ബിസിനസ് ക്ലാസ് ടിക്കറ്റില്‍ വിമാനയാത്ര നടത്തുക എന്നത് ഒരു സാധാരണക്കാരന് ചിലപ്പോള്‍ ഒരു സ്വപ്‌നമായി തന്നെ അവശേഷിക്കാനാണ് സാധ്യത. എന്നാല്‍ 88 കാരിയായ വിമാനയാത്രക്കാരിയ്ക്ക് തന്റെ ബിസിനസ് ക്ലാസ് സീറ്റ് നല്‍കി പകരം അവരുടെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ തയ്യാറായ ജാക്ക് എന്ന ചെറുപ്പക്കാരന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അനുമോദനവും സ്‌നേഹവും നേടിക്കൊണ്ടിരിക്കുകയാണ്.
ജാക്കിന്റേയും എണ്‍പത്തെട്ടുകാരിയായ വയലറ്റിന്റേയും കഥ ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത് ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ ലിയ എമിയാണ്. 'ഏറ്റവും പ്രിയപ്പെട്ട രണ്ട് യാത്രക്കാര്‍' എന്ന് വിശേഷിപ്പിച്ചാണ് ലിയ ജാക്കിന്റേയും വയലറ്റിന്റേയും ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കുടുംബത്തോടൊപ്പമാണ് ജാക്ക് ന്യൂയോര്‍ക്കില്‍ നിന്ന് യാത്രയ്‌ക്കെത്തിയത്. വിമാനത്താവളത്തിലെ കാത്തിരിപ്പിനിടെയാണ് ജാക്ക് വയലറ്റുമായി സൗഹൃദത്തിലാവുന്നത്. മകളെ കാണാനായി വയലറ്റ് ഇടയ്ക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര നടത്താറുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ വയലറ്റിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല വിമാനത്തിന്റെ മുന്‍വശത്തെ സീറ്റുകളിലൊന്നിലിരുന്ന് യാത്ര ചെയ്യണമെന്നുള്ളത് വയലറ്റിന്റെ ആഗ്രഹവുമായിരുന്നു.
വിമാനത്തില്‍ കയറിയയുടന്‍ ജാക്ക് ഇക്കോണമി ക്ലാസില്‍ വയലറ്റിന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വയലറ്റിനോട് തന്റെ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംസാരത്തിനിടെ തനിക്ക് ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാനാഗ്രമുള്ള കാര്യം വയലറ്റ് സൂചിപ്പിച്ചിരുന്നു. അത് ഓര്‍ത്ത് വെച്ചാണ് ജാക്ക് തന്റെ സീറ്റ് വയലറ്റിന് വിട്ടു നല്‍കിയത്.
മുന്‍വശത്തിരുന്ന് യാത്ര ചെയ്യാനുള്ള ആഗ്രഹം നടന്നതോടെ വയലറ്റ് ഏറെ സന്തോഷവതിയായിയെന്ന് ലിയ പോസ്റ്റില്‍ പറയുന്നു. തന്റെ മകള്‍ ഒരിക്കലും വിശ്വസിക്കാനിടയില്ലെന്നും അതിനാല്‍ സെല്‍ഫി എടുക്കണമെന്ന് വയലറ്റ് ആവശ്യപ്പെട്ടെന്നും ലിയ കുറിച്ചു. വയലറ്റിന് ഫോണോ ഇ മെയില്‍ അഡ്രസോ ഇല്ലാത്തതിനാല്‍ ഫോട്ടോകള്‍ പോസ്റ്റലായി മകള്‍ക്കയച്ച് കൊടുക്കുമെന്നും ലിയയുടെ കുറിപ്പിലുണ്ട്.
ലിയയുടെ പോസ്റ്റിനോട് പതിനായിരക്കണക്കിനാളുകള്‍ പ്രതികരിച്ചു. നിരവധി പേര്‍ വയലറ്റിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ജാക്കിനെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.
Content Highlights: Man Gives Up His First-Class Seat To An 88 Year Old Lady