്നു. അവള്‍ പിന്നീട് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവള്‍ക്ക് പൗരത്വമുണ്ടായിരുന്ന രാജ്യം അവളുടെ പൗരത്വം തന്നെ റദ്ദാക്കി. വര്‍ഷങ്ങളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷമായിരിക്കണം ഷമീമയും അഭയാര്‍ഥി ക്യാമ്പിലെത്തിയത്. അവള്‍ അത് നാദിയയെ പോലെ തുറന്നു പറയുന്നില്ല. ഷമീമയിലൂടെ ഒരിക്കല്‍ കൂടി ഐസിസ് തവളങ്ങളിലെ പെണ്‍കുട്ടികളുടെ ദയനിയ ജീവിതം ലോകം കേള്‍ക്കുകയാണ്.
ഷമീമക്ക് പൗരത്വം നഷ്ടപ്പെട്ട വാര്‍ത്തയുടെ തല വാചകങ്ങളിലെല്ലാം ഐസിസ് ബ്രൈഡ് എന്ന് പ്രയോഗിച്ചിരുന്നു. ഐസിസ് താവളങ്ങളില്‍ രണ്ട് വ്യത്യസ്ത മേല്‍ വിലാസങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാണ്. നിക്കാഹ് ചെയ്ത് വധുക്കാളാക്കിയുള്ള പീഡനമാണ് ഒന്നാമത്തേത്. തോന്നുമ്പോഴൊക്കെ ലൈംഗിക ദാഹം തീര്‍ക്കാനുള്ള നിസഹായ പെണ്‍ ജന്മങ്ങള്‍. ഇവരെ പലപ്പോഴും ഒന്നോ രണ്ടോ പേരാണ് ഉപയോഗിക്കുന്നത്. ഭീകരവാദികള്‍ കൂട്ടത്തോടെ കാമം തീര്‍ക്കുന്ന പെണ്‍കുട്ടികള്‍ നൂറു കണക്കിന് വേറെയുണ്ട്. ഇക്കാര്യം നാദിയ മുറാദ് വെളിപ്പെടുത്തിയിരുന്നു.
മൂന്ന് മാസം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ട നാദിയ മുറാദിനെ ഇനി ഒന്നിനും കൊള്ളില്ലെന്ന് മനസിലാക്കിയ ഭീകരര്‍ ചന്തകളില്‍ ലേല വസ്തുവാക്കി. ഈ ഭൂമിയില്‍ ഒരു സ്ത്രീ ജന്മത്തോടെ ചെയ്യാവുന്ന ഏറ്റവും വലിയ നീതി കേടിന്റെ ഇര കൂടിയായി അങ്ങനെ നാദിയ. യു.കെ യില്‍ പൗരത്വമുണ്ടായിരുന്ന ബംഗ്ലാദേശ് വംശജയായ ഷമീമാ ബീഗം ലേലം ചെയ്യപ്പെട്ടില്ല. പകരം ഒരു വിശുദ്ധ യുദ്ധക്കാരന്‍ അവളെ ഗര്‍ഭിണിയാക്കി. നാദിയയെ പോലെയല്ല ഷമീമയെ ലോകം കാണുക. അവള്‍ക്ക് ഒരു കുട്ടിയുണ്ട്. അതാകട്ടെ ഒരു ഭീകരവാദിയുടെ കുട്ടിയാണ്. ഈ ലോകത്ത് ഒരു തരത്തിലും ആ കുട്ടിക്ക് അംഗീകാരം കിട്ടില്ല. ഐസിസ് കിഡ് എന്ന് അറിയപ്പെടാന്‍ വിധിക്കപ്പെട്ട ആ കുഞ്ഞിന് വിദ്യഭ്യാസം പോലും നിഷേധിക്കപ്പെടാം. എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ആ കുട്ടി വളരും.
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറാം തീവ്രവാദികളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐസിസ് വധുക്കളുടെ കാര്യത്തിലും ആവര്‍ത്തിക്കുക. അവരുടെ കണ്ണീരു കാണാനും ആരുമുണ്ടായെന്ന് വരില്ല. ഐസിസ് താവളങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്ന പെണ്‍കുട്ടികളുടെ പുനരധിവാസം അതീവ ഗൗരവമുള്ള വിഷയമാണ്. നാദിയാ മുറാദ് ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്.
