പാചകവാതകത്തിനൊക്കെ വില കൂടിക്കൂടി വരികയാണ്. അപ്പൊ ഇനി പാചകമൊക്കെ നോക്കിയും കണ്ടും വേണം ചെയ്യാന്‍. എന്നുവച്ച് ഒന്നും ഉണ്ടാക്കാതിരിക്കാനൊക്കുമോ അപ്പൊ പിന്നെ പരമാവധി ശ്രദ്ധിച്ച് പാചകവാതകം ലാഭിച്ച് ഉപയോഗിക്കാനുള്ള വഴികള്‍ അറിഞ്ഞിരിക്കുക എന്നതാണ് പോംവഴി.
പാചകവാതകം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. കറികള്‍ വയ്ക്കുമ്പോള്‍ പരമാവധി സ്റ്റീല്‍ പാത്രങ്ങളില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇതിന് ഒരു പരിധി വരെ ഇന്ധനത്തെ ലാഭിക്കാന്‍ കഴിയും.
സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്താല്‍ പാത്രം പെട്ടെന്ന് ചൂടുപിടിക്കുകയും ചൂട് കുറച്ചധികം നേരം പാത്രത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നതു കൊണ്ട് തീ കുറച്ചുവച്ച് ഇന്ധനം ലാഭിക്കുകയും ചെയ്യാം. മണ്‍പാത്രങ്ങളില്‍ പാചകം ചെയ്താലും ഈ പ്രയോജനം ലഭിക്കും.
ഇനി ശ്രദ്ധിക്കേണ്ടത് ആവശ്യമറിഞ്ഞ് പാത്രം ഉപയോഗിക്കുക എന്നതാണ്. തെര്‍മല്‍ കുക്കര്‍, പ്രഷര്‍ കുക്കര്‍ എന്നിവ ഉപയോഗിക്കുന്നത് പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാചകം ചെയ്യുമ്പോള്‍ പാത്രം അടച്ചുവച്ച് പാചകം ചെയ്യാന്‍ പരമാവധി ശ്രമിക്കുക. ആവിയില്‍ വിഭവം പെട്ടെന്ന് വെന്തു കിട്ടും.
ഇനി, പാചകത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ കൈ എത്തുന്നിടത്തു തന്നെ വയ്ക്കുക, എന്നിട്ട് വേണം പാചകം തുടങ്ങാന്‍. ഗ്യാസ് ഓണ്‍ ചെയ്ത ശേഷം പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ എടുക്കാന്‍ പോകരുത്. അതുപോലെതന്നെ, ഒരേ വേവുള്ള സാധനങ്ങള്‍ ഒരുമിച്ച് വേവിക്കാന്‍ ശ്രദ്ധിക്കുക.
അതുപോലെ തന്നെ പാചകത്തിനായി വെള്ളമെടുക്കുമ്പോള്‍ വേകാന്‍ ആവശ്യമായ വെള്ളം മാത്രം എടുക്കുക, അതിന്റെ കണക്ക് അറിഞ്ഞു വയ്ക്കുക. ധാന്യങ്ങള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം മാത്രം വേവിക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ വേഗം വെന്തുകിട്ടും. ഇത്തരത്തിലും ഇന്ധനം ലാഭിക്കാം. പാചകം തുടങ്ങുമ്പോള്‍ ഒഴികെ മറ്റു സമയത്ത് ചെറിയ തീയില്‍ അടച്ചുവച്ച് പാചകം ചെയ്യുന്നതാണ് നല്ലത്.
ഇനി, ഫ്രിഡ്ജില്‍ വച്ചിരുന്ന സാധനം പുറത്തെടുത്ത് ചൂടാക്കി കഴിക്കുമ്പോള്‍ അതിന്റെ തണുപ്പ് പോയ ശേഷം ചൂടാക്കിയെടുക്കുക. ചൂടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇതെടുത്ത് പുറത്തു വയ്ക്കുക. അപ്പോള്‍ തണുപ്പ് നന്നായി പോയിക്കിട്ടും. തണുപ്പോടുകൂടി ചൂടാക്കിയാല്‍ അത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.
ഇറച്ചി പെട്ടെന്ന് പാചകം ചെയ്യേണ്ടി വരുന്ന അവസരത്തില്‍ ഇറച്ചിയ്ക്ക് മുകളിലായി കുറച്ച് കല്ലുപ്പ് വിതറിക്കൊടുത്താല്‍ മതി ഇറച്ചിക്കഷണങ്ങള്‍ പെട്ടെന്ന് വിട്ടു കിട്ടും. എന്നിട്ട് ഈ പാത്രം വെള്ളം നിറച്ച മറ്റൊരു പാത്രത്തില്‍ ഇറക്കിവയ്ക്കുക. തണുപ്പ് പെട്ടെന്ന് പോയിക്കിട്ടും.
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ടി ഭക്ഷണം ചൂടാക്കേണ്ടി വരില്ല. അങ്ങനെയും പാചകവാതകം ലാഭിക്കാം. ഗ്യാസ് അടുപ്പിന് എന്തെങ്കിലും തരത്തിലുള്ള കേടുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കുക.
ഇനി അടുപ്പിന്റെ കാര്യം, തീ കത്തുന്നത് ഓറഞ്ചോ മഞ്ഞയോ നിറത്തിലാണെങ്കില്‍ അടുപ്പിന്റെ ബര്‍ണറില്‍ കരിയോ പുകയോ പൊടിയോ ഒക്കെ അടിഞ്ഞുകൂടി ബ്ലോക്കായ അവസ്ഥ ആയിരിക്കും. ഇത് ഇന്ധനനഷ്ടത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സര്‍വീസ് ചെയ്യിക്കുക.