മസ്ജിദു നബവിയിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:wmngovsa
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. റിയാദില്‍ നിന്ന് മദീനയിലേക്ക് റംസാന്റെ അവസാനത്തെ ആഴ്ച തനിച്ച് ഒരു യാത്ര. കഴിഞ്ഞ എത്രയോ വര്‍ഷമായി എല്ലാ റംസാന്‍ തീര്‍ഥയാത്രയിലും കുടുംബം കൂടെയുണ്ടാകും. ഇത്തവണ അവരില്ല. റംസാന്‍ അഞ്ചിനായിരുന്നു അവര്‍ നാട്ടിലേക്ക് തിരിച്ചത്. ആ വര്‍ഷത്തെ റംസാന്‍ കടുത്ത പരീക്ഷണങ്ങളുടേതായിരുന്നു. തൊട്ടടുത്ത മസ്ജിദില്‍ നിന്നായിരുന്നു നോമ്പുതുറ. മസ്ജിദിന്റെ ചുമതലക്കാരായിരുന്ന റാഷിദ് കുടുംബം നോമ്പുതുറയുടെ ഉത്തരവാദിത്തം എന്നെയും മസ്ജിദിന്റെ കാവല്‍ക്കാരനായ യു.പി ക്കാരനെയും ഏല്‍പിച്ചതോടെ നോമ്പു തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ മസ്ജിലെത്തി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വന്നു. ഒന്നു രണ്ട് മണിക്കൂറുകള്‍ തിരക്കില്‍ പെടുന്നതില്‍ പരം ആശ്വാസം അന്നാളുകളില്‍ വേറെയില്ലായിരുന്നു. ജോലി ചെയ്തിരുന്ന പത്രത്തിന്റെ ബ്യൂറോയില്‍ പോകുന്നതിനോടു പോലും മടുപ്പു തോന്നി തുടങ്ങിയിരുന്നു. കടുത്ത മാനസിക സംഘര്‍ഷം കാരണം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചിരുന്നില്ല.
കുടുംബം പോയതോടെ ഫ്‌ളാറ്റില്‍ തനിച്ചായി. തറാവീഹ് (നിശാ പ്രാര്‍ത്ഥന) കഴിഞ്ഞ് മസ്ജിദില്‍ നിന്ന് ഇറങ്ങാറുള്ളു. അങ്ങനെ റമദാനിലെ ഇരുപത്തിനാലു ദിവസങ്ങള്‍. നാട്ടില്‍ നിന്ന് വിളിച്ച ഭാര്യ പറഞ്ഞു, മദീനയിലേക്ക് പോകാന്‍ നോക്കു. പെരുന്നാള്‍ കൂടി തിരിച്ചു വരുന്ന വിധത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാനും അത് മനസിന് വലിയ ആശ്വാസം പകരുമെന്നും ഭാര്യ ആവര്‍ത്തിച്ചു പറഞ്ഞു. ഇരുപത്തിയഞ്ചിനു രാത്രി റിയാദില്‍ നിന്ന് മദീന ബസില്‍ കയറി. ദീര്‍ഘ ദൂര യാത്രയാണ്. നേരം വെളുത്താലെ മദീനയിലെത്തു. എണ്ണൂറോളം കിലോമീറ്ററുണ്ട്. ഏഴു മണിക്കൂറിലധികം വേണ്ടി വരുന്ന യാത്രയില്‍ ഇരുട്ടു മറച്ച പുറം കാഴ്കളിലേക്ക് നോക്കിയിരിക്കുമ്പോള്‍ വല്ലപ്പോഴും ദൂരെ മലമടക്കുകളില്‍ വെളിച്ചത്തിന്റെ തുരുത്തുകള്‍ മിന്നി മറഞ്ഞു. അത്താഴം കഴിക്കാന്‍ ബസ് നിര്‍ത്തുന്നതു വരെ മയക്കത്തിനും ഉണര്‍വിനുമിടയില്‍ ചാഞ്ചാട്ടം. പിന്നെയും യാത്ര. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയിടെ മദീനയില്‍ നിന്ന് വിളിച്ച കൊച്ചിക്കാരന്‍ സുബൈറിനോട് ഒരു മുറി തരപ്പെടുത്താന്‍ പറഞ്ഞിരുന്നു. സ്നേഹത്തോടെ അത് അയാള്‍ ചെയ്യാമെന്നും ഏറ്റിരുന്നു. എത്തിയാല്‍ വിളിക്കണമെന്നാണ് സുബൈര്‍ പറഞ്ഞിരുന്നത്. രാവിലെ പത്തു മണിയോടെയാണ് മദീനയിലെത്തി.
