കോഴിക്കോട്: പ്രായമാവുമ്പോള്‍ വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ വഴിയിലുപേക്ഷിക്കുന്ന മക്കള്‍ കോഴിക്കോട് പൂവാട്ടുപറമ്പിലെ പുല്‍പറമ്പില്‍ വിഷ്ണു നമ്പൂതിരിയെ ഒന്ന് തൊഴുത് വന്ദിക്കണം. തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് പൂവാട്ട് പറമ്പിലെ മുപ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയും കെട്ടിടവുമാണ് അമ്മ ഉണ്ണിമായ അന്തര്‍ജനത്തിന്റെ ഓര്‍മയ്ക്കായി വിഷ്ണു നമ്പൂതിരി നാട്ടിലെ ഒരു പാലിയേറ്റീവ് സെന്ററിന് ദാനം ചെയ്തത്. ഇതൊരു മേനി പറയലെങ്കിലും മരണാനന്തര ചടങ്ങും അടിയന്തരവും കഴിഞ്ഞാല്‍ എല്ലാം മറക്കുന്നവര്‍ക്ക് വിഷ്ണു നമ്പൂതിരി ഒരു സ്റ്റാര്‍ തന്നെയാണ്.
താന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന അമ്മയെ അവസാനകാലത്ത് ചികിത്സിച്ച് പോന്ന നാട്ടിലെ പൂവാട്ട് പറമ്പ് പാലിയേറ്റീവ് കെയറിനാണ് മൂന്നര സെന്റ് സ്ഥലവും കെട്ടിടവും അടങ്ങുന്ന സ്വത്ത് വിഷ്ണു നമ്പൂതിരി നല്‍കിയത്. അവസാന കാലത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ രോഗാവസ്ഥയിലായ അമ്മയ്ക്ക് അത്രമേല്‍ കരുതലായിരുന്നു അന്ന് പൂവാട്ട് പറമ്പ് പാലിയേറ്റീവ് കെയര്‍ നല്‍കിയത്.
പുറത്തിറങ്ങണമെന്നും ആളുകളെ കാണണമെന്നുമെല്ലാം അമ്മ ആഗ്രഹിച്ചിരുന്നുവെങ്കിലും രോഗാവസ്ഥ അതിന് സമ്മതിച്ചിരുന്നില്ല. എങ്കിലും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹവും കരുതലും അമ്മയ്ക്ക് ഏറെ ആശ്വാസമായിരുന്നുവെന്ന് വിഷ്ണു നമ്പൂതിരി പറയുന്നു. തുടര്‍ന്നാണ് അമ്മയുടെ ഓര്‍മയ്ക്കായി പാലിയേറ്റീവ് സെന്ററിനായി എന്തെങ്കിലും ചെയ്ത് നല്‍കണം എന്ന തീരുമാനത്തിലേക്ക് വിഷ്ണു നമ്പൂതിരിയെത്തിയത്.
അമ്മ മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഭൂമി നല്‍കണമെന്ന ഏറെ നാളായുള്ള ആഗ്രഹം മകള്‍ ഗായത്രിയുടെ വിവഹത്തോടനുബന്ധിച്ച് പൂര്‍ത്തീകരിക്കുകയായിരുന്നു. ആയുര്‍വേദ ഡോക്ടറാണ് മകള്‍ ഗായത്രി. പാലിയേറ്റീവ് കെയറിന് ലഭിച്ച മൂന്നര സെന്റ് സ്ഥലത്ത് കിടപ്പിലായ രോഗികള്‍ക്കായുള്ള ഡേകെയര്‍ സെന്റര്‍ പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറഞ്ഞു. വിഷ്ണു നമ്പൂതിരിയുടെ അമ്മ ഉണ്ണിമായ അന്തര്‍ജനത്തിന്റെ പേരിലായിരിക്കും ഡേ കെയര്‍ സെന്റര്‍.
കെട്ടിടം പണി പൂര്‍ത്തിയാട്ടില്ലെങ്കിലും ഇത് ഉടന്‍ പൂര്‍ത്തിയാക്കി ഡേകെയര്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാനാണ് ബന്ധപ്പെട്ടവര്‍ ഉദ്ദേശിക്കുന്നത്.
വിഷ്ണു നമ്പൂതിരിയുടെ തീരുമാനത്തിന് വീട്ടുകാരുടേയും പിന്തുണ ലഭിച്ചതോടെ മകളുടെ കല്യാണ ദിവസം തന്നെ കെട്ടിടവും സ്ഥലവും കൈമാറുകയായിരുന്നു. ഭാര്യ വി.ടി ശ്രീദേവിയും മകള്‍ ഗായത്രിയും പുതുമണവാളന്‍ റിഷികേഷും, ഇളയമകന്‍ പ്രയാഗും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും പാലിയേറ്റീവ് കെയറിന് കൈമാറിയത്.
വിഷ്ണു നമ്പൂതിരിയുടേയും ശ്രീദേവിയുടേയും മൂത്തമകളാണ് ഗായത്രി. ആലുവ സിന്‍ഡിക്കേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനാണ് ഗായത്രിയുടെ ഭര്‍ത്താവ് റിഷികേഷ്. കോഴിക്കോട് നഗരത്തിലെ ടയര്‍ കമ്പനിയുടെ ഡീലറായ വിഷ്ണു നമ്പൂതിരി പൂവാട്ട്പറമ്പ് പാലിയേറ്റീവ് കെയറിന്റെ ആദ്യ കാല പ്രവര്‍ത്തകന്‍ കൂടിയാണ്
Content Highlights:Father Gave 30 Lac Value Land For palliative Care