മനാമ: ഒരു മതവും വര്‍ഗീയതയെ അനുകൂലിക്കുന്നില്ലെന്നും മതത്തെ വര്‍ഗീയമായി ചിത്രീകരിച്ചു കൊണ്ട് രാഷ്ട്രീയ ലാഭമുണ്ടാകാനാണ് ബിജെപി സംഘ പരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വേങ്ങര എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍. ഹമദ് ടൗണ്‍ കാനൂ മജ്‌ലിസില്‍ ബഹ്റൈന്‍ കെഎംസിസി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'മാനവീയം 2019' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത ഉപയോഗിച്ചുള്ള ബിജെപിയുടെ ഈ രാഷ്ട്രീയ വളര്‍ച്ച താമസിയാതെ താഴേക്കു തന്നെ നിലം പതിക്കുമെന്നും ഭൂരിപക്ഷ നിക്ഷ്പക്ഷ ചിന്താഗതിക്കാരില്‍ നിന്നും ഒരു തിരിച്ചടി കിട്ടുന്നത് വരെയുള്ള കയറ്റമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതേതര പാര്‍ട്ടികളുടെ ഒന്നിക്കല്‍ അനിവാര്യമായ സാഹചര്യമാണ് നിലവിലെന്നും ചെറുപാര്‍ട്ടികള്‍ക്കു അതില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മാനവീയം പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. കാനൂ മസ്ജിദ് ഇമാം ശൈഖ് അബ്ദുല്‍ ജലാല്‍, ഹമദ് ടൗണ്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ യൂസുഫ് മഹമ്മീദ്, സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫക്രുദീന്‍ തങ്ങള്‍, കെഎംസിസി ബഹ്റൈന്‍ ട്രഷറര്‍ ഹബീബ് റഹ്മാന്‍, കെഎംസിസി ബഹ്റൈന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.പി മുസ്തഫ, ഒ ഐ സി സി ബഹ്റൈന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രവാസലോകത്തെ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി റോണാ കരീം ഹാജിയെയും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സലാം മമ്പാട്ടുമൂലയെയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ഹമദ് ടൗണ്‍ കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് ഉസ്മാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു.