മനാമ: മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ഫെബ്രുവരിയില്‍ ബഹ്‌റൈന്‍ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പന്ത്രണ്ടു വാഗ്ദാനങ്ങള്‍ നടപ്പാക്കുവാന്‍ നടപടിയെടുക്കണമെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി കെ .സി .ഫിലിപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പൊതുയോഗത്തില്‍ വെച്ചാണ് മോഹന വാഗ്ദാനങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കിയത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഇത് പ്രവാസി മലയാളികളെ പറഞ്ഞു പറ്റിക്കുന്നതിനു തുല്യമാണ്. യാതൊരു ആള്‍മാര്‍ത്ഥതയും ഇല്ലാതെ കൈയ്യടി വാങ്ങാന്‍ വേണ്ടി മാത്രമാണോ മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത് എന്ന് വ്യക്തമാക്കണമെന്നു പ്രസ്താവനയില്‍ പറഞ്ഞു. പന്ത്രണ്ടു വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ പ്രഖ്യാപിച്ചത്.
1. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള പബ്‌ളിക് സ്‌കൂളുകള്‍, സാങ്കേതിക,ആര്‍ട്‌സ് കോളജുകള്‍.
2. ഗള്‍ഫ് തൊഴില്‍ അന്വേഷകര്‍ക്കായി ജോബ് പോര്‍ട്ടല്‍.
3. പ്രവാസികള്‍ക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് നിക്ഷേപ ബോര്‍ഡ്.
4. മൃതദേഹം കൊണ്ടുപോകാനും അവശനിലയിലായവരെ നാട്ടിലത്തെിക്കാനും മുന്‍കയ്യെടുക്കുന്ന സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ധനസഹായം പരിഗണിക്കും.
5. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസമെങ്കിലും ധനസഹായം നല്‍കാനാകുമോ എന്ന കാര്യം
6. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍
7.നോര്‍കയുടെ കാലോചിതമായ പരിഷ്‌കരണം.
8.സംരംഭങ്ങള്‍ തുടങ്ങാനും വീടുവെക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കല്‍.
9. തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കല്‍.
10. ഗള്‍ഫില്‍ മലയാളി നിയമബിരുദ ധാരികളുടെ പാനലുണ്ടാക്കി ലീഗല്‍ എയ്ഡ് സെല്‍ വഴി നിയമസഹായം ലഭ്യമാക്കല്‍.
11. ഭാരിച്ച ചികിത്സാ ചെലവ് പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള ക്‌ളിനിക്കുകള്‍.
12. നിയമന തട്ടിപ്പ് തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍.
നോര്‍ക്കയുടെ പ്രവര്‍ത്തങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും, നിയമ സഹായത്തിന് ഒരു വക്കിലിനു ചുമതല കൊടുത്തതും ഒഴിച്ച് ഒരു കാര്യങ്ങളും നടപ്പാക്കിയിട്ടില്ല. ഇത് പ്രവാസി വിഷയങ്ങളിലുള്ള തികഞ്ഞ അവഗണനയായി മാത്രമേ കാണാന്‍ കഴിയൂ. കോടികള്‍ പൊടിച്ചു നടത്തുന്ന ലോകകേരള സഭാ സമ്മേളനം ചില വ്യക്തികള്‍ക്കല്ലാതെ സാധാരണ പ്രവാസികള്‍ക്ക് ഏതെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ലോക കേരള സഭയില്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയെയും,സര്‍ക്കാരിനെയും സ്തുതി പാടി തിരിച്ചു പോരാതെ ഇത്തരം വാഗ്ദാന ലംഘനങ്ങള്‍ ഉന്നയിക്കുവാന്‍ തയ്യാറാകണമെന്നും ഫിലിപ്പ് ആവശ്യപ്പെട്ടു.