ഇത് അബ്ബാസിന്റെ ചായക്കട... എടവണ്ണയിലെ പത്തപ്പിരിയം തെച്ചിക്കാട്ടിലെ സാധാരണക്കാരായ ഗ്രാമവാസികളുടെ ഒത്തുചേരല്‍ കേന്ദ്രമാണിത്. ഇവിടെ ചായക്കിന്നും അഞ്ചു രൂപയാണ്.
കടയുടമയും പാചക്കാരനും ഒക്കെ അബ്ബാസ് എന്ന 70 വയസുകാരന്‍ തന്നെ. 40 കൊല്ലമാകുന്നു കട തുടങ്ങിയിട്ട്. പുലര്‍ച്ചെ ആറു മണിക്കു കട തുറന്നാല്‍ തുടങ്ങുന്ന തിരക്ക് പത്തുമണി വരെ തുടരും.
12 മണിയോടെ അടയ്ക്കുന്ന കട ഷാജഹാന്റെ ഉച്ചവിശ്രമം ഒക്കെ കഴിഞ്ഞ് മൂന്നുമണിയോടെ വീണ്ടും സജീവമാകും. പിന്നെ കട അടയ്ക്കുന്നത് രാത്രി ഒമ്പത് മണിക്ക്.
ചായമക്കാനികള്‍ നാടുനീങ്ങുന്ന കാലത്ത് ശേഷിക്കുന്ന കടകളിലെ കഥാപാത്രങ്ങള്‍ക്ക് കഥകളേറെ പറയാനുണ്ട്.
തുടക്കത്തില്‍ ഒരു ചായക്ക് 25 പൈസയായിരുന്നു. ഇപ്പോള്‍ അഞ്ചു രൂപയിലെത്തി. മറ്റിടങ്ങളില്‍ ഏഴും എട്ടും രൂപയൊക്കെയായി. കാലം മാറിയെങ്കിലും മാറാത്തത് ചായ ഗ്ലാസ് മാത്രം, അബ്ബാസ് പറയുന്നു.
പത്തപ്പിരിയം തെച്ചിക്കാട് ഭാഗങ്ങളില്‍ കാര്‍ഷിക രംഗത്തും മറ്റും നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്നു. മരാധിഷ്ഠിത വ്യവസായ ശാലകളിലും മറ്റും പണിയെടുക്കുന്ന മറുനാടന്‍ തൊഴിലാളികളും ഏറെ.
ഇവര്‍ക്കെല്ലാം അബ്ബാസിക്കായുടെ ചായമക്കാനിയാണ് ആശ്രയം. കട തുടങ്ങിയ കാലം മുതലേ മുടക്കമില്ലാതെ ചായ കുടിക്കാനെത്തുന്നവര്‍ ഏറെ. കുട്ടിക്കാലത്ത് വീട്ടിലെ മുതിര്‍ന്നവരുടെ കൈപിടിച്ചെത്തിയ ഓര്‍മകളിലാണ് യുവാക്കള്‍.