മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം സെക്‌സ് റാക്കറ്റില്‍നിന്ന് രക്ഷപ്പെട്ട മലയാളി യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു. തന്നെ ഏതുവിധേനയും നാട്ടിലെത്തിക്കണമെന്നാണ് യുവതിയുടെ ആവശ്യം. മലയാളികളാല്‍ വഞ്ചിക്കപ്പെട്ട് ബഹ്‌റൈനിലെത്തിയ കൊല്ലം സ്വദേശിയായ യുവതിയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സഹായത്താല്‍ യുവതി രക്ഷപ്പെട്ടത്.
തന്റെ കൂട്ടുകാരി നല്‍കിയ വിസയിലാണ് ബഹ്‌റൈനിലെത്തിയതെന്നും സലൂണില്‍ ജോലിക്കെന്നു പറഞ്ഞാണ് തനിക്ക് വിസ നല്‍കിയതെന്നും യുവതി പറയുന്നു. പിന്നീട് ബഹ്‌റൈനിലെത്തിയപ്പോള്‍ യുവതിയുടെ കൂട്ടുകാരി പറഞ്ഞത്, ആദ്യം ചില ഫ്‌ളാറ്റുകളില്‍ പോയി ജോലി ചെയ്യണമെന്നാണ്. അതിനായി ഒരു സലൂണില്‍ പോയി ഒരുങ്ങിവരേണ്ടതുണ്ടെന്നു പറഞ്ഞ് യുവതിയെ സലൂണിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി സലൂണിലെ ജീവനക്കാരോട് കാര്യം വിശദീകരിച്ചപ്പോള്‍ ജീവനക്കാര്‍ ഏതാനും സാമൂഹികപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും സാമൂഹികപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി യുവതിയെ രക്ഷിക്കുകയും വിസ നല്‍കിയ കൂട്ടുകാരിയേയും ഇതിന് ഒത്താശ നല്‍കിയ മറ്റൊരു മലയാളി യുവാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും പോലീസിന്റെയും അവസരോചിതമായ ഇടപെടലാണ് യുവതിക്ക് രക്ഷയായത്.
Content Highlights: malayali woman rescued from sex racket in bahrain, rehabilitated in shelter home