സുബൈറിനെ വിളിച്ചപ്പോള്‍ കൂട്ടുകാരന്റെ അടുത്താണെന്നും അര മണിക്കൂര്‍ കൊണ്ട് എത്താമെന്നും പറഞ്ഞു. കാത്തിരിപ്പ് ഉച്ചവരെ നീണ്ടു . ഒടുവില്‍ സുബൈര്‍ വന്നു. താടി വളര്‍ത്തി നീല ജീന്‍സും വെളുത്ത ടീ ഷര്‍ട്ടും ധരിച്ച യുവാവ്. ളുഹര്‍ നമസ്‌കാരം കഴിഞ്ഞാണ് ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പുറപ്പെട്ടത്. മസ്ജിദ് നബവിക്ക് അധികം ദൂരത്തല്ലാതെ ഒരു ചെറിയ മുറി കുറഞ്ഞ വാടകക്ക് സുബൈര്‍ ഏര്‍പ്പാടാക്കിയിരുന്നു. കോമണ്‍ ബാത്ത് റൂമാണ്. സാരമില്ല. പണത്തിനു ഞെരുക്കമുള്ള കാലമാണ്. ഇതു തന്നെ ധാരാളം. സുബൈറുമായി അസര്‍ ബാങ്ക് കേള്‍ക്കുന്നതു വരെ വര്‍ത്തമാനം പറഞ്ഞിരുന്നു. പിന്നെ മസ്ജിദ് നബവിയിലേക്ക് പുറപ്പെട്ടു. മദീനയിലെ നോമ്പു തുറ അവിസ്മരണിയ അനുഭവമാണ്. അവിടെ മാത്രം ലഭിക്കുന്ന പ്രത്യേക തരം റൊട്ടിയും തൈരില്‍ ചേര്‍ത്ത് കഴിക്കുന്ന ജീരകമൊക്കെ ചേര്‍ത്ത ഒരു പൊടിയുമുണ്ട്. റംസാനില്‍ ലക്ഷങ്ങളാണ് മസ്ജിദ് നബവിയില്‍ നോമ്പു തുറന്നിരുന്നത്. ഈത്തപ്പഴവും ഖഹവയും റൊട്ടിയുമൊക്കെയായി ലളിതമായ നോമ്പു തുറ പള്ളിക്ക് അകത്തും പുറത്തും. ആ വര്‍ഷം പലപ്പോഴും മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും നോമ്പുതുറക്ക് എത്തിയിരുന്നു. രാജകുമാരന്‍ നേരത്തെ സൗദി റിസര്‍ച്ച് ആന്റ് പബല്‍ഷിംഗ് കമ്പനിയുടെ ചെയര്‍മാനായിരുന്നു. അക്കാലത്ത് പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കോവിഡ് കാരണം എവിടെയും വിപുലമായ പൊതു നോമ്പു തുറകളില്ല.
