ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീയ്ക്ക് ഏപ്രില്‍ 14ന് തുടക്കം


By അശോക് കുമാര്‍

2 min read
Read later
Print
Share

ഫോര്‍മുലാ വണ്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് ഇത്തവണയും ഓണ്‍ അറൈവല്‍ വിസ സൗജന്യമായി അനുവദിക്കും.

മനാമ: ബഹ്‌റൈനില്‍ ഇത്തവണത്തെ ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീ ഏപ്രില്‍ 14,15,16 തീയതികളില്‍ അരങ്ങേറും. ആകെയുള്ള 21 റെയ്‌സുകളില്‍ എട്ടാമത്തേതാണ് ബഹ്‌റൈനില്‍ അരങ്ങേറുക. ഗ്രാന്‍പ്രീ തുടങ്ങുന്നതിന് ഒരു മാസം മുമ്പു മുതല്‍ക്കുതന്നെ സര്‍ക്യൂട്ടില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നത് ഈ വര്‍ഷത്തെ ഗ്രാന്‍പ്രീയുടെ പ്രത്യേകതയാണെന്ന് സംഘാടകരായ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഷെറീഫ് അല്‍ മെഹ്ദി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോകപ്രശസ്ത സംതീതജ്ഞന്‍ ബ്രയന്‍ ആഡംസിന്റെ സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചലിക്കുന്ന 24 ഡിനോസറുകളും ഐസ് ഏയ്ജ് ടെന്റും സര്‍ക്യൂട്ടില്‍ ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ പരിപാടികളാണ് ഇത്തവണത്തേത്. ഫോര്‍മുലാ വണ്‍ കാര്‍ റാലി രാജ്യത്തിന് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കുന്നതായി സംഘാടകര്‍ പറഞ്ഞു. രാജ്യത്തെ ടൂറിസം മേഖലക്ക് ഒരു ഉണര്‍വ്വു വരുന്നത് ഗ്രാന്റ് പ്രീ അരങ്ങേറുമ്പോഴാണ്. ഹോട്ടല്‍ മുറികളില്‍ എണ്‍പതു ശതമാനം ബുക്കിംഗ് ആണ് കഴിഞ്ഞ ഫോര്‍മുലാ വണ്ണിന് രേഖപ്പെടുത്തിയതെന്നത് ഇതിന് പ്രത്യക്ഷോദാഹരണമാണ്. ഗ്രാന്‍ഡ്പ്രീയിലൂടെ നാലായിരത്തോളം പേര്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും വര്‍ഷം തോറും ജോലി ലഭിക്കുന്നത്.

ഫോര്‍മുലാ വണ്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് ഇത്തവണയും ഓണ്‍ അറൈവല്‍വിസ സൗജന്യമായി അനുവദിക്കും. ബഹ്‌റൈനില്‍ ഇറങ്ങുന്നതുമുതല്‍ രണ്ടാഴ്ച കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായിരിക്കും അനുവദിക്കുക. അതേസമയം ജി.37 ഗ്രൂപ്പില്‍പ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു മാത്രമാണ് ഓണ്‍ അറൈവല്‍ വിസാ സൗകര്യമുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ സൗജന്യമായി അനുവദിക്കുമെങ്കിലും ഏതെങ്കിലും സ്‌പോണ്‍സര്‍മാര്‍ വഴിയോ ഹോട്ടലുകള്‍ വഴിയോ വിസക്ക് അപേക്ഷ നല്‍കേണ്ടിവരും. ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നതെന്നും മറ്റുമുള്ള പൂര്‍ണ്ണവിവരങ്ങള്‍ ബഹ്‌റൈന്‍ ഗ്രാന്റ്പ്രീയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നു ഫോര്‍മുലാവണ്‍ ടിക്കറ്റുമായി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന ആര്‍ക്കും സൗജന്യ വിസ അനുവദിക്കും. ഇത്തരത്തില്‍ അനുവദിക്കുന്ന വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്യുകയില്ല. വിസയുടെ പ്രിന്റ്ഔട്ട് നല്‍കുകയാണു ചെയ്യയുന്നത്. ഈ വിസയുടെ കാലാവധി നീട്ടിക്കിട്ടുകയുമില്ല. യാത്രക്കാരന് തിരിച്ചുപോകാനുള്ള ടിക്കറ്റും കയ്യില്‍ കരുതണം.

ഇത്തവണത്തെ ഫോര്‍മുലാവണ്‍ ഗ്രാന്റ് പ്രീ വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ബഹ്‌റൈന്‍ 2004ല്‍ ഫോര്‍മുലാവണ്ണിന് ആതിഥ്യമരുളിയതു മുതല്‍ നടക്കുന്ന ഓരോ ഗ്രാന്റ് പ്രീകളിലും കാണികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഫോര്‍മുലാ വണ്‍ സംഘടിപ്പിക്കുന്നതില്‍ ബഹ്‌റൈന്റെ സംഘാടക പാടവം അഭിനന്ദനീയമാണെന്ന് വിവിധ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം വിലയിരുത്തിയത് സംഘാടകര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നടന്മാരായ സല്‍മാന്‍ ഖാന്‍, സയ്യിദ് ഖാന്‍, ക്രിക്കറ്റുതാരങ്ങളായ യുവ്‌രാജ്‌സിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ ഇന്ത്യയില്‍നിന്ന് എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സെലിബ്രിറ്റികളാരും പങ്കെടുക്കുന്നതായി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram