കോയമ്പത്തൂർ: കൈക്കൂലി കൊടുത്തിട്ടാണെങ്കിലും കാര്യം സാധിച്ചതിൽ സന്തോഷിക്കുന്നവരുണ്ട്. ഒന്നും കൊടുക്കാതെ കാര്യം നടന്നാൽ അതിലേറെ സന്തോഷം. തിരുപ്പൂരിലെ ഇച്ചിപ്പട്ടി ഗ്രാമത്തിലെ നൂറോളം പേരുടെ ‘കണ്ണ് നിറഞ്ഞത്’ വെറുതേയല്ല. അവർ കൈക്കൂലി കൊടുത്തു, കാര്യവും നടന്നു. മൂന്നുവർഷം കഴിഞ്ഞ്, കൈക്കൂലിയായി നൽകിയ തുക തിരിച്ചുകിട്ടുകയും ചെയ്തു. വൈകിയാണെങ്കിലും ഒരു നല്ലകാര്യം ചെയ്ത സന്തോഷം അധികൃതർക്കുമുണ്ട്.
തിരുപ്പൂർ പല്ലടം ബ്ലോക്ക് പരിധിയിൽ സ്വച്ഛ് ഭാരത് മിഷനിൽ കക്കൂസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. 2016-ൽ പദ്ധതിയുടെ മോട്ടിവേറ്ററായി പ്രവർത്തിച്ചിരുന്ന സത്യ എന്നയാള്‍ കക്കൂസ് അനുവദിക്കുന്നതിന്റെ പേരിൽ ഗുണഭോക്താക്കളിൽനിന്ന് 1500 മുതൽ 2000 വരെ രൂപ കൈക്കൂലിയായി വാങ്ങി. കക്കൂസ് നിർമിച്ചശേഷം സബ്‌സിഡിക്കൊപ്പം തിരിച്ചുകിട്ടുമെന്നു പറഞ്ഞായിരുന്നു നിയമവിരുദ്ധമായി തുക വാങ്ങിയത്.
12,000 രൂപയാണ് ഒരു ഗുണഭോക്താവിന് സബ്‌സിഡിയായി ലഭിക്കുക. ചില പരാതികളെത്തുടർന്ന് ബ്ലോക്ക് അധികൃതർ സ്ഥലം സന്ദർശിച്ചതോടെ കൈക്കൂലിക്കഥ പുറത്തായി. 150-ലധികം പേരിൽനിന്ന് പണം വാങ്ങിയെന്ന് ആരോപണമുണ്ട്. പൊതുപ്രവർത്തകൻ കെ. മുത്തുകുമാരസ്വാമിയുടെ നേതൃത്വത്തിൽ 92 കുടുംബങ്ങൾ പരാതി നൽകി. ഇവർക്കെല്ലാമായി ഒന്നരലക്ഷത്തോളം രൂപയാണ് വീടുകളിലെത്തിച്ചു നൽകിയിരിക്കുന്നത്.
സത്യയെ ഒന്നര വർഷംമുമ്പ് ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇൻസെന്റീവ് ഇനത്തിൽ സത്യയ്ക്കു നൽകാനുണ്ടായിരുന്ന തുകയിൽനിന്നാണ് ഗുണഭോക്താക്കളുടെ പണം തിരിച്ചുനൽകിയത്. ബ്ലോക്ക് കോ-ഓർഡിനേറ്റർ മഹേശ്വരി വീട്ടിലെത്തി ഓരോരുത്തർക്കും തുക കൈമാറുകയായിരുന്നു. സത്യയ്ക്കെതിരേ പോലീസിൽ പരാതി നൽകുമെന്ന് അവർ അറിയിച്ചു.
പദ്ധതിയിൽ തുക പണമായി നൽകുന്നില്ല. ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുക. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാവുമെന്നും ജില്ലാ ഗ്രാമവികസന ഏജൻസി പ്രൊജക്ട് ഡയറക്ടർ രമേഷ് കുമാർ പറഞ്ഞു.
content highlights: people gets back money which they given as bribe