നോമ്പു തുറക്കാന്‍ ഒരുമിച്ച് പോകാമെന്ന് സുബൈറിനോട് പറഞ്ഞെങ്കിലും അയാള്‍ വന്നില്ല. കൂട്ടുകാരന്‍ കാത്തിരിക്കുമെന്ന് പറഞ്ഞ് തിരിച്ചു പോയി. ആരാണ് ഈ കൂട്ടുകാരന്‍ ? സുബൈര്‍ പറഞ്ഞു, വരട്ടെ പോകുന്നതിനു മുമ്പ് നേരില്‍ കാണിച്ചു തരാം. ഞാനാകട്ടെ പിന്നീടുള്ള ദിവസങ്ങളില്‍ അധിക സമയവും മദീനയിലെ മസ്ജിദ് നബവിയില്‍ തന്നെ ചെലവഴിച്ചു. പെരുന്നാള്‍ ദിനത്തില്‍ വെളുപ്പിന് രണ്ട് മണിക്ക് തന്നെ മസ്ജിദിന് അകത്ത് കയറി. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സുബൈറിനെ വിളിച്ചു. കൂട്ടുകാരനെയും കൂട്ടി വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, അതു വേണ്ട ,ഉച്ച ഭക്ഷണം എന്റെ സഹോദരന്റെ ഫല്‍റ്റില്‍ , അതു കഴിഞ്ഞ് നമ്മള്‍ എന്റെ കൂട്ടുകാരന്റെ അടുത്തേക്ക് പോകുന്നു. പത്തു മണിയോടെ സുബൈറെത്തി. ചരിത്ര പ്രസിദ്ധമായ ഉഹദ് മലയുടെ താഴ്വരയിലൂടെ ഒരു മണിക്കൂര്‍ പഴയ പിക്കപ്പില്‍ യാത്ര. സുബൈറിന്റെ സഹോദരന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത് ഒരു ഗ്രാമത്തിലാണ്. മണ്ണ് കൊണ്ട് തീര്‍ത്ത വീടുകളൊക്കെയുള്ള ഗ്രാമം. ധാരാളം ഈത്തപ്പന തോട്ടങ്ങളും. മദീനയിലെ മനുഷ്യര്‍ പൊതുവെ സ്നേഹ സമ്പന്നരും ക്ഷമാശീലരുമാണ്. മദീനയിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന സമാധാനം അനുഭവിച്ചവര്‍ക്കറിയാം. ഗ്രാമത്തിലെ പള്ളിയുടെ താക്കോല്‍ സുബൈറിന്റെ സഹോദരന്റെ കൈവശമായിരുന്നു. ഞങ്ങളെത്തിയ ശേഷമാണ് പള്ളി തുറന്നത്. സുബൈറിന്റെ സഹോദരന്‍ വേറെയും സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. എല്ലാവരും എത്തിയ ശേഷം ആ പെരുന്നാളിന്റെ ഉച്ച ഭക്ഷണം. കൊച്ചിയിലെ കായിക്കയുടെ രുചി ഓര്‍മിപ്പിച്ച നല്ല മട്ടന്‍ ബിരിയാണി. ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം സുബൈറിന്റെ കൂട്ടുകാരനെ കാണാന്‍ യാത്ര. ഇപ്രാവശ്യം എ.സി യൊന്നും ഇല്ലാത്ത ഒരു പഴയ ക്രസിഡ കാറാണ് കിട്ടിയത്. വഴിയില്‍ നമസ്‌കാരത്തിന് നിര്‍ത്തി. ചായ കുടിക്കണമെന്ന് പറഞ്ഞപ്പോള്‍ അള്ളാഹുവിന്റെ വിധിയുണ്ടെങ്കില്‍ തന്റെ മുറിയില്‍ ചായയും ഈത്തപ്പഴവും റെഡിയായിരിക്കുമെന്ന് സുബൈര്‍. സുബൈറും കാണാന്‍ പോകുന്ന അയാളുടെ സുഹൃത്തുമൊക്കെ അപ്പോഴേക്കും ഒരു ദുരൂഹതയായി എന്നെ വലയം ചെയ്തു കഴിഞ്ഞിരുന്നു.
വളവുകളും തിരിവുകളും പിന്നിട്ട് മദീനയിലെ മറ്റൊരു വിദൂര ഗ്രാമത്തിലെത്തി. അവിടെ ഒരു അപ്പാര്‍ട്ട്മെന്റിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഇറങ്ങി വരൂ, ഇവിടെയാണ് ഞാനും എന്റെ കൂട്ടുകാരനും താമസിക്കുന്നത്. അപ്പാര്‍ട്ടമെന്റിലേക്ക് കയറി. മനോഹരമായ ഒരു മുറിയാണ് സുബൈറിന്റേത്. അവിടെ അയാള്‍ പറഞ്ഞതു പോലെ വെള്ള നിറമുള്ള ഫല്‍സ്‌കില്‍ ചായയും ഒരു പാത്രം നിറയെ ഈത്തപ്പഴവും റെഡി. എവിടെ കൂട്ടുകാരന്‍ ? ചായ കുടിക്ക് കാണാം. ചായ കുടിച്ച് ഏറെ നേരം കഴിഞ്ഞിട്ടും കൂട്ടുകാരന്‍ മാത്രം വന്നില്ല. സുബൈറാകട്ടെ കഥകളുടെ ലോകത്തായിരുന്നു. അയാളുടെ ജീവിത കഥ. പ്രാരാബ്ദങ്ങള്‍ , അയാള്‍ പിന്നിട്ട വഴികള്‍ അങ്ങനെ പല കഥകള്‍. അല്‍പം കഴിഞ്ഞപ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്ന് അഹമ്മദ് എന്ന് ആരൊ നീട്ടി വിളിച്ചു. അതോടെ കഥ നിര്‍ത്തി സുബൈര്‍ ചാടിയെഴുന്നേറ്റു. കൂട്ടുകാരന്‍ വിളിക്കുന്നു. ഇതോടെ എന്നില്‍ നിറഞ്ഞിരുന്ന ദുരൂഹത ആകാംക്ഷയായി മാറി. വാ നമുക്ക് കാണാം. ഞാനും സുബൈറും ശബ്ദം കേട്ട മുറിയിലേക്ക് കയറി. ആ മുറിയില്‍ ദീര്‍ഘകായനും സുന്ദരനുമായ ഒരു അറബി കട്ടിലില്‍ കിടന്നിരുന്നു. ഇതാ ഇതാണെന്റെ കൂട്ടുകാരന്‍. ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞു.
