നല്ലൊരു കട്ടൻകാപ്പിയോ കട്ടൻചായയോ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. തലസ്ഥാന നഗരത്തിലെ കട്ടൻ പ്രിയരുടെ തലസ്ഥാനമായി മാറുകയാണ് പൂജപ്പുരയിലെ 'ആഞ്ജനംസ് കട്ടൻ ഡിലൈറ്റ്'.
പൂജപ്പുര പാർക്കിന് അരികിലുള്ള ഈ ചെറിയ കടയിൽ അറുപതോളം ഇനം കട്ടൻ കിട്ടും. ചുക്കുകാപ്പി, തേൻ ചേർത്ത ഗ്രീൻടീ, ലെമൺടീ, ഐസ് ടീ തുടങ്ങി ശ്രീലങ്കൻ ചായ വരെ ഇവിടെ കിട്ടും.
ഒരു കുടുംബത്തിന്റെ ആവശ്യത്തിന് തികയുന്ന ഫാമിലി കട്ടനാണ് ഏറ്റവും വലിയ ആകർഷണം. ഇതിനു പുറമെ പാൽ ചേർക്കാത്ത ഷെയ്ക്കുകളും വെജിറ്റബിൾ ജ്യൂസുമുണ്ട്.
മറ്റെങ്ങും കിട്ടാത്ത ചീരവട, ഇലവട തുടങ്ങിയ പലഹാരങ്ങളും ഇവിടെ ലഭിക്കും. കപ്പയും ചമ്മന്തിയും, ശർക്കരയും തേങ്ങയും ചേർത്ത കൊഴുക്കട്ട തുടങ്ങിയ വിഭവങ്ങളുമുണ്ട്.
പ്രവാസിയായിരുന്ന വി.എസ്. സുനിൽകുമാർ എന്ന കരമന സ്വദേശിയാണ് കട നടത്തുന്നത്. പലഹാരക്കച്ചവടം നടത്തിയിരുന്ന അച്ഛന്റെ പാത പിന്തുടർന്നാണ് സുനിൽകുമാർ ഈ മേഖലയിലെത്തിയത്.
കട്ടനോടുള്ള ഇഷ്ടം കൂടിയായപ്പോൾ നഗരവാസികൾക്കായി ഏറെ പ്രത്യേകതയുള്ള ഒരു ഭക്ഷ്യയിടം തന്നെ ഒരുക്കിയെടുത്തു. ഇതേ മാതൃകയിൽ കരമനയിലും മണക്കാടും കടകൾ തുടങ്ങിയ ശേഷം ഒരു വർഷം മുമ്പാണ് പൂജപ്പുരയിലെ കട തുടങ്ങിയത്.
അഞ്ചു രൂപ മുതൽ 25 രൂപ വരെയാണ് കട്ടന്റെ വില. രാത്രി എട്ടു മണി മുതൽ 11വരെ മാത്രമേ കട തുറക്കുകയുള്ളൂ.