മനാമ: ഏപ്രില്‍ ആറ് മുതല്‍ എട്ട് വരെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കാനിരിക്കുന്ന ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീ വീക്ഷിക്കാനെത്തുന്നവരെ വരവേല്‍ക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വിമാനത്താവള അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം, ഗള്‍ഫ് എയര്‍, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസ്, ഇമിഗ്രേഷന്‍, കസ്റ്റംസ് അഫയേഴ്‌സ്, ബഹ്‌റൈന്‍ ലിമോ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഓഫീസര്‍ മൈക്കിള്‍ ഹൊഹന്‍ബര്‍ഗര്‍ പറഞ്ഞു. ലക്ഷക്കണക്കിനു ടണ്‍ കാര്‍ഗോ ആണ് ഓരോ വര്‍ഷവും ഫോര്‍മുലാ വണ്ണുമായി ബന്ധപ്പെട്ട് രാജ്യത്തെത്താറുള്ളത്.
സര്‍ക്യൂട്ടിലേക്കുള്ള റോഡുകളില്‍ നിയമപാലകരെ പ്രത്യേകമായി നിയോഗിക്കും. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസിലെ ആയിരത്തോളം ജീവനക്കാര്‍ രാപകലില്ലാതെ വിമാനത്താവളത്തില്‍ ഫോര്‍മുലാ വണ്ണിനെത്തുന്നവരെ സ്വീകരിക്കും. റാലി വീക്ഷിക്കാനെത്തുന്നവര്‍ക്കു എളുപ്പത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും.
ഇരുപത്തിനാലു മണിക്കൂറും വിമാനത്താവളത്തില്‍നിന്ന് സര്‍ക്യൂട്ടിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഏര്‍പ്പെടുത്തും. സര്‍ക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വണ്‍ വില്ലേജില്‍ കാണികള്‍ക്കായി വിനോദപരിപാടികള്‍ ഇത്തവണയും ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സെലബ്രിറ്റികള്‍ ഫൈനല്‍ ദിവസമായ ഏപ്രില്‍ ആറിന് റാലി വീക്ഷിക്കാനെത്തും. പ്രശസ്തരായ നൃത്ത-സംഗീതകാരന്മാരും രാജ്യത്തെത്തുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കളും ഫൈനല്‍ ദിവസത്തിലാകും വീക്ഷിക്കാനെത്തുക.
ട്രാഫിക് സംവിധാനങ്ങളില്‍ പാളിച്ചയുണ്ടാകാതിരിക്കുവാനുള്ള മുന്‍കരുതലുകളും അധികൃതര്‍ എടുത്തിട്ടുണ്ട്. ഫോര്‍മുലാ വണ്‍ വീക്ഷിക്കാനെത്തുന്ന 115 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇത്തവണയും ഓണ്‍ലൈന്‍ വിസ അനുവദിക്കും. ഫോര്‍മുലാ വണ്‍ ടിക്കറ്റുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഉടനടി സന്ദര്‍ശകവിസ നല്‍കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിസ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. അങ്ങിനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 93,000 പേരാണ് ഫോര്‍മുലാ വണ്‍ വീക്ഷിക്കാനെത്തിയത്. കൂടാതെനൂറുകണക്കിനു വിദേശ മാധ്യമപ്രവര്‍ത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോര്‍ട്ടു ചെയ്യുവാനായി രാജ്യത്തെത്താറുള്ളത്.. ഫോര്‍മുലാ വണ്‍ കാര്‍ റാലി രാജ്യത്തിന് വന്‍ സാമ്പത്തികനേട്ടം കൈവരിക്കുന്നുണ്ട്.
രാജ്യത്തെ ടൂറിസം മേഖലക്ക് ഒരു ഉണര്‍വ്വു വന്നത് ഗ്രാന്റ്പ്രീ അരങ്ങേറിയപ്പോഴായിരുന്നുവെന്നും ഹോട്ടല്‍ മുറികളില്‍ ഓരോ വര്‍ഷവും ബുക്കിംഗ് വര്‍ദ്ധിച്ചുവരികയാണെന്നും വിലയിരുത്തപ്പെടുന്നു. ഗ്രാന്‍ഡ്പ്രീയിലൂടെ നാലായിരത്തിലേറെപ്പേര്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും വര്‍ഷം തോറും ജോലി ലഭിക്കുന്നത്. ഫോര്‍മുലാ വണ്‍ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്ത് ടൂറിസം, വാണിജ്യം, വ്യവസായം തുടങ്ങി നിരവധി മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ച്ചയുണ്ടായി എന്നും ശ്രദ്ധേയമാണ്.