ഓര്‍മകള്‍ നഷ്ടപ്പെട്ട ആ അറബിക്ക് ചലന ശേഷിയും കുറവ്. സുബൈറിന്റെ കൂട്ടുകാരനെ കുറിച്ചുള്ള അറിവുകള്‍ എന്നെ ഞെട്ടിച്ചു. അപ്പോള്‍ സുബൈര്‍ പറഞ്ഞു, ഞാന്‍ ഇദ്ദേഹത്തിനു പരിചാരകനല്ല, എനിക്ക് അദ്ദേഹം ഓര്‍മകളറ്റു കിടക്കുന്ന രോഗിയുമല്ല. കൂട്ടുകാരനാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. അതി സമ്പന്നനാണ് അദ്ദേഹം. മക്കളൊക്കെ അടുത്തടുത്ത അപ്പാര്‍ട്ട്മെന്റുകളില്‍ തന്നെയാണ് താമസം. അവര്‍ ദിവസവും വരും. ബാബയെ കാണും. ബാബ ആരെയും തിരിച്ചറിയില്ല. വെറുതെ സ്നേഹത്തോടെ നോക്കും. വലിയ തോട്ടങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഉടമയായിരുന്നു താനെന്ന് അദ്ദേഹം ഇപ്പോഴറിയുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സര്‍വ ഭൗതിക സമ്പാദ്യങ്ങളും ബന്ധങ്ങളും മാഞ്ഞു പോയിരിക്കുന്നു. തന്റെ ഈത്തപ്പന തോട്ടങ്ങളും അറ്റം കാണാത്ത ഭൂമികളും വലിയ കെട്ടിടങ്ങളും എല്ലാം അദ്ദേഹത്തിന് ഇപ്പോള്‍ മങ്ങിയ കാഴ്ചകള്‍ പോലുമല്ല. സുബൈറാണ് എല്ലാ കാര്യവും ചെയ്തു കൊടുക്കുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വരെ സഹായം വേണം. ആ കണ്ണുകളിലെ തിളക്കം പക്ഷെ നഷ്ടപ്പെട്ടിരുന്നില്ല. മുഖത്തെ ചൈതന്യവും. എല്ലാ ലിഖിതങ്ങളും കാഴ്ചകളും കണക്കു കൂട്ടലുകളും മാഞ്ഞു പോയ മനസുമായി അങ്ങനെ കിടക്കുകയാണ് അദ്ദേഹം. ഏറെ നേരം ഞാന്‍ അദ്ദേഹത്തെ നോക്കി നിന്നു. മനുഷ്യന്റെ അങ്ങേയറ്റത്തെ നിസഹായാവസ്ഥ. പ്രതിസന്ധികളില്‍ പതറി പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. കടുത്ത മാനസിക സംഘര്‍ഷത്തിന്റെ മാറാപ്പുമായി മദീനയിലേക്ക് പുറപ്പെട്ട എന്റെ മനസ് സുബൈറിനോടും കൂട്ടുകാരനോടും യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വസ്ഥമായിരുന്നു. കൃത്യമായ ഓര്‍മകളുമായി ഓരോ നിമിഷവും അടയാളപ്പെടുത്തി കൊണ്ട് ഞാന്‍ ഇപ്പോഴും ജീവിക്കുന്നുണ്ടല്ലോ .