ഭീകരവാദത്തിന്റെ പേരില്‍ നടക്കുന്ന വിശുദ്ധ യുദ്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആണിനും പെണ്ണിനും വാഗ്ദ്ധാനം ചെയ്യുന്നത് പരലോക സ്വര്‍ഗമാണ്. ഒരു ഭീകരവാദവും പ്രോത്സാഹിപ്പിക്കാത്ത ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. മാനവരാശിക്ക് നൈതിക ബോധത്തിന്റെയും മാനവികതുടെയും അത് ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത മുഹമ്മദ് എന്ന പ്രവാചകന്റെ അനുയായികളാണ് തങ്ങളെന്ന് പറയാന്‍ ഒരു ഭീകരവാദിക്കും അര്‍ഹതയില്ലെന്ന് സൗദിയിലെ ഉലമാക്കള്‍ ഉറക്കെ പറഞ്ഞിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യുന്നത് പോയിട്ട് ഖുര്‍ആന്‍ ഐസിസ് ഭീകരര്‍ കണ്ടിട്ടു പോലുമുണ്ടാകില്ലെന്ന് അമേരിക്കയിലെയും യു.കെ യിലെയും മുസ്‌ലിം പണ്ഡിതര്‍ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടും പെണ്‍കുട്ടികളും ആണ്‍കുട്ടികളും യുവാക്കളും വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ടു പോകുന്നു.
നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തകയായ ആസ്‌നെ സയര്‍സ്റ്റാഡിന്റെ 2018 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ടു സിസ്റ്റേഴ്‌സ് എന്ന പുസ്തകം ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. നോര്‍വെയിലെ ഒരു സൊമാലിയന്‍ കുടിയേറ്റ കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളായ അയാനും ലൈലാ ജുമയും ഐ.എസി ലേക്ക് ആകര്‍ഷിക്കപ്പെട്ട് പോകുന്നതും പിതാവ് സാദിഖ് അവരെ അന്വേഷിച്ച് പുറപ്പെടുന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. നടന്ന സംഭവത്തെ പിന്തുടര്‍ന്ന് ആസ്‌നെ സയര്‍സ്റ്റാഡ് നടത്തുന്ന അന്വേഷണം ഒരു ഗവേഷണം കൂടിയാണ്.
ഓരോ വായനയിലും കുടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന വിധത്തിലാണ് ഇതിന്റെ രചന. ഈ പുസ്തകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ മലയാളിയും ചോദിക്കേണ്ടതുണ്ട്. കാരണം കേരളത്തില്‍ നിന്നും ചില കുടുംബങ്ങള്‍ വിശുദ്ധ യുദ്ധത്തിലൂടെ ലഭിക്കുന്ന വാഗ്ദത്ത ഭൂമി തേടി പുറപ്പെട്ടിട്ടുണ്ട്. അവരെവിടെയാണെന്ന് പോലും അറിയില്ല. അന്വേഷണങ്ങളും വഴി മുട്ടുന്നു. പിഞ്ചു കിട്ടികളോടൊപ്പമാണ് ചില കുടുംബങ്ങള്‍ പോയിരിക്കുന്നത്. കൃത്യമായ മത ബോധത്തിനു പകരം അത്യന്തം അപകടകരവും തെറ്റായതുമായ മത ബോധം കുത്തി വെക്കപ്പെടുന്നതു കൊണ്ടാണ് ആടു മേയ്ക്കാന്‍ പോയാല്‍ സ്വര്‍ഗം കിട്ടുമെന്ന വിശ്വാസം ഉണ്ടാകുന്നത്. കര്‍മ ഫലങ്ങളാണ് സ്വര്‍ഗവും നരകവും നിശ്ചയിക്കുന്നതെന്നിരിക്കെ നിരപരാധികളെ കൊല്ലുന്നവര്‍ക്കും ലോകത്ത് അശാന്തി വിതക്കുന്നവര്‍ക്കും ഏത് സ്വര്‍ഗമാണ് ലഭിക്കുക ?