മനാമ: ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ 2020 -2021 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാല്‍ നദ്വി ഇരിങ്ങല്‍ പ്രസിഡന്റായും എം.എം സുബൈര്‍ ജന. സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി സഈദ് റമദാന്‍ നദ് വി, ഇ.കെ സലീം എന്നിവരും അസി. ജനറല്‍ സെക്രട്ടറിയായി എം. അബ്ബാസിനേയും തെരഞ്ഞെടുത്തു. അന്‍വര്‍ സാജിദ്, സക്കീന അബ്ബാസ്, ജമീല ഇബ്രാഹിം, വി. പി ഷൗക്കത്തലി, പി.പി ജാസിര്‍, അലി അഷ് റഫ്, സി എം മുഹമ്മദലി, മുഹമ്മദ് ഷാജി, എം. ബദ്‌റുദ്ദീന്‍, എ. അഹ്മദ് റഫീഖ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ട ജമാല്‍ നദ്വി കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്‍ സ്വദേശിയാണ്.
ലഖ്‌നോവിലെ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദവും അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്ന് ഇസ്ലാമിക തത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പലിശ വിരുദ്ധ സമിതി ചെയര്‍മാനും ഗള്‍ഫ് മാധ്യമം ബഹ്‌റൈന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമാണ്. വെസ്റ്റ് റിഫയിലെ ദിശ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ക്കിങ് ജനറല്‍ ബോഡി അംഗങ്ങള്‍ പങ്കെടുത്തു.